ആഞ്ചലോട്ടിയുടെ ലോകകപ്പ് ടീം; ടിക്കറ്റുറപ്പിക്കാൻ നെയ്മറിന് മുന്നിൽ ഇനിയുള്ള സാധ്യതകൾ
അവസാന 10 മത്സരങ്ങളിൽ നിന്നായി സാന്റോസിനായി 12 ഗോൾ കോൺഡ്രിബ്യൂഷനാണ് നെയ്മർ നടത്തിയത്
- Published:
7 April 2026 4:08 PM IST

പോയദിനം ലോകകപ്പ് ഇതിവൃത്തമാക്കി ടോയ് മാനുഫാക്ചറിങ് കമ്പനിയായ ലെഗോ ഒരു വീഡിയോ പുറത്തിക്കിറിയിരുന്നു. മിനിറ്റുകൾക്കകം സമൂഹ മാധ്യമങ്ങൾ കത്തിപ്പടർന്നൊരു വീഡിയോ. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ തുടങ്ങി ലോക ഫുട്‌ബോളിലെ സൂപ്പർ താരങ്ങളെല്ലാം ഒരൊറ്റ ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ട അപൂർവ്വ ദൃശ്യം. എന്നാൽ പരസ്യ ചിത്രത്തിൽ ഉള്ളവരേക്കാൾ ഏറെ ചർച്ചയായത് അതിൽ ഇല്ലാതിരുന്ന ഒരു പേരായിരുന്നു. അതെ, നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയർ... കാനറികളുടെ സ്വന്തം സുൽത്താൻ. അയാൾ ഇല്ലാതെ ആ ലോകകപ്പ് ഫ്രെയിം എങ്ങനെ പൂർണമാകും? സോഷ്യൽമീഡിയ ഒന്നടങ്കം ചോദിക്കുന്നത് ഇതാണ്. ബ്രസീൽ സ്റ്റേഡിയങ്ങളിലും തെരുവുകളിലും നെയ്മറിനായി മുറവിളി ഉയർന്നുകൊണ്ടേയിരിക്കുന്നു. വാദിക്കുന്നവരിൽ സഹതാരങ്ങൾ മുതൽ മുൻ താരങ്ങൾ വരെ. എല്ലാത്തിനും മൂക സാക്ഷിയായി കാർലോ ആഞ്ചലോട്ടിയെന്ന ബ്രസീൽ പരിശീലകൻ. ലോകകപ്പ് 26 അംഗ ഫൈനൽ സ്‌ക്വാഡ് അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ നിലവിലെ സാഹചര്യത്തിൽ ബ്രസീൽ ടീമിലേക്ക് നെയ്മറിന് ഇനിയൊരു സാധ്യതയുണ്ടോ... പരിശോധിക്കാം.
കഴിഞ്ഞ ദിവസം ബ്രസീലിയൻ ലീഗ് സീരി എയിൽ സാന്റോസിനായി സ്റ്റാർട്ട് ചെയ്ത നെയ്മർ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു.അസിസ്റ്റും പ്രീ അസിസ്റ്റുമായി ക്ലബ് വിജയത്തിൽ നിർണായക റോൾ.റെമോക്കെതിരായ മത്സരത്തിൽ പ്ലെയർഓഫ്ദിമാച്ച് പുരസ്‌കാരവും താരത്തെ തേടിയെത്തി. മൈതാന മധ്യത്തിൽ നിന്ന് രണ്ട് റെമോ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്‌സിലേക്ക് നൽകിയ ലോബ്ഡ് പാസ്, നെയ്മറിന്റെ പ്രതിഭാസ്പർശം തുറന്നുകാട്ടുന്നതായിരുന്നു. പോസ്റ്റിലേക്ക് തട്ടിയിടേണ്ട ദൗത്യം മാത്രമായിരുന്നു സാന്റോസ് മിഡ്ഫീൽഡർ തസിനായോക്കുണ്ടായിരുന്നത്. മത്സരത്തിലുടനീളം നെയ്മറിനെ പ്രകോപിതനാക്കാനായി റെമോ ആരാധകർ ശ്രമിച്ചുകൊണ്ടേയിരുന്നു. 'നിങ്ങൾ ലോകകപ്പിന് പോകില്ല'
