ഐഎസ്എൽ പ്രതിസന്ധി; ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ആശങ്ക അറിയിച്ച് ക്ലബ്ബുകൾ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അഭിസംബോധന ചെയ്ത് ക്ലബ്ബുകൾ സംയുക്ത പ്രസ്താവനയിറക്കി.

ന്യൂ ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഭാവി വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതായി സൂചന. വരാനിരിക്കുന്ന പുതിയ സീസണിന്റെ ഘടനയിലും നടത്തിപ്പിലും അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ മുഴുവൻ ക്ലബ്ബുകളും ചേർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് സംയുക്ത പ്രസ്താവന അയച്ചു. നിലവിലെ സാഹചര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും, ഭാവിയിൽ വ്യക്തത ലഭിച്ചില്ലെങ്കിൽ ലീഗിനൊപ്പം തുടരാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ക്ലബ്ബുകൾ മുന്നറിയിപ്പ് നൽകി.
ഈസ്റ്റ് ബംഗാൾ കന്നി ഐഎസ്എൽ കിരീടം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ക്ലബ്ബുകൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകി ആരംഭിച്ചതും മത്സരങ്ങൾ വെട്ടിച്ചുരുക്കിയതുമായ ഒരു സീസണാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 14 ക്ലബ്ബുകൾക്ക് വെറും 13 മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. ഈ അസ്വാഭാവികമായ ലീഗ് ഘടന വലിയ സാമ്പത്തിക നഷ്ടവും നിരാശയുമാണ് സമ്മാനിച്ചതെന്ന് ക്ലബ്ബുകൾ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായി വൻതോതിൽ പണം നിക്ഷേപിക്കുന്ന തങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു സുതാര്യതയും ലഭിക്കുന്നില്ലെന്നാണ് ക്ലബ്ബുകളുടെ പ്രധാന പരാതി. ലീഗിന്റെ വാണിജ്യപരമായ വരുമാനത്തിലും ഘടനയിലും കൃത്യതയില്ലാത്തത് ക്ലബ്ബുകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഫുട്ബോളിനെ ജനപ്രിയമാക്കാൻ നിക്ഷേപം നടത്തുന്നവരെ എഐഎഫ്എഫ് അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ക്ലബ്ബുകൾ തന്നെ ഒരു ബദൽ പ്രവർത്തന മാതൃക എഐഎഫ്എഫിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അത് ഗൗരവമായി പരിഗണിക്കണമെന്നും ഫുട്ബോൾ ഫെഡറേഷൻ എല്ലാവരുമായി ചേർന്ന് സുസ്ഥിരമായ ഒരു ഫോർമുല രൂപീകരിക്കാൻ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
Adjust Story Font
16

