ലയണൽ മെസ്സിയുടെ പരിക്ക്; ആശങ്കപെടേണ്ടതുണ്ടോ അർജന്റീന ആരാധകർ?
ഫിലാഡൽഫിയക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ മെസ്സി കളം വിടുകയായിരുന്നു.

മയാമി: 2026 ഫിഫ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അർജന്റീന ആരാധകരെയും ടീം ക്യാമ്പിനെയും ആശങ്കയിലാഴ്ത്തി നായകൻ ലയണൽ മെസ്സിയുടെ പരിക്ക്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിനിടയിലാണ് സൂപ്പർ താരത്തിന് പരിക്കേറ്റത്. ഫിലാഡൽഫിയക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ മെസ്സി കളം വിടുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിന്റെ ക്യാമ്പിൽ ചേരുന്നതിന് മുമ്പ് താരം കളിക്കുന്ന അവസാന മത്സരമായിരുന്നു ഇത്.
മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ തന്നെ മെസ്സി തന്റെ തുടയിലെ പേശികളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് 73-ാം മിനിറ്റിൽ ലഭിച്ച ഒരു ഫ്രീകിക്കിന് ശേഷം തനിക്ക് ഇനി കളിക്കാൻ കഴിയില്ലെന്ന് താരം ബെഞ്ചിന് സിഗ്നൽ നൽകുകയും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. മെസ്സി സ്വയം പിന്മാറാൻ ആവശ്യപ്പെട്ടത് വലിയ രീതിയിലുള്ള ആശങ്കകൾക്കാണ് വഴിതുറന്നത്.
എന്നാൽ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഇന്റർ മയാമി പരിശീലകൻ ഗ്വില്ലെർമോ ഹോയോസ് ആരാധകർക്ക് ആശ്വാസം നൽകുന്ന പ്രതികരണമാണ് നൽകിയത്. മെസ്സിയുടേത് ഗുരുതരമായ പരിക്കല്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹത്തെ മാറ്റിയതെന്നും വ്യക്തമാക്കി. ഹാർഡ് പിച്ച് ആയതിനാൽ താരത്തിന് അമിതമായ മസിൽ ഫറ്റീഗ് അനുഭവപ്പെട്ടിരുന്നുവെന്നും, ലോകകപ്പ് മുന്നിൽ നിൽക്കുന്നതിനാൽ യാതൊരുവിധ റിസ്കും എടുക്കാൻ തയാറായില്ല എന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
ലോകകപ്പ് കിരീടം നിലനിർത്താനായി ഇറങ്ങുന്ന അർജന്റീനയുടെ 26 അംഗ അന്തിമ സ്ക്വാഡ് പരിശീലകൻ ലയണൽ സ്കലോണി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെസ്സി തന്നെയായിരിക്കും ടീമിനെ നയിക്കുക എന്നത് ഉറപ്പാണ്. കഴിഞ്ഞ നാല് വർഷമായി ഇന്റർ മിയാമിയിൽ കളിക്കുന്ന താരം ഈ ലോകകപ്പിനുള്ള തയ്യാറെടുപ്പിലായിരുന്നു.
ജൂൺ 17ന് അൾജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ജൂൺ 22ന് ഓസ്ട്രിയ, ജൂൺ 27ന് ജോർദാൻ ടീമുകൾക്കെതിരെയാണ് മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ലോകകപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളിൽ അർജന്റീന കളിക്കുന്നുണ്ട്. ജൂൺ ഏഴിന് ഹോണ്ടുറാസും ജൂൺ പത്തിന് ഐസ്‌ലൻഡുമാണ് എതിരാളികൾ.
Adjust Story Font
16

