Quantcast

മരണക്കളിയിൽ മെസ്സിപ്പട ലോകജേതാക്കൾ; ഫ്രാൻസിന് തുടർകിരീട നഷ്ടം

എയ്ഞ്ചൽ ഡി മരിയയും പെനാൽറ്റിയിലൂടെ നായകൻ ലയണൽ മെസിയുമാണ് നീലപ്പടക്കായി ഗോളടിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-12-18 19:14:52.0

Published:

18 Dec 2022 1:44 PM GMT

മരണക്കളിയിൽ മെസ്സിപ്പട ലോകജേതാക്കൾ; ഫ്രാൻസിന് തുടർകിരീട നഷ്ടം
X

ദോഹ: കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലിൽ അർജൻറനീയ്ക്ക് വിജയം. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജൻറീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് മാർട്ടിനെസ് തടുത്തപ്പോൾ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വർഷത്തിന് ശേഷം ലോകകപ്പിൽ തുടർ കിരീടമെന്ന് ഫ്രാൻസിന്റെ സ്വപ്‌നം പൊലിഞ്ഞു.

ടൂർണമെൻറിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടി. എന്നാൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജൻറീനൻ നായകൻ അടിച്ചത്. എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജൻറീനയുടെ വല കാത്ത എമിലിയാനോ മാർട്ടിനെസിനാണ്.

ആദ്യ പകുതി മുതൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാൻസ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചൽ ഡി മരിയയും ലയണൽ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. പക്ഷേ അർജൻറീനയ്ക്ക് ആശ്വസിക്കാൻ എംബാപ്പെ അവസവരം നൽകിയില്ല. 118ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ കിടിലൻ താരം വീണ്ടും എതിർവല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയിൽ നിർത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.

23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 45ാം മിനുട്ടിൽ ഫ്രഞ്ച് പോസ്റ്റിൽ അർജൻറീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടിൽ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടിൽ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി. ഫ്രാൻസിന്റെ മുന്നേറ്റം അർജൻറീനൻ പ്രതിരോധം തടഞ്ഞപ്പോൾ മെസിയുടെ ഷോട്ട് ലോറിസ് തട്ടിമാറ്റി.

ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. അഡ്രിയാൻ റോബിയോയും ഉപമെകാനോയും ഫ്രാൻസ് ടീമിലും കളിച്ചിരുന്നു. 16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്. ഫ്രാൻസിനെതിരെ ഫൈനലിൽ അർജൻറീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിച്ചത്. 35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനായി മെസിയും സഹതാരങ്ങളും ഒന്നിച്ചിറങ്ങുകയായിരുന്നു.

അർജൻറീന

എമി മാർട്ടിനെസ്, മൊളീന, റൊമേരോ, ഒടമെൻഡി, തഗ്‌ലിഫ്‌കോ, ഡീ പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ഡി മരിയ, മെസി, അൽവാരസ്.

ഫ്രാൻസ്

ലോറിസ്, കൗണ്ടെ, ഉപമെകാനോ, വരണെ, ഹെർണാണ്ടസ്, റാബിയോ, ഷുവാമെനി, എംബാപ്പെ, ഗ്രീസ്മാൻ, ഡെംബെലെ, ജിറൗദ്.

