Quantcast

ഓസീസിന് ആകെ മൂന്ന് ലോകകപ്പ് വിജയം, മൂന്നും മൂന്ന് വൻകരകളിലെ ടീമുകൾക്കെതിരെ

ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ആസ്ത്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക്

MediaOne Logo

Sports Desk

  • Published:

    26 Nov 2022 12:41 PM GMT

ഓസീസിന് ആകെ മൂന്ന് ലോകകപ്പ് വിജയം, മൂന്നും മൂന്ന് വൻകരകളിലെ ടീമുകൾക്കെതിരെ
X

ദോഹ: ഫിഫ ലോകകപ്പിൽ ആസ്‌ത്രേലിയ ആകെ നേടിയത് മൂന്നു വിജയങ്ങൾ, മൂന്നും മൂന്ന് വൻകരകളിലെ ടീമുകൾക്കെതിരെ. ഇന്ന് ടുണീഷ്യയോട് ജയിച്ചതോടെ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് വൻകരകളിലെ ടീമുകളെ തോൽപ്പിച്ച റെക്കോഡ് ടീമിനെ തേടിയെത്തി. അൾജീരിയയും ഇറാനും നേരത്തെ ഈ റെക്കോഡ് നേടിയ ടീമുകളാണ്.

2006 ലോകകപ്പിൽ ആസ്‌ത്രേലിയ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. 2010 ലോകകപ്പിൽ സെർബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും ടീം തോൽപ്പിച്ചു. ഇന്ന് ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസീസ് വീഴ്ത്തിയത്.

അതേസമയം, ടുണീഷ്യ തങ്ങളുടെ 17 ലോകകപ്പ് മത്സരങ്ങളിൽ ഒമ്പതിലും (53 ശതമാനം) ഗോൾ നേടാൻ കഴിയാത്ത ടീമായി. 1998ന് ശേഷം രണ്ടാം തവണയാണ് ആദ്യ രണ്ടു മത്സരങ്ങളിലും ടീമിന് ഗോളടിക്കാൻ കഴിയാതിരിക്കുന്നത്. ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ആസ്ത്രേലിയ ഒരു ഗോളിനാണ് ആഫ്രിക്കൻ അറബ് ടീമിനെ തോൽപ്പിച്ചത്. 23-ാം മിനുട്ട് മിച്ചൽ ഡ്യൂക്ക് ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും ഓസീസിന്റെ പ്രതിരോധമികവ് ടുണീഷ്യയുടെ വഴി തടഞ്ഞു. വിജയത്തോടെ മൂന്നു പോയൻറാണ് ഓസീസ് നേടിയത്.

മത്സരത്തിൽ മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ആസ്ത്രേലിയയുടെ വിജയം. ഗ്രേഗ് ഗുഡ്വിന്റെ ഷോട്ട് ഡിഫ്ളക്ടായി വന്ന ക്രോസിൽ നിന്ന് ഡ്യൂക്ക് ടുണീഷ്യൻ വല കുലുക്കുകയായിരുന്നു. ഇതോടെ ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ആസ്ത്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക് മാറി. 2010ൽ സെർബിയക്കെതിരെയും 2014ൽ ചിലിക്കെതിരെയും ടിം കാഹിൽ ഹെഡ്ഡർ ഗോൾ നേടിയിരുന്നു. അൽജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

തങ്ങളുടെ വല കുലുങ്ങിയതോടെ ടുണീഷ്യൻ താരങ്ങൾ ഉണർന്നുകളിച്ച് ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നേട്ടം കൊയ്യാനായില്ല. 41ാം മിനുട്ടിൽ ടുണീഷ്യയുടെ ഉഗ്രൻ മുന്നേറ്റം ആസ്ത്രലിയൻ പ്രതിരോധത്തിൽ തട്ടി നിലച്ചുപോയി. 48ാം മിനുട്ടിൽ ജെബാലിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 87ാം മിനുട്ടിൽ വഹബ് ഖസ്രി അടിച്ച ഷോട്ടടക്കം ടുണീഷ്യയുടെ നിരവധി ശ്രമങ്ങളിൽ പലതും ആസ്ത്രേലിയൻ ഗോളിയുടെ കൈകളിലാണ് അവസാനിച്ചത്. ചിലത് പ്രതിരോധത്തിൽ തട്ടി ചിതറുകയും ചെയ്തു. ഖത്തർ ലോകകപ്പിൽ ടുണീഷ്യൻ താരങ്ങൾ ആകെ 17 ലേറെ ഷോട്ടുകളുതിർത്തെങ്കിലും ഒന്നു മാത്രമാണ് ടാർഗെറ്റിലെത്തിയത്. ഒരു ഗോളും നേടാനായിട്ടില്ല.

