'നെയ്മർ സുപ്രധാന താരം'; ബ്രസീൽ സൂപ്പർ താരത്തെ പിന്തുണച്ച് അഞ്ചലോട്ടി

റിയോ ഡി ജനീറ: 2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ നെയ്മറിന്റെ റോൾ പ്രധാനപ്പെട്ടതായിരിക്കുമെന്ന് പരിശീലകൻ കാർലോ അഞ്ചലോട്ടി പറഞ്ഞു. സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവൻ മികച്ച രീതിയിൽ തയാറെടുപ്പ് നടത്തണം. ഇതിനുള്ള സമയമുണ്ട്. ബ്രസീൽ ടീമിനെ സംബന്ധിച്ച് വരുന്ന ലോകകപ്പിൽ നെയ്മർ പ്രധാന കളിക്കാരനാണ്'- ആഞ്ചലോട്ടി വ്യക്തമാക്കി.
പരിക്കിനെ തുടർന്ന് ആഞ്ചലോട്ടിയുടെ തുടക്ക മത്സരങ്ങളിൽ നെയ്മർക്ക് ഇടംലഭിച്ചിരുന്നില്ല. എന്നാൽ പരിക്ക്മാറി താരത്തിന് ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന് വ്യക്തമാക്കുന്നതാണ് കോച്ചിന്റെ പ്രതികരണം. സൂപ്പർ താരത്തിന്റെ അഭാവത്തിൽ ഇറങ്ങിയ ബ്രസീൽ 2026 ലോകകപ്പിനായി യോഗ്യത നേടിയിരുന്നു.
നിലവിൽ സാന്റോസിനായി കളിക്കുന്ന താരം അടുത്തിടെയാണ് ബ്രസീലിയൻ ക്ലബ്ബയുമായുള്ള കരാർ പുതുക്കിയത്. 2025 ഡിസംബർ വരെയാണ് പുതിയ കരാർ. പരിക്ക്കാരണം കഴിഞ്ഞ അഞ്ച് മാസത്തിൽ 12 തവണ മാത്രമാണ് നെയ്മർ കളത്തിലിറങ്ങിയത്.
സാന്റോസിലെ നെയ്മറിന്റെ മികച്ച പ്രകടനം കാരണം മാർച്ചിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലേക്ക് താരത്തെ വിളിച്ചിരുന്നു. എന്നാൽ പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്നു. 2023 ഒക്ടോബറിന് ശേഷം നെയ്മർ ദേശീയ ടീമിനായി കളിച്ചിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള താരം സാന്റോസിലൂടെ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
Adjust Story Font
16

