Quantcast

റൊണാൾഡോ വീണ്ടും തെളിയിച്ചു, പ്രായം ഒരു നമ്പറാണ്

MediaOne Logo

Sports Desk

  • Updated:

    2025-09-07 06:33:16.0

Published:

7 Sept 2025 12:02 PM IST

cr7
X

പ്രായം 40 ആണ്. കൗമാരവും യുവത്വവും എന്നോ പിന്നിട്ടയാളാണ്. പക്ഷേ അതുപോലൊരു വിടവിലേക്ക് അയാളെ ഓടിക്കയറാൻ അനുവദിക്കുമ്പോൾ ഒരു റോക്കറ്റ് തന്നെ നിങ്ങൾ പ്രതീക്ഷിക്കണം. എന്തുകൊണ്ടെന്നാൽ അയാളുടെ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ്.

ആദ്യമൊരു ഗോൾ നേടിയപ്പോൾ ഇതൊരു ടാപ്പ് ഇൻ ഗോളല്ലേ എന്ന് ചോദിച്ച ഹേറ്റേഴ്സിന്റെ നെഞ്ചിലേക്കാണ് ആ ലോങ്ക് റേഞ്ചർ തുളഞ്ഞുകയറിയത്. പ്രൈം ടൈമുകളിൽ ഓൾഡ് ട്രോഫോഡിലൂടെയും ബെർണബ്യൂവിലൂടെയും മൂളിപ്പറന്ന ലോങ് റേഞ്ചറുകളെ ചെറുതായി ഓർമിപ്പിക്കുന്ന ഗോൾ. പ്രായം ഗ്രേറ്റ്നസിനെ മായ്ച്ചുകളയില്ല എന്ന 40കാരന്റെ സ്റ്റേറ്റ്മെന്റ്. ജോട്ടയുടെ ഓർമകളിൽ പന്തുതട്ടിയ പോർച്ചുഗലിന് സംതൃപ്തി നൽകിയ രാത്രി.

‘ഫസ്റ്റ് സ്റ്റെപ് ടൈക്കൺ’ -അർമീനി​യക്കെതിരായ മിന്നും പ്രകടനത്തിന് ശേഷം ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാചകമാണിത്. ലോകകപ്പെന്ന വലിയ മോഹത്തിലേക്കുള്ള യാത്രയിൽ അയാൾ എത്ര ദൂരം മുന്നോട്ട് പോകുമെന്ന് അറിയില്ല. മുന്നിലുള്ള ലക്ഷ്യം അത്ര എളുപ്പമുള്ളതുമല്ല. പക്ഷേ ഒന്നുറപ്പാണ്, പൊരുതാൻ തന്നെയാണ് അയാളുടെ തീരുമാനം. ഇന്നയാൾ നേടിയെടുത്തതെല്ലാം ഇതുപേ​ാലെ പൊരുതിയെടുത്തത് തന്നെയാണ്.


അപ്പുറത്ത് ബ്യൂണസ് ഐറിസിൽ ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി ഫുട്ബോൾ ലോകത്തോട് പ്രഖ്യാപനം നടത്തുമ്പോൾ രണ്ട് രാവുകൾക്കപ്പുറം അയാളും മറ്റൊരു പ്രസ്താവന നടത്തുകയാണ്. ഇരട്ടഗോളോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഗോൾ നേട്ടത്തിൽ മെസ്സിയെ മറികടക്കുകയും ചെയ്തു. 48 യോഗ്യത മത്സരങ്ങളിൽനിന്നുമുള്ള 38ാം ഗോൾ. ഒരുഗോളിന് മുന്നിലുള്ള ഗ്വാട്ടമാലയുടെ കാർലോസ് റൂയിസിനെ മറികടന്നാൽ ഈക്കാര്യത്തിലും റെക്കോർഡിടാം. അന്താരാഷ്ട്ര ഗോളെണ്ണം 140ലെത്തി. കരിയർ ഗോളെണ്ണം 942. 1000ഗോളെന്ന ബെഞ്ച് മാർക്കിലേക്കുള്ളത് 58 ഗോളുകളുടെ ദൂരം.

ഈ ഗോൾ നേട്ടം അർമീനിയക്കെതിരെയല്ലേ..അതത്ര ആഘോഷിക്കാനുണ്ടോ എന്ന് വീണ്ടും അയാളുടെ വിമർശകർ ചോദിച്ചേക്കാം. അങ്ങനെയെങ്കിൽ തൊട്ടുമുമ്പ് ജൂണിൽ അയാൾ ഗോൾ കുറിച്ചത് യൂറോപ്പിലെ ഹെവിവെയ്റ്റുകളായ സ്​പെയ്നിനെതിരെയാണ്. അതും നേഷൻസ് ലീഗിന്റെ ഫൈനലിൽ. അതിന് മുമ്പ് നേഷൻസ് ലീഗിന്റെ സെമിയിൽ ജർമനിക്കെതിരെ. നേഷൻസ് ലീഗിൽ ഡെന്മാർക്ക്, പോളണ്ട്, ക്രൊയഷ്യ എന്നിവർക്കെതിരെയും ഗോൾ നേടി. ഇവരുടെയും ഫിഫ റാങ്കിങ് പരിശോധിക്കണം.

