Quantcast

സ്വയം തെളിയിച്ച് റൊണാൾഡോ; യമാലിനെ വരച്ചവരയിൽ നിർത്തി ന്യൂനോ മെൻഡിസ്

യമാലിന് ഡ്രിബിൾ ചെയ്ത് പോകാൻ സാധിക്കാത്തവർ യൂറോപ്പിൽ ഇനിയുമുണ്ട് എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു മെൻഡിസ് നടത്തിയത്

MediaOne Logo

Sports Desk

  • Published:

    9 Jun 2025 9:53 PM IST

ronaldo mendis
X

യുവേഫ നേഷൻസ് ലീഗിലെ ഫൈനലിസ്റ്റുകളെ തീരുമാനമായതോടെ ചർച്ചകളെല്ലാം യമാലിനെക്കുറിച്ചായിരുന്നു. ബാലൺദ്യോറെന്ന ഫുട്ബോൾ സിംഹാസനത്തിലേക്കുള്ള ഓട്ടത്തിൽ ആ കാലുകൾക്ക് നേഷൻസ് ലീഗ് ബലം പകരുമെന്ന് പലരും കരുതി. യമാൽ തന്നെ പലകുറി ബാലൻഡിയോറിൽ അവകാശവാദമുന്നയിച്ച് പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. സ്പാനിഷ് കോച്ചും ആ വാദത്തിന് കരുത്തുപടർന്നു.

17ാം വയസ്സിൽ യമാൽ ലോകത്തോളം പോന്ന പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അപ്പുറത്ത് പറങ്കിപ്പടയിലും ഒരുവനുണ്ടായിരുന്നു. കൗമാരവും യൗവനവും പ്രൈംപീരിയഡുമെല്ലാം താണ്ടിയ ഒരു 40 കാരൻ. ലോകത്ത് സൂര്യവെളിച്ചം തട്ടുന്ന ഇടങ്ങളിലെല്ലാം പോർച്ചുഗീസ് പതാക നാട്ടിയ, ആമുഖമൊന്നും വേണ്ടാത്ത ഒരാൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ.

‘ഇത് യമാലും റൊണാൾഡോയും തമ്മിലുള്ള യുദ്ധമാണ്’ -ചിലരെങ്കിലും വാർത്തകൾക്ക് ഇങ്ങനെ തലക്കെട്ടിട്ടു. കൗമാരത്തിന്റെ മിടുക്കിൽ ഒരുമത്സ്യത്തെപ്പോലെ നീന്തിത്തുടങ്ങിയ യമാലിനെയും ഒരു മഹാസമുദ്രംതന്നെ നീന്തിവന്ന ക്രിസ്റ്റ്യാനോയെയും താരതമ്യം ചെയ്യുന്നതിൽ പലതരം അനീതികളുണ്ട്. 2007 ജൂലൈ 13ന് യോബ്രഗാത് നദിയുടെ തീരത്ത് യമാൽ പിറന്നുവീഴുമ്പോൾ റൊണാൾഡോ യുനൈറ്റഡിൽ ഫെർഗൂസന്റെ മുന്നണിപ്പോരാളിയാണ്. കൃത്യമായിപ്പറഞ്ഞാൽ റൊണാൾഡോ ആദ്യത്തെ ബാലൻഡിയോർ തന്റെ പേരിലെഴുതുന്ന 2008 എന്ന വർഷത്തിലെ പ്രീസീസണായി ഒരുങ്ങുന്ന സമയം. പക്ഷേ ആ 17കാരനോട് 40 പിന്നിട്ട അയാളുടെ പേര് ചേർത്തുവെച്ചിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ആ കൗമാരക്കാരനൊപ്പം തന്റെ പേര് ചേർത്തപ്പോഴേ അയാൾ വിജയിച്ചിരുന്നു. അങ്ങനെ മ്യൂണികിലെ അലയൻസ് അരീനയിൽ നേഷൻസ് ലീഗിന് വിളക്കുകൾ ഒരുങ്ങി.

