ബുഡാപെസ്റ്റിലേക്ക് പിഎസ്ജി വരുന്നു ; ഇക്കുറി കിരീടം നിലനിർത്താൻ തന്നെയാണ് പ്ലാൻ

ഒരറ്റത്ത് തങ്ങളുടെ കിരീടം നിലനിർത്താൻ ഒരുങ്ങിവരുന്ന ലൂയിസ് എൻറിക്കെയുടെ പിഎസ്ജി, മറുപുറത്ത് കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മിക്കൽ ആർട്ടേറ്റയുടെ ആർസനൽ, മെയ് 30ന് ഹങ്കറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ യൂറോപ്യൻ വിശ്വാപോരാട്ടത്തിന്റെ അരങ്ങുണരുമ്പോൾ ഒരു കാര്യം ഉറപ്പ്, അതൊരു ഒന്നൊന്നര മത്സരമായിരിക്കും. കാരണം മുഖാമുഖമെത്തുന്നത് യൂറോപ്പിലെ ബെസ്റ്റ് അറ്റാക്കിങ് ടീമുകളിൽ ഒന്നായ പിഎസ്ജിയും റോക്ക് സോളിഡ് ഡിഫൻസിന് പേര് കേട്ട ആർസനലുമാണ്.
5-4 പാർക് ഡെസ് പ്രിൻസസിൽ കിട്ടിയ നൂല് പോലെ നേർത്ത ആ മാർജിനിന്റെ ബലത്തിൽ ജർമനിയിലേക്ക് വണ്ടി കയറുമ്പോൾ ലൂയിസ് എൻറിക്കെക്ക് ഒരു കാര്യം മനസിലുണ്ടായിരുന്നു, അലയൻസ് അരീനയിൽ അവരെ കാത്തിരിക്കുന്നത് കേവലം ബയേണിന്റെ 11 താരങ്ങൾ മാത്രമല്ല. 75000 ത്തോളം വരുന്ന അവരുടെ ആരാധകർ കൂടിയാണ്. അതുകൊണ്ട് തന്നെ സർവസജ്ജരായി, സകല പടക്കോപ്പുകളും രാഗി മിനുക്കി, ഒരുങ്ങി തന്നെയാണ് അവർ മ്യൂണിക്കിൽ പറന്നിറങ്ങിയത്. പരിക്ക് മൂലം അഷ്‌റാഫ് ഹകീമി പുറത്തിരുന്നപ്പോൾ ഫാബിയാൻ റൂയിസ് ആദ്യ ഇലവനിലെത്തി. വാറൻ സായിറേ എമറിയാണ് ഹകീമിക്ക് പകരം വലത് വിങ് ബാക്ക് റോളിലിറങ്ങിയത്. അപ്പുറത്ത് ബയേണിനും ഈ മത്സരം അതിനിർണായകമായിരുന്നു, 2020ൽ ജേതാക്കാളായതിൽ പിന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിട്ടില്ലാത്ത ജർമ്മൻ വമ്പൻമാർക്ക് ഇക്കുറി കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാനാവില്ല, കാരണം യൂറോപ്പിലാകെ ഗോൾ മഴ പെയ്യിച്ച് റെക്കോർഡുകളുടെ കൂമ്പാരം തീർക്കുന്ന തിരക്കിലായിരുന്നു അവരുടെ മുന്നേറ്റ നിര. ആരെയും വിറപ്പിക്കാൻ പോന്ന ആ മൂവർ സംഘവും വിൻസെന്റ് കൊമ്പനിയെന്ന ബുദ്ധികേന്ദ്രവും ഒന്ന് ചേരുമ്പോൾ സ്വന്തം മൈതാനത്ത് ഒരു മിറാക്കിൽ അവരും മോഹിച്ചിരുന്നു. അൽഫോൺസോ ഡേവീസിന് പകരം കൊണാർ ലെയ്മറിനെ ആദ്യ ഇലവനിൽ ഇറക്കിയെന്നത് ഒഴിച്ച് നിർത്തിയാൽ ബയേൺ നിര ആദ്യ പാദത്തിന് സമാനമായിരുന്നു.
