Quantcast

'വരും സീസൺ മുഴുവനും ബെഞ്ചിൽ ഇരുന്നോളാം': പി.എസ്.ജിയോട് 'ഉടക്കി' എംബാപ്പെ

പത്ത് വർഷത്തേക്കൊരു വമ്പൻ കരാർ എംബാപ്പെക്ക് മുന്നിൽ പി.എസ്.ജി വെച്ചെങ്കിലും താരം തൃപ്തനല്ല

MediaOne Logo

Web Desk

  • Published:

    22 July 2023 12:50 PM GMT

Kylian Mbappe
X

കിലിയന്‍  എംബാപ്പെ

പാരിസ്: പി.എസ്.ജിയുമായി സൂപ്പർതാരം കിലിയൻ എംബാപ്പെ അത്ര രസത്തിലല്ലെന്ന റിപ്പോർട്ടുകൾ സജീവാണ്. പി.എസ്.ജി വിടാനാണ് എംബാപ്പെ ഒരുങ്ങുന്നത്. എന്നാൽ ലാഭമില്ലാത്തൊരു വിൽക്കലിന് പി.എസ്.ജിയും തയ്യാറല്ല. അടുത്ത വർഷം വരെ എംബാപ്പെക്ക് പി.എസ്.ജിയുമായി കരാർ ഉണ്ട്. അതിന് മുമ്പ് വിറ്റാൽ ട്രാൻസ്ഫർ ഫീ ഇനത്തിൽ പി.എസ്.ജിക്ക് നല്ലൊരു തുക ലഭിക്കും.എന്നാൽ അങ്ങനെപ്പോകാൻ എംബാപ്പെയ്ക്ക് താൽപര്യവുമില്ല.

അതേസമയം പത്ത് വർഷത്തേക്കൊരു വമ്പൻ കരാർ എംബാപ്പെക്ക് മുന്നിൽ പി.എസ്.ജി വെച്ചെങ്കിലും താരം തൃപ്തനല്ല. അതുപ്രകാരം 34 വയസ് വരെ താരത്തിന് പി.എസ്.ജിയിൽ തുടരേണ്ടിവരും. പ്രീ സീസണിന്റെ ഭാഗമായി ജപ്പാൻ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ പിഎസ്ജിക്ക് മത്സരങ്ങളുണ്ട്. ഇതിലേക്കുള്ള പിഎസ്ജി ടീമിൽ എംബാപ്പെയെ ഉൾപ്പെടുത്തിയിട്ടില്ല. ടീമിനൊപ്പം നിൽക്കാൻ താത്പര്യമുള്ളവരെയാണ് പിഎസ്ജി ടീമിലെടുത്തതെന്നും രണ്ട് മനസുള്ളവരെ പരിഗണിച്ചില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ഇതോടെ എംബാപ്പെ സ്വരം കടുപ്പിച്ചു. തന്നെ കളിപ്പിച്ചില്ലെങ്കിലും വേണ്ട കരാർ അവസാനിക്കും വരെ ബെഞ്ചിലിരുന്നോളാം എന്നാണ് എംബാപ്പെയുടെ നിലപാട്. ഫ്രാൻസ് നായകനെന്ന നിലയിൽ യൂറോ കപ്പ് ഉൾപ്പെടെ എംബാപ്പെക്ക് ദേശീയ ടീമിൽ മത്സരങ്ങളുണ്ട്. അതിനാൽ തന്നെ ക്ലബ്ബ് ടീമിൽ പുറത്തിരുന്നാലും പ്രകടനത്തെ ബാധിക്കില്ല. ഇക്കാര്യം മുന്നിൽകണ്ടാണ് എംബാപ്പെയുടെ തീരുമാനം എന്നറിയുന്നു. കളിപ്പിച്ചില്ലെങ്കിലും എംബാപ്പെക്ക് പിഎസ്ജി പണം നൽകേണ്ടിയുംവരും. റയൽമാഡ്രിഡിൽ ഫ്രീ ഏജന്റ് എന്ന നിലയിൽ പോകാനാണ് എംബാപ്പെ താത്പര്യപ്പെടുന്നതെന്നാണ് വിവരം.

എന്നാൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് എംബാപ്പെയുമായി പിഎസ്ജി അധികൃതർ സംസാരിച്ചിരുന്നുവെങ്കിലും തീരുമാനത്തിൽ എത്തിയില്ലെന്ന് അറിയുന്നു. ഇതിനിടയിലാണ് താരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ്ബ് അൽഹിലാൽ രംഗത്തുവന്നത്. വൻ ഓഫറാണ് ഹിലാൽ മുന്നോട്ടുവെച്ചതെന്നാണ് സൂചന. ഇതിലെ പുരോഗതിയും നോക്കുന്നുണ്ട്.

TAGS :

Next Story