16 വയസ്സിലേ യൂറോപ്പ് ജയിച്ചവനാണ് യമാൽ. റയലിന്റെയും ഇന്ററിന്റെയുമെല്ലാം പ്രതിരോധനിരയെ അവൻ അമ്മാനമാടിയിട്ടുണ്ട്. പക്ഷേ പറങ്കിപ്പടയുടെ യുദ്ധവിന്യാസത്തിൽ ഇടതുമൂലയിൽ നിലയുറപ്പിച്ച ഒരാൾ അവനെ കാത്തിരിപ്പുണ്ടായിരുന്നു. ന്യൂനോ അലക്സാണ്ടെ മെൻഡിസ് എന്ന ന്യൂനോ മെൻഡിസ്. പ്രീമിയർലീഗിലെ തകർപ്പൻ ഫോമിന്റെ ബലത്തിൽ യൂറോപ്പ് പിടിക്കാനിറങ്ങിയ സലാഹിനെയും കാത്തിരിപ്പിന് അറുതി ലക്ഷ്യമിട്ട് ബൂട്ടുകെട്ടിയ ബുക്കായോ സാക്കയെയും വരച്ച വരയിൽ നിർത്തിയവനാണ് ന്യൂനോ. പാരിസിലേക്ക് ആദ്യമായി ചാമ്പ്യൻസ് ലീഗെത്തിക്കാനുള്ള പിഎസ്ജിയുടെ പോരാട്ടത്തിന് നിതാന്ത്ര ജാഗ്രതയോടെ കാവലിരുന്നവൻ. അയാളെ സംബന്ധിച്ച് യമാൽ എന്നത് തന്റെ ഏരിയയിലേക്ക് വന്നുകയറിയ പുതിയ അതിഥി മാത്രമായിരുന്നു.


യമാലിന് ഡ്രിബിൾ ചെയ്ത് പോകാൻ സാധിക്കാത്തവർ യൂറോപ്പിൽ ഇനിയുമുണ്ട് എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു മെൻഡിസ് നടത്തിയത്. ഇടതുമൂലയിൽ നിന്നും യമാൽ സ്വതസിദ്ധമായ ശൈലിയിൽ കുതിച്ചുകയറാൻ ഒരുങ്ങുമ്പോഴെല്ലാം മെൻഡിസ് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇടതുവശത്ത് സ്പാനിഷ് ആക്രമണങ്ങളുടെ മുനയൊടിച്ചതിനോടൊപ്പം പോർച്ചുഗൽ ആക്രമണത്തിലും ചാലകശക്തിയായി. കൂടെ നിർണായക സമയത്ത് കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോളും. യമാലിന് നേർക്ക് തിരിച്ച ക്യാമറക്കണ്ണുകളെയെല്ലാം അയാൾ തന്റെ നേർക്ക് തിരിച്ചുവെച്ചു. എതിരാളികളുടെ ബോക്സിൽ അഞ്ചുടച്ചുകൾ, 3 ക്ലിയറൻസ്, മൂന്ന് ടാക്കികൾ, ഒരാളെയും ഡ്രിബിൾ ചെയ്ത് പോകാൻ അനുവദിച്ചില്ല, 3 തവണ പൊസിഷൻ തിരിച്ചുപിടിച്ചു, 7 ഡ്യൂവലുകൾ വിജയിച്ചു, ഇങ്ങനെ എണ്ണിയെടുക്കാനേറെയുള്ള ​പ്രകടനം.

മത്സരത്തിന്റെ 61ാം മിനിറ്റ് സാക്ഷാൽ ക്രിസ്റ്റ്യാനോക്ക് വേണ്ടി കാത്തുവെച്ചതായിരുന്നു. ടീം ഒരുഗോളിന് പിന്നിൽനിൽക്കേ അയാൾ നേടിയത് വിജയത്തോളം പോന്ന സമനിലഗോൾ. ലോങ് റേഞ്ചുകളും ബൈസിക്കിൾ കിക്കും ഫ്രീകിക്കുമടക്കം പോയകാലത്ത് അയാൾ തന്നെ നേടിയ ഗോളുകളുടെ റേഞ്ച് നോക്കുമ്പോൾ ഇതൊരു സാധാരണ ഗോളാണ്. പക്ഷേ ആ കരിയറിന്റെ നീളവും അയാൾ കേട്ട വിമർശനങ്ങളും നോക്കുമ്പോൾ അതയാളുടെ കരിയറിലെ സുന്ദരമായ ഗോളുകളിലൊന്നാണിത്. മത്സരത്തിന് മുമ്പേ പരിക്കിന്റെ വേദനകളുണ്ടായിരുന്നുവെങ്കിലും അതിനെയും മറികടന്നാണ് റോണോ പന്തുതട്ടിയത്. മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ആ മുഖം വികാരവിക്ഷോഭങ്ങൾ അലയടിച്ചു.


