യൂണിറ്റി കപ്പ്: ജമൈക്കയോട് തോറ്റ് ഇന്ത്യ സെമിയിൽ പുറത്ത്
മലയാളി താരം നൗഫലിന് ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറ്റം

ലണ്ടൻ: ലണ്ടനിൽ നടന്ന യൂണിറ്റി കപ്പ് സെമി ഫൈനലിൽ ഇന്ത്യ ജമൈക്കയോട് എതിരില്ലാത്ത രണ്ട ഗോളുകൾക്ക് പരാജയപ്പെട്ടു. ചാൾട്ടൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ദ വാലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ജമൈക്കൻ താരങ്ങൾ മികച്ച ആധിപത്യം പുലർത്തി. എട്ടാം മിനിറ്റിൽ കോർട്ട്‌നി ക്ലാർക്ക് നേടിയ ഗോൾ ജമൈക്കക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
78-ാം മിനിറ്റിൽ കഹീം ഡിക്സൺ നേടിയ ഗോൾ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി നൗഫൽ പിഎൻ, റിക്കി ഷാബോങ് എന്നിവർ അരങ്ങേറ്റം കുറിച്ചു. എന്നാൽ ഫൈനൽ തേർഡിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ കഷ്ടപ്പെട്ടു.
നൈജീരിയയും ജമൈക്കയും തമ്മിലായിരിക്കും ടൂർണമെന്റിലെ ഫൈനൽ. സിംബാബ്‌വെക്കെതിരായ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. 2002ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പുരുഷ ടീം ബ്രിട്ടീഷ് മണ്ണിൽ ഒരു മത്സരം കളിക്കുന്നത്.
Adjust Story Font
16

