ചെൽസി പുതിയ ലോകരാജാക്കന്മാർ
പിഎസ്ജിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

ന്യൂയോർക്ക് : ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ തകർത്ത് ചെൽസി. എതിരിലാത്ത മൂന്ന് ഗോളുകൾക്കാണ് എൻസോ മറെസ്‌കയും സംഘവും ജയിച്ചു കയറിയത്. ഇംഗ്ലീഷ് താരം കോൾ പാൽമർ രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി. ജോ പെഡ്രോയുടെ വകയായിരുന്നു മൂന്നാം ഗോൾ. 85 ആം മിനുട്ടിൽ പിഎസ്ജി മധ്യ നിര താരം ജാവോ നെവെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി.
22 ആം മിനുട്ടിൽ പാൽമറാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. വലതു വിങ്ങിലൂടെ ചെൽസി തുടങ്ങിയ മുന്നേറ്റം പ്രതിരോധിക്കുന്നതിൽ നൂനോ മെന്റസിന് പിഴച്ചു, അവസരം മുതലെടുത്ത് പിഎസ്ജി ബോക്സിലെത്തിയ മാലോ ഗുസ്‌തോ പന്ത് പാൽമറിന് മരിച്ചു നൽകി. താരത്തിന്റെ ഷോട്ട് ഗോൾക്കീപ്പറെയും മറിക്കടന്ന് വലയിലെത്തി. ഏറെ വൈകാതെ ചെൽസി വീണ്ടും വലകുലുക്കി. ക്യാപ്റ്റൻ റീസ് ജെയിംസ് നൽകിയ ലോങ്ങ് പിടിച്ചെടുത്ത പാൽമർ വീണ്ടുമൊരിക്കൽ കൂടി പിഎസ്ജി പോസ്റ്റിലേക്ക് നിറയൊഴിച്ചു.
ഇടവേളക്ക് പിരിയും മുമ്പ് പിഎസ്ജിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും പാൽമർ അടിച്ചു. താരം ഒരുക്കിയ ത്രൂ പാസിനൊടുവിൽ ജോ പെഡ്രോയുടെ വക മികച്ചൊരു ഫിനിഷ്. മറുപടി ഗോളിനായി പിഎസ്ജി നടത്തിയ ശ്രമങ്ങളെല്ലാം ഗോൾക്കീപ്പർ സാഞ്ചസിന് മുന്നിൽ നിർവീര്യമായി. കളിയുടെ അവസാന പത്ത് മിനുട്ടുകൾ സങ്കര്ഷഭരിതമായിരുന്നു. 87 ആം മിനുട്ടിൽ അനാവശ്യ ഫൗളിന് ശ്രമിച്ച ജാവോ നെവെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. മത്സര ശേഷവും ഇരു ടീമിലെ താരങ്ങളും സ്റ്റാഫും തമ്മിൽ ഏറ്റുമുട്ടി.
പുതിയ ഫോർമാറ്റിലേക്ക് മാറിയ ശേഷമുള്ള ചെൽസിയുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണിത്. അടുത്ത നാല് വർഷം ചെൽസി ജേഴ്സിയിൽ ജേതാക്കളുടെ ബാഡ്ജ് ഉണ്ടാവും.
Adjust Story Font
16