എന്ന ചാന്റുകളാണ് എവേ ഗ്യാലറിയിൽ നിന്ന് ഉയർന്നുകേട്ടത്. എന്നാൽ കളിക്കളത്തിൽ നെയ്മറിന്റെ പോരാട്ടവീര്യത്തെ ഒരിഞ്ചുപോലും തളർത്താൻ ഇതുകൊണ്ടൊന്നുമായില്ല. കടുത്തമാർക്കിങിനിടെയും അയാൾ മൈതാനത്ത് കളം വരച്ചുകൊണ്ടേയിരുന്നു. മധ്യനിരയിൽ നിർണായക പ്രകടനം. ഗോളിലേക്കുള്ള കില്ലർ പാസുകൾ. റെലഗേഷൻ സോൺ ഭീഷണിയൊഴിവാക്കാനും ഈ ജയത്തോടെ സാന്റോസിനായി അവസാന 10 മത്സരങ്ങളിൽ നിന്നായി 12 ഗോൾ കോൺഡ്രിബ്യൂഷൻ. ഫിറ്റ്‌നസിന്റെ കാര്യത്തിൽ നിരന്തരം വിമർശിക്കപ്പെടുമ്പോഴും സാന്റോസിനായി നെയ്മർ തന്റെ ദൗത്യം നിർവഹിച്ചുകൊണ്ടേയിരിക്കുക യായിരുന്നു. നൂറുശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്താൽ ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിക്കും. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി നിരന്തരം പറയുന്നത് ഈയൊരൊറ്റ കാര്യമാണ്. പോയവർഷം മെയ് മാസം ചുമതലയേറ്റെടുത്ത ശേഷം ഇതുവരെ ആഞ്ചലോട്ടിയുടെ സ്‌ക്വാഡിൽ ഇടംപിടിക്കാൻ നെയ്മറിനായില്ല. പരിക്ക് കാരണം ദീർഘകാലം പുറത്തായിരുന്നെങ്കിൽ, പിന്നീട് ഫിറ്റ്‌നസ് കൺസേൺ പറഞ്ഞ് മാറ്റിനിർത്തപ്പെട്ടു. ഏറ്റവും അവസാനം ബ്രസീൽ കളിച്ച ഫ്രാൻസിനും ക്രോയേഷ്യക്കും എതിരായ സൗഹൃദ മത്സരത്തിലേക്കും സൂപ്പർതാരത്തെ പരിഗണിച്ചില്ല.
ലോകകപ്പിന് തൊട്ടുമുൻപായി ജൂണിൽ പനാമക്കും ഈജിപ്തിനുമെതിരെയാണ് കാനറികളുടെ ഇനിയുള്ള ഫ്രണ്ട്‌ലി മാച്ചുകൾ. അതിന് മുൻപായി ലോകകപ്പ് ടീം പ്രഖ്യാപനം വരും. അതിനാൽ തന്നെ ലോകകപ്പ് ടീമായിരിക്കും ഈ രണ്ട് മത്സരത്തിലും അണിനിരക്കുകയെന്ന കാര്യവും തീർച്ചയാണ് നിലവിൽ നെയ്മറിന്റെ ഫോമും ഫിറ്റ്‌നസും ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷനും നിരന്തരം നിരീക്ഷിച്ചുവരികയാണ്. മെയ് 18ന് ബ്രസീൽ ലോകപ്പിനുള്ള 26 അംഗ ടീം പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് മുൻപായി നെയ്മറിന് മുന്നിൽ സാന്റോസിൽ പരമാവധി 14 മത്സരങ്ങൾ വരെയാണുള്ളത്. പരിക്കേൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ സാന്റോസ് നെയ്മറിനെ എല്ലാ കളിയിലും ഇറക്കാനുള്ള സാധ്യതയും നിലവിലെ സാഹചര്യത്തിൽ കുറവാണ്. എന്തായാലും താരത്തിന്റെ ഇനിയുള്ള ആഴ്ചകളാകും ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള പ്രവേശനത്തിൽ ക്രൂഷ്വലാകുകയെന്ന കാര്യം തീർച്ചയാണ്. എന്നാൽ ബ്രസീൽ നിരയിലേക്ക് മുന്നേറെകുയെന്നത് നെയ്മറിനെ സംബന്ധിച്ച് ഒട്ടും എളുപ്പമാകില്ല. ഫ്രാൻസിനും ക്രോയേഷ്യക്കുമെതിരായ മത്സരത്തിൽ ഡാനിലോ,എൻഡ്രിക്, ഇഗോർ തിയാഗോ എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലൂക്കാസ് പക്വറ്റയും അവസരം കാത്തിരിക്കുന്നു. ഇതിന് പുറമെ യൂറോപ്യൻ ഫുട്‌ബോളിലടക്കം മിന്നിതിളങ്ങുന്ന വലിയൊരു താരനിര വേറെയുമുണ്ട്. ഇവർക്ക് മുകളിൽ സ്ഥാനമുറപ്പിക്കാൻ നെയ്മറിന് കഠിനാദ്ധ്വാനം തന്നെ ചെയ്യേണ്ടിവരും.
നേരത്തെ ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷനിൽ നെയ്മറിനുണ്ടായിരുന്ന സ്വാധീനം ഇപ്പോൾ ഇല്ലെന്നതും താരത്തിന ്തിരിച്ചടിയാണ്. റൊണാൾഡോ നസാരിയോ അടക്കമുള്ള മുൻതാരങ്ങൾ നെയ്മറിനായി രംഗത്തുണ്ടെങ്കിലും കാർലോ ആഞ്ചലോട്ടിയുടെ തീരുമാനത്തിനൊപ്പമാകും സിബിഎഫ് മുന്നോട്ട് പോകുകയെന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമെതിരായ നിർണ്ണായക മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ പ്രസ്മീറ്റിൽ നെയ്മറുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ആഞ്ചലോട്ടി തടയുന്നതും പോയദിനം നമ്മൾകണ്ടു. നിലവിലുള്ള ടീമിലും താരങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും ഇറ്റാലിയൻ കോച്ച് പറയാതെ പറയുന്നു. ഫ്രാൻസിനോട് തോറ്റെങ്കിലും ക്രോയേഷ്യയ്‌ക്കെതിരെ വിജയം നേടാനായത് വിശ്വമേളക്ക് മുൻപായി ആഞ്ചലോട്ടിക്കും ആത്മവിശ്വാസം നൽകുന്നതാണ്.
കരിയറിലുടനീളം പരിക്ക് അയാൾക്ക് മുന്നിൽ വില്ലനായെത്തിയിട്ടുണ്ട്. 2023 ഒക്ടോബറിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ താരം ദീർഘകാലത്തിന് ശേഷമാണ് നെയ്മർ കളത്തിലേക്ക് മടങ്ങിയെത്തിയത്. പ്രതിബന്ധങ്ങളെല്ലാം മറികടന്നെത്തിയ നെയ്മർ വിശ്വമേളക്കായി അവസാനം വരെയും അയാൾ പോരാടുമെന്ന കാര്യം തീർച്ചയാണ്. സാന്റോസിൽ ഇനിയുള്ള ദിനങ്ങൾക്ക് അയാളുടെ കരിയറിന് പൊന്നുംവിലയാണുള്ളത്. ലോക വേദിയിൽ ബ്രസീൽ മഞ്ഞ ജേഴ്‌സിയിൽ അയാളെ വീണ്ടുമൊരിക്കൽ കാണാനാകുമോ... കാത്തിക്കാം.
Adjust Story Font
16
