Quantcast

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റയൽ മാ‍ഡ്രി‍ഡും ചെൽസിയും നേർക്കുനേർ

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളാണ് ‍ചെൽസിയും റയൽ മാ‍ഡ്രി‍ഡും

MediaOne Logo

Web Desk

  • Updated:

    2023-04-12 14:43:16.0

Published:

12 April 2023 1:03 PM GMT

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റയൽ മാ‍ഡ്രി‍ഡും ചെൽസിയും നേർക്കുനേർ
X

മാ‍ഡ്രിഡ്: ഇന്ന് രാത്രി ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ റയൽ മാ‍ഡ്രി‍ഡിനെ അവരുടെ മെെതാനത്ത് നേരിടാൻ ഒരുങ്ങുകയാണ് ചെൽസി. പ്രീമിയർ ലീ​ഗിലെ മോശം ഫോം ചാമ്പ്യൻസ് ലീ​ഗിൽ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. എന്നാൽ ഇന്ന് വിജയിക്കണമെങ്കിൽ ചെൽസി ഏറ്റവും പണിപെടേണ്ടത് ലൂക്കാ മോഡ്രിച്ചിനെ പൂട്ടാനാകും. സമീപ വർഷങ്ങളിലെല്ലാം ചാമ്പ്യൻസ് ലീ​ഗ് പോരാട്ടങ്ങളിൽ ക്രൊയേഷ്യൻ താരം മികച്ച ഫോം നിലനിർത്തിയിട്ടുണ്ട്.

ഒരു ഫുട്ബോൾ മത്സരത്തിൽ മോഡ്രിച്ചിന്റെ സ്വാധീനം കണക്കാക്കുക ബുദ്ധിമുട്ടാണ്. ഫുട്ബോളിൽ റയൽ മാ‍‍ഡ്രിഡ് താരം മികച്ച ഗോൾ സ്‌കോററിനപ്പുറം പലതുമാണ്. ഒരു ക്ലാസിക് പ്ലേമേക്കറെ പോലെ മോഡ്രിച്ച് എല്ലായ്പ്പോഴും അളന്നു മുറിച്ചുളള പാസുകൾ നൽകുന്നില്ല. അസിസ്റ്റുകളുടെ എണ്ണത്തിലും മോഡ്രിച്ചിന്റെ പേര് അധികം കാണുകയുമില്ല. എന്നാൽ കണക്കുകൾ നോക്കി മോഡ്രിച്ചിനെ അളക്കാൻ കഴിയില്ല. അയാൾ ചുറ്റുമുളളവരെ ബന്ധിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്ന ഒരു മിഡ്ഫീൽഡറാണ്. മോഡ്രിച്ചിന്റെ മഹത്വം വ്യക്തിഗത നേട്ടങ്ങളിലല്ല, മറിച്ച് കളി ഏത് നിമിഷവും മാറ്റിമറിക്കാനുളള നിമിഷങ്ങളിലാണ്.


കഴിഞ്ഞ മൂന്ന് വർഷങ്ങളായി മോഡ്രിച്ചിന്റെ ലാ ലിഗ മത്സരങ്ങളിലെ കളി സമയം കുറഞ്ഞു വരുകയാണ്. 2021-ൽ 32- ലാ ലി​ഗ മത്സരങ്ങളിൽ ക്രൊയേഷ്യൻ താരം റയൽ മാ‍ഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. 2022-ആയപ്പോഴേക്കും അത് 25-മത്സരങ്ങളായി കുറഞ്ഞു. ഈ വർഷം ഇതുവരെ 16-മത്സരങ്ങളിൽ മാത്രമേ താരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിട്ടൊള്ളൂ. അതേസമയം, ഈ മുപ്പത്തിയേഴുകാരൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചാമ്പ്യൻസ് ലീഗിൽ റയൽ മാ‍ഡ്രിഡിന്റെ സ്ഥിര സാനിധ്യമാണ്.

ഇന്ന് മത്സരം വിജയിക്കണമെങ്കിൽ മോ‍ഡ്രിച്ചിനെ മാത്രം മറികടന്നാൽ മതിയാകില്ല ചെൽസിക്ക്. വെറ്ററൻ താരങ്ങളായ ടോണി ക്രൂസ്, കരീം ബെൻസേമ, യുവതാരങ്ങളായ വിനീഷ്യസ് ജൂനിയർ, റോ‍ഡ്രി, കമവിം​ഗ, തുടങ്ങിയ താരങ്ങളെയും തടത്തു നിർത്തേണ്ടി വരും. മോശം ഫോമിൽ വലയുന്ന ചെൽസിക്ക് വലിയ വിജയ പ്രതീക്ഷയൊന്നും ഇന്നത്തെ മത്സരതത്തിനില്ല. ഇന്നു നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ടീമുകളായ നാപോളിയും എ.സി. മിലാനും പരസ്പരം ഏറ്റുമുട്ടും. രാത്രി 12:30- നാണ് രണ്ടു മത്സരവും നടക്കുക.

TAGS :

Next Story