SCHIESST UNS INS FINALE , SHOOT US INTO THE FINAL ; കിക്കോഫിന് തൊട്ട് മുന്നിൽ അലയൻസ് അരീനയിലെ ആ ഗാലറി ഒരു കൂറ്റൻ ടിഫോ അങ് ഇറക്കി വിട്ടു, ലൂയിസ് എൻറിക്കെക്കും പിഎസ്ജിക്കും വരാനിരിക്കുന്ന 90 മിനുട്ട് ഒരിക്കലും എളുപ്പമാവില്ലെന്ന ഒരു സൂചനയായിരുന്നു അത്, പക്ഷേ അതിനുള്ള മറുപടി കൊടുക്കാൻ പിഎസ്ജിക്ക് വേണ്ടി വന്നത് വെറും രണ്ടര മിനുറ്റാണ്. ഇടത് ഫ്ലാങ്കിലൂടെ ഫാബിയാൻ റൂയിസ് നീട്ടി നൽകിയ പന്തിലേക്ക് ക്വിച്ച ക്വാർട്ട്സ്‌കേലിയ അതിവേഗം പാഞ്ഞടുത്തു. പന്തുമായി ബയേൺ ബോക്സിലേക്ക് കടന്ന താരത്തിന് ഒപ്പം പിടിക്കാൻ ഉപമെക്കാനോ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും സാധിച്ചില്ല, സെക്കൻഡ് പോസ്റ്റിൽ നിന്നും ഒരൽപം വൈഡായി പൊസിഷൻ ചെയ്ത ഡെംബലേക്ക് ക്വിച്ച ഒരു പെർഫെക്ട് പാസ് ഒരുക്കി നൽകിയപ്പോൾ അതിനെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ദൗത്യം മാത്രമേ താരത്തിനുണ്ടായിരുന്നുള്ളൂ. ക്ലോക്കിൽ മൂന്ന് മിനുട്ട് തികയും മുമ്പേ ഗാലറി ഒരുവേള മൂകമായി. പിഎസ്ജി അഗ്ഗ്രിഗേറ്റിൽ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പാദം കണ്ടവരൊക്കെയും ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചതാണ്, കാരണം അടിയും തിരിച്ചടിയുമൊക്കെയായി ഒരു മാസ് മസാല എന്റർടെയ്‌നറായിരുന്നു പാരിസിലെ ആ മത്സരം. കണ്ണിമ വെട്ടിയാൽ ഒരു ഗോൾ അവസരം മിസ് ചെയ്തത് പോലെയുള്ള ഒരു സീറ്റ് എഡ്ജ് ത്രില്ലർ. എത്ര ഗോളിന് പിന്നലാണെങ്കിലും ഇരുടീമും ഒരു കംബാക്ക് നടത്തുമെന്ന വിശ്വാസം അന്നേ ആരാധകർക്ക് കിട്ടിയതാണ്, അത് കൊണ്ട് തന്നെ ഗാലറിയൊന്നാകെ ബയേണിന്റെ കംബാക്കിനായി ആർത്ത്വിളിച്ച് കൊണ്ടേയിരുന്നു. ഒലീസെയും ഡിയാസും കെയ്‌നുമൊക്കെ ചേർന്ന് പിഎസ്ജി കോട്ടക്ക് വിള്ളൽ വീഴ്ത്താൻ ശ്രമം തുടരുമ്പോൾ, ക്വിച്ച, ഡുവെ, ഡെംബലെ ത്രയം ലീഡുയർത്താനുള്ള നീക്കങ്ങളിലായിരുന്നു. ഇരുകൂട്ടരുടെയും ശ്രമങ്ങൾ പലതും നേരിയ വ്യത്യാസത്തിൽ ഗോളാവാതെ പോയി. അതിനിടെ 29 ആം മിനുട്ടിൽ മത്സരത്തിലെ ആദ്യ വിവാദ സംഭവം അരങ്ങേറി. ഒരു കൗണ്ടർ അറ്റാക്കിനിടയിൽ വലത് വിങ്ങിലൂടെ മുന്നേറുന്ന ഒലീസെയിലേക്ക് ലൈമർ പന്ത് നീട്ടിനൽകിയപ്പോൾ അത് ചെന്നിടിച്ചത് നൂനോ മെൻഡസിന്റെ കയ്യിൽ, ഹാൻഡ് ബോളിനും കാർഡിനുമായി ബയേൺ താരങ്ങളും ബയേൺ ഡഗ്‌ഔട്ടും ഒരുപോലെ ആർത്ത് വിളിച്ചിട്ടും റഫറി ഫ്രീകിക്ക് അനുവദിച്ച് എതിർ ദിശയിൽ. എന്താണ് സംഭവിച്ചെതെന്നറിയാതെ അന്താളിച്ച് ഇരിക്കാൻ മാത്രമായിരുന്നു വിൻസെന്റ് കൊമ്പനിയുടെയും ബയേൺ സ്റ്റാഫിന്റേയും വിധി. ആ ഹാൻഡ്ബാൾ വിവാദത്തിന്റെ തീ കെട്ടടങ്ങും മുമ്പ് അടുത്ത സംഭവം അരങ്ങേറി, ഇക്കുറി നടന്നത് പിഎസ്ജി ബോക്സിനകത്ത്.