പോർച്ചുഗീസ് മുൻകോച്ചായ ഫെർണാണ്ടോ സാന്റോസുമായുള്ള ബന്ധമല്ല പുതിയ കോച്ച് റോബർ​​ട്ടോ മാർട്ടിനസുമായുള്ളത്. റോോണായും സാന്റോസും ചേർന്ന് പോർച്ചുഗലിനായി മിറാക്കിളുകൾ സൃഷ്ടിച്ചവരാണ്. യൂറോ കപ്പിന്റെയും നേഷൻസ് ലീഗിന്റെയും കിരീടങ്ങൾ ഇവരുടെ കാലത്ത് ഒവൈറാസിലെ പോർച്ചുഗീസ് ആസ്ഥാനത്തെത്തി. പക്ഷേ 2022 ലോകകപ്പിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തി സാന്റോസ് ഉലകത്തിന്റെയാകെ ശത്രുവായി. പോർച്ചുഗീസ് കുപ്പായത്തിൽ മറക്കാനാഗ്രഹിക്കുന്ന ദിനങ്ങളാണ് സാന്റോസ് റൊണാൾഡോക്ക് നൽകിയത്.


പക്ഷേ റോബർട്ടോ മാർട്ടിനസിന്റെ വരവോടെ കഥ പുതിയ വഴിത്തിരിവിലെത്തുകയാണ്. ചുമതലയേറ്റെടുത്ത ശേഷം ആദ്യമേ ​മാർട്ടിനസ് നയം വ്യക്തമാക്കി. റൊണാൾഡോ തന്റെ പ്ലാനിൽ ഉണ്ടെന്ന് പറഞ്ഞ മാർട്ടിനസ് പല സമയങ്ങളിലും റൊണാൾഡോയെ പിന്തുണച്ച് രംഗത്തെത്തി. ‘‘ഗോളടിക്കുമ്പോൾ അയാൾ നിങ്ങൾക്ക് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ഗോളടിച്ചില്ലെങ്കിൽ പ്രായം തളർത്തിയ മനുഷ്യനാകും. ഇതൊരിക്കലും നീതിയല്ല’’ - മാർട്ടിനസ് ഒരിക്കൽ പറഞ്ഞതാണിത്. മറ്റൊരിക്കൽ മാർട്ടിനസ് പറഞ്ഞതിങ്ങനെ -‘‘ദേശീയ ടീമിൽ സ്ഥാനം ആർക്കും ഗ്യാരണ്ടിയില്ല. എല്ലാം മെറിറ്റ് നോക്കിയാണ്. എല്ലാവരെയും പോലെയാണ് ക്രിസ്റ്റ്യാനോയും. അദ്ദേഹവും മത്സരിച്ച് തന്നെയാണ് സ്ഥാനം നിലനിർത്തുന്നത്’’. താരമൂല്യം നോക്കിയല്ല, പെർഫോമൻസ് നോക്കിത്തന്നെയാണ് റൊണാൾഡോയെ ടീമിൽ നിലനിർത്തുന്നത് എന്ന സന്ദേശമായിരുന്നു മാർട്ടിനസ് നൽകിയത്.

പുതിയ കോച്ചിന്റെ വരവോടെ റൊണാൾഡോയുടെ ഗോൾ സ്കോറിങ് റേറ്റ് 0.81ലേക്ക് കുതിച്ചുയർന്നു. സാന്റോസ്, ബെൻറ്റോ, ക്വയ്റോസ്, സ്കൊളാരി എന്നിവരുടെയല്ലാം കാലത്തേക്കാൾ ഉയർന്ന നിരക്കിൽ ​ക്രിസ്റ്റ്യാനോ ഇപ്പോൾ സ്കോർ ചെയ്യുന്നുണ്ട്. അയാളുടെ കൂടെ നിൽക്കാൻ മുൻകാലങ്ങളിലേക്കാൾ മികച്ച ഒരു സംഘവുമുണ്ട്. ലോകകപ്പ് വിജയത്തോടെ മെസ്സിക്കും സച്ചിനുമെല്ലാം കിട്ടിയ പൂർണത അയാൾക്കും കിട്ടുമോ. ഉത്തരം നൽകേണ്ടത് കാലമാണ്.

TAGS :

Next Story