ആൻഫീൽഡിൽ ബലാബലം; ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കാൻ ലിവർപൂളിന്റെ കാത്തിരിപ്പ് തുടരുന്നു

ലിവർപൂൾ: പ്രീമിയർ ലീഗിൽ ചെൽസി - ലിവർപൂൾ മത്സരം സമനിലയിൽ അവസാനിച്ചു (1-1). ലിവർപൂളിനായി ഗ്രാവൻബെർഷും. ചെൽസിക്കായി എൻസോ ഫെർണാണ്ടസുമാണ് ഗോൾ നേടിയത്. സീസണിൽ എട്ടാം തവണയാണ് ആൻഫീൽഡിൽ ലിവർപൂളിന് ജയിക്കാനാകാതെ മടങ്ങുന്നത്. അതെ സമയം ആറ് മത്സരങ്ങളിലെ തുടർച്ചയായ തോൽവിക്ക് ശേഷം ആദ്യമായി പോയിന്റ് കരസ്ഥമാക്കി ചെൽസി.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആറാം മിനിറ്റിൽ ബോക്സിന്റെ പുറത്ത് നിന്ന് ഗോൾ കണ്ടെത്തി ഗ്രാവൻബെർഷ് ലിവർപൂളിന് ലീഡ് നൽകി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ചെൽസി അതിനുള്ള മറുപടിയും കണ്ടെത്തി. 35ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് എൻസോ ഫെർണാണ്ടസാണ് ബ്ലൂസിനായി സമനില ഗോൾ കണ്ടെത്തിയത്. തുടർന്നും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിജയഗോൾ കണ്ടെത്തനായില്ല.
സമനിലയോടെ അടുത്ത സീസണിലേക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഉറപ്പിക്കാൻ ലിവർപൂളിന് ഇനിയും കാത്തിരിക്കണം. നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി നാലാം സ്ഥാനത്താണ് ലിവർപൂൾ, 49 പോയിന്റുമായി ചെൽസി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ആസ്റ്റൺ വില്ലയാണ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ അടുത്ത എതിരാളികൾ. അതെ സമയം ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എഫ്എ കപ്പ് ഫൈനൽ കളിക്കാനൊരുങ്ങുകയാണ് ചെൽസി.
Adjust Story Font
16

