Quantcast

'ഇവാൻ... ഇവാൻ...' ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും കോച്ചിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം

കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാൻ

MediaOne Logo

Sports Desk

  • Updated:

    2023-03-04 12:57:36.0

Published:

4 March 2023 9:27 AM GMT

Ivan Vukumanovich
X

ഇവാൻ വുകുമനോവിചിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ സ്വീകരിക്കുന്നു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും കോച്ച് ഇവാൻ വുകുമനോവിചിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മഞ്ഞപ്പടയുടെ നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട ടീമിനെ സ്വീകരിക്കാനെത്തിയത്. വിവാദ ഗോളിനെ തുടർന്ന് ടീമിനെ പിൻവലിച്ച കോച്ച് ഇവാൻ വുകുമനോവിചിന്റെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ഇന്ന് വിമാനത്താവളത്തിലും 'ഇവാൻ.. ഇവാൻ.. ' എന്ന പേരാണ് മുഴങ്ങുന്നത്. അദ്ദേഹത്തിന്റെയും ടീമിന്റെയും പ്രതികരണം ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് അന്ത്യം വരുത്തുമെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. എന്നാൽ ചിലർ വിവാദ ഗോളിനെ അനുകൂലിക്കുന്നുണ്ട്.

അതിനിടെ, ഇവാൻ വുകുമനോമോവിച് ആരാധകർക്ക് നന്ദി അറിയിച്ചു. കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാൻ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ നിരാശയുണ്ടെന്ന് മലയാളി താരം കെ.പി രാഹുൽ പറഞ്ഞു. എന്നാൽ പ്രതികരിക്കാനില്ലെന്ന് സൂപ്പർ താരം അഡ്രിയാൻ ലൂണ പറഞ്ഞു.

ഇന്നലെ നടന്ന സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള മത്സരത്തിൽ ബംഗളൂരു എഫ്‌സി വിവാദ ഗോളിലൂടെ വിജയിച്ചതോടെ ടീം ഐ.എസ്.എല്ലിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അധിക സമയത്താണ് ബംഗളൂരു താരം സുനിൽ ഛേത്രി വിവാദ ഗോൾ നേടിയത്.

ഇരുപകുതികളും ഗോൾ രഹിതമായതിനെ തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 96ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്. ഫ്രീ കിക്ക് തടയാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാവും മുമ്പേ ഛേത്രി പന്ത് വലയിലാക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചു വിളിച്ചു.

ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിടുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കടക്കം വലിയ നടപടികളിലേക്ക് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നീങ്ങുമോ എന്ന ആശങ്കയിലാണിപ്പോൾ ആരാധകർ. മുമ്പ് 2015 ഐ.എസ്.എൽ ഫൈനലിന് ശേഷം എഫ്.സി ഗോവ സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. അന്ന് ടീമിന് 50 ലക്ഷം രൂപയാണ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ പിഴയേർപ്പെടുത്തിയത്.

ഇന്നലെ ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇരുടീം ആരാധകരും ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂർ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബാംഗ്ലൂർ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ കളം നിറഞ്ഞത് ബംഗളൂരുവാണെങ്കിൽ രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വച്ചത ബ്ലാസ്റ്റേഴ്‌സായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി കളഞ്ഞത്.

Kerala Blasters players get grand reception at Nedumbassery airport

TAGS :

Next Story