വെടിയുണ്ട കണക്കെ ഗോൾ പോസ്റ്റിയിലേക്ക് വന്ന ഷോട്ട് പിഎസ്ജി ഗോൾകീപർ മാറ്റ്വേ സഫോനോവ് ഒരു ഡൈവിങ് അറ്റംപ്റ്റിലൂടെ തടഞ്ഞിടുന്നു, റീബൗണ്ടിലേക്ക് ഓടിയെത്തുന്ന മുസിയാലയെ കണ്ട വിറ്റിന്യ പന്ത് ക്ലിയർ ചെയ്തെങ്കിലും അത് ജാവോ നെവസിന്റെ കയ്യിൽ ഇടിക്കുന്നു, ഇക്കുറി ബയേണിന്റെ ഹാൻഡ് ബോൾ അപ്പീൽ കുറച്ച് കൂടി ശക്തമായിരുന്നു, കാരണം ഗോൾ മടക്കാൻ പെനാൽറ്റിയിലൂടെ ഒരു അവസരമാണ് തങ്ങൾക്ക് മുന്നിൽ തെളിഞ്ഞ് വരുന്നതെന്ന ബോധ്യം അവർക്കുണ്ടായിരുന്നു, ഗാലറിയും അതിനൊപ്പം കൂടി. പക്ഷേ റഫറി ജാവോ പിനെയ്‌റോ അതിനോടും നോ തന്നെ പറഞ്ഞു. തുടർച്ചയായ രണ്ട് ഹാൻഡ്‌ബോളുകളിലും റഫറി തങ്ങൾക്കെതിരെ നിന്നതോടെ ബയേൺ കളി ഒരല്പം പരുക്കനാക്കി, ഡുവെയെ വീഴ്ത്തിയതിന് സ്റ്റാനിസിച്ചിന് മഞ്ഞക്കാർഡ് നൽകാൻ റഫറിക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടിയിരുന്നില്ല. ബയേൺ ബോക്സിലേക്ക് ഊർന്നിറങ്ങിയ ഫ്രീകിക്കിന് തലവെച്ച് ലീഡുയർത്താൻ ജാവോ നെവേസ് ശ്രമം നടത്തിയെങ്കിലും മാനുവൽ ന്യൂയർ അതിവിദഗ്ധമായി അത് തടഞ്ഞിട്ടു. മുസിയാലയുടെ ഒരു ക്ലീൻ അറ്റംപ്റ്റ് തടഞ്ഞിട്ട് സൊഫൊനോവും ആദ്യ പകുതിയിൽ കരുത്തുകാട്ടി.
രണ്ടാം പകുതിയിൽ ഇരുഗോൾകീപ്പർമാർക്കും പിടിപ്പത് പണിയായിരുന്നു, അറ്റാക്കിങ് യൂണിറ്റിന്റെ പേസിനൊപ്പം പിടിക്കാൻ എതിർ പ്രധിരോധ നിരക്ക് ആവാതെ വന്നതോടെ ന്യൂയറിനും സൊഫൊനോവിനും നന്നായി തന്നെ പണിയെടുക്കേണ്ടി വന്നു, തുടർച്ചയായ കൗണ്ടറുകളും സെറ്റ് പീസിൽ നിന്ന് ഉടലെടുത്ത അവസരങ്ങളുമെല്ലാം രണ്ട് പേരും സമർത്ഥമായി തടഞ്ഞിട്ടു, ഒരൽപം ലക്ക് ഫാക്ടർ കൂടി വന്നതോടെ ആദ്യ പാദത്തിലേതിന് സമാനമായി ഗോൾ മഴയൊന്നും ഇന്നലെ മൈതാനത്ത് കണ്ടില്ല, ഒടുക്കം ഇഞ്ചുറി സമയത്ത് അൽഫോൺസോ ഡേവിസ് ഒരുക്കിയ പാസിൽ ഹാരി കെയ്ൻ ബയേണിനായി വലകുലുക്കിയെങ്കിലും സമയം ഏറെ വൈകിയിരിന്നു. സെക്കന്റുകൾക്കിപ്പുറം മത്സരത്തിന്റെ ഫുൾ ടൈം വിസിൽ മുഴങ്ങുമ്പോൾ ലൂയിസ് എൻറിക്കേയുടെ സംഘം തങ്ങളുടെ തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചു.