1930ൽ ആദ്യ ലോകകപ്പ് നേടിയത് ഉറുഗ്വേയാണ്. 1934ലെ ലോകകപ്പിൽ അവർ പങ്കെടുത്തില്ല. അക്കുറി ഇറ്റലി ജേതാക്കളായി. തൊട്ടടുത്ത് നടന്ന 1938ലെ ലോകകപ്പിലും അവർ വിജയ കിരീടം ചൂടി. എന്നാൽ 1950 ൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ആ ലോകകപ്പിൽ ആദ്യ ജേതാക്കളായ ഉറുഗ്വേ വീണ്ടും രാജക്കന്മാരായി. 1954ൽ അവർ സെമിഫൈനൽ വരെയെത്തിയെങ്കിലും വെസ്റ്റ് ജർമനിയാണ് കിരീടം നേടിയത്. 1958ൽ അവർ സെമി ഫൈനലിൽ തോറ്റ് മടങ്ങി. അക്കുറി ബ്രസീൽ അവരുടെ ആദ്യ കിരീടം നേടി. 1962 ൽ അവർ ചാമ്പ്യൻ പദവി നിലനിർത്തി. എന്നാൽ 1966ൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ആ ലോകകപ്പിൽ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ കിരീടം കൊണ്ടുപോയി. എന്നാൽ 1970ലെ ലോകകപ്പിൽ ഇംഗ്ലീഷ് പട ക്വാർട്ടർ ഫൈനലിൽ മടങ്ങി. ഈ ലോകകപ്പിൽ ബ്രസീൽ തങ്ങളുടെ മൂന്നാം കിരീടം നേടി. എന്നാൽ 1974ൽ അവർ സെക്കൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. വെസ്റ്റ് ജർമനിയാണ് ചാമ്പ്യന്മാരായത്. എന്നാൽ അവർ സെക്കൻഡ് ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ 1978ലെ ലോകകപ്പിൽ അർജൻറീന തങ്ങളുടെ കന്നിക്കിരീടം നേടി. എന്നാൽ 1982ൽ സെക്കൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങാനായിരുന്നു നീലപ്പടയുടെ വിധി. അക്കുറി ജേതാക്കളായ ഇറ്റലി 1986ലെ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ പുറത്തായി. ആ ലോകകപ്പിൽ അർജൻറീനൻ പട തങ്ങളുടെ രണ്ടാം കിരീടം ലാറ്റിനമേരിക്കയിലേക്ക് കൊണ്ടുപോയി. അടുത്ത ലോകകപ്പ് 1990ൽ നടന്നപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് അവരുടെ സൗഭാഗ്യം വെസ്റ്റ് ജർമനി തട്ടിപ്പറിച്ചു. തുടർ കിരീടം നേട്ടം കൊതിച്ച നീലപ്പടക്ക് റണ്ണേഴ്സ് അപ്പായി മടങ്ങാനായിരുന്നു വിധി. എന്നാൽ 1994ൽ ജർമനി ക്വാർട്ടർ ഫൈനലിൽ മടങ്ങി. ബ്രസീലാണ് കിരീടം നേടിയത്. തുടർന്ന് 1998ലെ ലോകകപ്പിൽ കിരീടം നേടിയുള്ള മഞ്ഞപ്പടയുടെ പോരാട്ടം ഫൈനൽ വരെയെത്തി. പക്ഷേ തോറ്റ് റണ്ണേഴ്സ് അപ്പായി മടങ്ങി ഏറ്റവും കുടുതൽ തവണ കിരീടം നേടിയ നാട്ടുകാർ. ഫ്രാൻസാണ് അന്നവരെ കരയിച്ച് കിരീടം കൊണ്ടുപോയത്. എന്നാൽ 2002 ലോകകപ്പിൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങേണ്ടി വന്നു. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ബ്രസീലാണ് ജേതാക്കളായത്. 2006ൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോറ്റു മടങ്ങി. ഇറ്റലിയാണ് ലോകചാമ്പ്യന്മാരായത്. എന്നാൽ 2010 അവർ ഗ്രൂപ്പ് ഘട്ടത്തിൽ കളി നിർത്തേണ്ടിവന്നു. സ്പെയിനാണ് കിരീടം നേടിയത്. 2014ൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ജർമനിയാണ് കാൽപ്പന്തിന്റെ ലോകമേൽവിലാസം നേടിയത്. 2018ൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ ഫ്രാൻസ് രണ്ടാം ലോകകിരീടം ചൂടി.