മത്സരത്തിന്റെ 26ാം മിനുട്ടിൽ ടുണീഷ്യൻ മിഡ്ഫീൽഡർ ഐസ്സ ലെയ്ദൂനി മഞ്ഞക്കാർഡ് കണ്ടു. ഗുഡ്വിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. 64ാം മിനുട്ടിൽ ഇർവിനെ പിടിച്ചു പിറകോട്ട് വലിച്ചതിന് അലി അൽ അബ്ദിയും മഞ്ഞക്കാർഡ് വാങ്ങി. ഇന്നത്തെ മത്സരത്തോടെ ടുണീഷ്യയുടെ യാസ്സിൻ 2022 ലോകകപ്പിലെ ഏറ്റവും കൂടുതൽ ക്ലിയറൻസുകൾ നടത്തിയ താരമായി. 11 ഹെഡ് ക്ലിയറൻസടക്കം 17 ക്ലിയറൻസുകളാണ് താരം നടത്തിയത്.

ഒരു ആഫ്രിക്കൻ ടീമിനെ രണ്ടാം വട്ടമാണ് ആസ്ത്രേലിയ ലോകകപ്പിൽ നേരിടുന്നത്. 2020 ലോകകപ്പിൽ ഘാനയുമായി നടന്ന മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്. ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു.

ടുണീഷ്യ: 3-4-3

ഐയ്മൻ ദാഹ്മെൻ, മോണ്ടസർ തൽബി, യാസ്സിൻ മെരിയാഹ്, ഐസ്സാ ലെയ്ഡൂനിൗ എല്ലിസ് ഷിഹ്രി, മൊഹമ്മദ് ദ്രാജർ, അലി അബ്ദി, യുസ്സെഫ് മസ്‌കനി(ക്യാപ്റ്റൻ), ഇസ്സാം ജെബാലി, നയിം സ്ലിറ്റി. കോച്ച്: ജലേൽ കാദ്രി.

ആസ്ത്രലിയ: 4-4-2

മാത്യൂ റയാൻ(ക്യാപ്റ്റൻ), ക്യാ റൗൾസ്, ഫ്രാൻ കറാസിച്, അസിസ് ബെഹിച്, ഹാരി സൗട്ടർ, ആരോൺ മൂയ്, റിലേയ് മഗ്രീ, ജാക്സൺ ഇർവിൻ, മാത്യൂ ലെക്കീ, മിച്ച് ഡ്യൂക്, ഗ്രേഗ് ഗുഡ്വിൻ. കോച്ച്: ഗ്രഹാം അർനോൾഡ്.

ആദ്യ മത്സരത്തിൽ ആസ്ത്രേലിയ ഫ്രാൻസിനെതിരെ പരാജയപ്പെട്ടിരുന്നു. ഇരട്ട ഗോളുകളുമായി ജിറൂഡ് തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് ടീം തോറ്റത്. ജിറൂഡിന് പുറമെ, അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ആദ്യം ഗോൾ നേടി ആസ്‌ത്രേലിയ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് ഫ്രാൻസ് കളം പിടിക്കുകയായിരുന്നു.ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. ആദ്യം ഗോളടിച്ച് ആസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും ഒത്തിണക്കത്തോടെയുള്ള ഫ്രാൻസിന്റെ മുന്നേറ്റം ലീഡ് നേടിക്കൊടുത്തു. അഡ്രിയൻ റാബിയറ്റ്, ഒലീവർ ജിറൂഡ് എന്നിവരാണ് ഫ്രാൻസിനായി ആദ്യ പകുതിയിൽ ഗോൾ നേടിയത്. ക്രെയ്ഗ് ഗുഡ്വിനാണ് ആസ്‌ട്രേലിയയുടെ സ്‌കോറർ.

ഡെന്മാർക്കിനെതിരെ നടന്ന ടുണീഷ്യയുടെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. ഡെന്മാർക്ക് 3-5-2 ഫോർമാറ്റിലും ടുണീഷ്യ 3-4-3 ഫോർമാറ്റിലും കളിച്ച മത്സരത്തിൽ ഗോളൊന്നും പിറന്നില്ല.

Australia has won three World Cup matches against three teams from three continents

TAGS :

Next Story