ലീഗ് ഘട്ടത്തിൽ 4 ജയവും 2 വീതം തോൽവിയും സമനിലയുമായി 14 പോയിന്റുമായി 11 ആം സ്ഥാനത്തുണ്ടായിരുന്ന പിഎസ്ജി പ്ലേയോഫിൽ മൊണാക്കോയെ 5-4 ന് വീഴ്ത്തിയാണ് റൗണ്ട് ഓഫ് 16 ലേക്ക് മുന്നേറിയത്, അവിടെ നിൽവിലെ ലോകചാമ്പ്യന്മാരായ ചെൽസിയെ 8 - 2 ന് നിലംപരിശാക്കി അവസാന എട്ടിലേക്ക്, പിന്നെ മുന്നിലെത്തിയ ലിവർപൂളിനോടും പിഎസ്ജിയുടെ ജയം ഏകപക്ഷീയമായിരുന്നു, അഗ്ഗ്രിഗേറ്റിൽ എതിരില്ലാത്ത നാല് ഗോളിന്റെ ജയം. എന്നാൽ മറുതലക്കൽ ആർസനലിന്റെ വരവ് ഒരുപിടി റെക്കോർഡുകളുടെ കൂടി അകമ്പടിയോടെയാണ്, ലീഗ് ഘട്ടത്തിലെ 8ൽ 8 മത്സരവും ജയിച്ചു, ഫൈനൽ വരെയുള്ള യാത്രയിൽ ഒരൊറ്റ തവണ പോലും തോൽവിയറിഞ്ഞില്ല, 14 മത്സരങ്ങളിൽ 11 ജയവും 3 സമനിലയും, 6 ഗോൾ മാത്രം വഴങ്ങിയപ്പോൾ നേടിയത് 9 ക്ലീൻ ഷീറ്റുകൾ. ഒരു ഓർഗനൈസ്ഡ് ഡിഫൻസ് യൂണിറ്റ് എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ ആർസനൽ നിര.
എന്നാൽ ഫൈനലിൽ പിഎസ്ജിക്കെതിരെ ഇറങ്ങുമ്പോൾ ആർസനലിന് കാര്യങ്ങൾ നേരത്തെത് പോലും എളുപ്പമാവില്ല. ലെവർകൂസൻ, സ്പോർട്ടിങ്, അത്‌ലറ്റികോ മാഡ്രിഡ് എന്നിങ്ങനെ അവർ ഫൈനൽ വരെ നേരിട്ടവരെ പോലെയല്ല പിഎസ്ജി, പൊളിയാത്ത കൊട്ടകളൊക്കെ തച്ചുതകർക്കാൻ പോന്ന ഒരു പട തന്നെ അവരുടെ പക്കലുണ്ട്, പിന്നെ കളിയോതി കൊടുക്കാൻ ലൂയിസ് എൻറിക്കെ എന്ന ചാണക്യനും. ആർസനലും ആർട്ടേറ്റയും ആണേൽ ഒരു ചരിത്ര മുഹൂർത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, ക്ലബ് ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് അവരുടെ ലക്ഷ്യം, 2006ൽ ഇതിന് മുമ്പ് ആദ്യമായും അവസാനമായും ആർസനൽ യുസിഎൽ ഫൈനലിൽ കളിച്ചപ്പോൾ 2-1ന് ബാഴ്‌സയോട് തോൽവി വഴങ്ങിയിരുന്നു, ഇക്കുറി ഫൈനലിലേക്കുള്ള തങ്ങളുടെ രണ്ടാം വരവിൽ കിരീടത്തിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യം വെക്കുന്നില്ല താനും.
മൂന്നാഴ്ചയിലേറെ ദൂരമുണ്ട് ബുഡാപെസ്റ്റിലെ ആ രാവിന്. ആഭ്യന്തര ലീഗുൾപ്പടെ സകല മത്സരങ്ങളും തീർത്ത് ഇരുകൂട്ടരും അന്നാ മണ്ണിലിറങ്ങുമ്പോൾ കിരീടമധുരം ആര് നുണയും? യൂറോപ്പിന്റെ ആ കനക കിരീടം എങ്ങോട്ട് പറക്കും, ലണ്ടനിലേക്കോ അതോ പാരീസിലേക്കോ? എന്താണ് നിങ്ങളുടെ തോന്നലുകൾ.
Adjust Story Font
16