കപ്പിനൊപ്പം കുന്നോളം പണവും

ലോകകിരീടം നേടി ഫുട്‌ബോൾ ചരിത്രത്തിൽ സ്വന്തം നാടിന്റെ പേര് അടയാളപ്പെടുത്തുന്നതിനൊപ്പം ഖത്തറിലെ ഫിഫ ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ തുക. ഫൈനലിൽ ജയിച്ചാൽ അർജന്റീനയ്ക്കും ഫ്രാൻസിനും റിപ്പോർട്ടുകൾ അനുസരിച്ച്, 42 മില്യൺ ഡോളറാ (347 കോടി രൂപ)ണ് നാട്ടിലേക്ക് കൊണ്ടുപോകാനാകുക. റണ്ണറപ്പിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തുന്ന ടീമിന് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.

ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്സ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾ 17 മില്യൺ ഡോളറുമായാണ് തിരിച്ചുപോയത്. അതേസമയം, യുഎസ്എ, സെനഗൽ, ഓസ്ട്രേലിയ, പോളണ്ട്, സ്പെയിൻ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകൾക്ക് 13 മില്യൺ ഡോളർ വീതം ലഭിച്ചു.ഖത്തർ, ഇക്വഡോർ, വെയിൽസ്, ഇറാൻ, മെക്‌സിക്കോ, സൗദി അറേബ്യ, ഡെൻമാർക്ക്, ടുണീഷ്യ, കാനഡ, ബെൽജിയം, ജർമ്മനി, കോസ്റ്ററിക്ക, സെർബിയ, കാമറൂൺ, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളിൽ വീണുപോയവർക്കും നിരാശരാകേണ്ടി വന്നില്ല. 9 മില്യൺ ഡോളർ വീതം സമ്മാനമായി ലഭിച്ചു.

ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ റെക്കോഡ് ബ്രസീലിന്

ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ റെക്കോഡ് ബ്രസീലിനാണ്. അഞ്ചു കിരീടങ്ങളാണ് മഞ്ഞപ്പടയുടെ ഷോക്കേസിലുള്ളത്. നാലു വീതം വിജയങ്ങളുള്ള ജർമനിയും ഇറ്റലിയുമാണ് രണ്ടാം സ്ഥാനത്ത്. അർജൻറീന ഇന്നത്തെ വിജയത്തോടെ മൂന്നു കിരീടം സ്വന്തമാക്കി. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് രണ്ടു വീതം ലോകചാമ്പ്യൻ പട്ടമാണുള്ളത്. ബ്രസീൽ ഏഴു വട്ടം ഫൈനൽ കളിച്ചപ്പോൾ രണ്ടുവട്ടം റണ്ണേഴ്സ് അപ്പായി. എട്ടുവട്ടം ഫൈനലിലെത്തിയ ജർമനി നാലു വട്ടമാണ് രണ്ടാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്നത്. ഇറ്റലി ആറു വട്ടം ഫൈനലിലെത്തിയപ്പോൾ രണ്ടു വട്ടം റണ്ണേഴ്സ് അപ്പായി.

നെതർലൻഡ്സും മൂന്നുവട്ടം ലോകകപ്പ് ഫൈനലിലെത്തിയിട്ടുണ്ട്. എന്നാൽ മൂന്നുവട്ടവും റണ്ണേഴ്സ് അപ്പായി മടങ്ങാനായിരുന്നു ഡച്ച് പടയുടെ വിധി. രണ്ടുവട്ടം ഫൈനൽ പ്രവേശനം നേടിയ ഉറുഗ്വേ രണ്ടു വട്ടവും ജേതാക്കളായാണ് തിരിച്ചുകയറിയത്. ചെക്കോസ്ലാവാക്യയും ഹംഗറിയും രണ്ടുവട്ടം ഫൈനലിലെത്തിയെങ്കിലും കിരീടം നേടിയില്ല. ഓരോ വട്ടം ഫൈനലിലെത്തിയ സ്പെയിനും ഇംഗ്ലണ്ടും കിരീടവുമായി മടങ്ങിയപ്പോൾ സ്വീഡനും ക്രൊയേഷ്യയും റണ്ണേഴ്സ് അപ്പിൽ തൃപ്തിപ്പെടേണ്ടി വന്നു.

line-up of the teams for the FIFA World Cup finals has been released

TAGS :

Next Story