ഒടുവിൽ റൂബൻ നെവസെടുത്ത അവസാന കിക്കും സ്പാനിഷ് വലയെ ചുംബിച്ചപ്പോൾ കണ്ണീരണിഞ്ഞ് ഗ്രൗണ്ടിൽ മുഖമമർത്തിയാണ് അയാൾ വിജയത്തെ വരവേറ്റത്. ഒരു തുടക്കക്കാരന്റെ അതേ പാഷനിലും ഇമോഷനിലും അയാൾ പോർച്ചുഗലിനായി മറ്റൊരു കിരീടം കൂടി ഏറ്റുവാങ്ങി. ‘‘ഞാൻ പല രാജ്യങ്ങളിൽ ജീവിച്ചവനാണ്, പല ക്ലബുകൾക്കും പന്തുതട്ടിയവനാണ്. പക്ഷേ പോർച്ചുഗൽ കുപ്പായമണിയുന്നതിനോളം മറ്റൊന്നും വരില്ല. ഈ തലമുറയുടെ ക്യാപ്റ്റൻ പദവിയണിയുന്നതും എനിക്ക് അഭിമാനമാണ്’’-മത്സരശേഷം റൊണാൾഡോ പറഞ്ഞുനിർത്തി. ടീമിന് ബാധ്യതയെന്നും കോമാളിയെന്നും പരിഹസിക്കപ്പെട്ടവൻ നാൽപതാംവയസ്സിൽ യൂറോപ്പിലെ എലൈറ്റ് വേദികളിലൊന്നിൽ കുറിച്ച എട്ടാംഗോൾ. യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ഗ്യോകരസിന് ഒരുഗോൾ മാത്രം പിന്നിൽ. ഹാളണ്ടും ഇസാഖും സെസ്കോയുമടക്കമുള്ളവരേക്കാൾ മുന്നിൽ.


പോർച്ചുഗീസ് പരിശീലകൻ റോബർട്ടോ മാർട്ടിനസിനും ഇതൊരു ആശ്വാസമാണ്. ബെൽജിയത്തിന്റെ സുവർണതലമുറയെ ഒന്നുമുല്ലാതെയാക്കിയവൻ എന്ന കുറ്റപത്രവുമായാണ് മാർട്ടിനസ് പോർച്ചുഗലിലെത്തുന്നത്. ശക്തമായ ടീമുണ്ടായിട്ടും പോർച്ചുഗലിലും അതേ വിധി ആവർത്തിക്കുന്ന എന്ന വിമർശനങ്ങൾക്കിടയിലാണ് ഒരു കിരീടത്തിൽ ടീം മുത്തമിടുന്നത്. 12 വർഷത്തിനിടയിൽ റോബർട്ടോ മാർട്ടിനസ് നേടുന്ന ആദ്യ കിരീടം. റൊണാൾഡോയിൽ പൂർണമായും വിശ്വസിച്ച് കൊണ്ടാണ് ഈ വിജയമെന്നത് ആരാധകർക്കും മാർട്ടിനസിനെ പ്രിയങ്കരമാക്കുന്നു. കൂടെനിൽക്കുന്ന കോച്ചും അതിഗംഭീരമായ താരങ്ങളും ഇപ്പോൾ ക്രിസ്റ്റ്യാനോക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതനെന 2026 ലോകകപ്പ് വെറുമൊരു സ്വപ്നമല്ല എന്ന് ഓരോ ആരാധകനും വിശ്വസിക്കുന്നു.

TAGS :

Next Story