റയാൻ വില്യംസിന് ഇന്ത്യൻ ജേഴ്സിയണിയാം; ഫിഫയുടെ സമ്മതം ലഭിച്ചു

ഡൽഹി: അസോസിയേഷൻ മാറാനുള്ള റയാൻ വില്യംസിന്റെ അപേക്ഷ ഫിഫ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചെമ്പർ അംഗീകരിച്ചു, ഇതോടെ ഔദ്യോഗികമായി ഇന്ത്യൻ ദേശിയ ടീമിന്റെ ജേഴ്സിയണിയാൻ വില്യംസിനാകും. കഴിഞ്ഞ മാസമാണ് ആസ്ട്രേലിയൻ പൗരത്വം വെടിഞ്ഞ് റയാൻ വില്യംസ് ഇന്ത്യൻ പൗരത്വം എടുത്തത്. തുടർന്ന് ബംഗ്ലാദേശുമായുള്ള അവസാന ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനായുള്ള ഖാലിദ് ജമീലിന്റെ ഇന്ത്യൻ സംഘത്തിൽ ഇടം പിടിച്ചിരുന്നു. ഭൂട്ടാൻ ദേശീയ ടീമുമായി അനൗദ്യോഗികമായി നടത്തിയ സൗഹൃദ മത്സരത്തിൽ റയാൻ വില്യംസ് തന്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഇന്ത്യ ജയിച്ച മത്സരത്തിൽ ഒരു ഗോളും താരം നേടി.
ബംഗ്ലാദേശുമായുള്ള മത്സരത്തിനുള്ള സംഘത്തിൽ വില്യംസ് ഉണ്ടായിരുന്നെങ്കിലും ഫിഫയുടെ സമ്മതം ലഭിക്കാത്തതിനാൽ അരങ്ങേറാൻ സാധിച്ചില്ല. താരത്തിന് എൻഓസി നേരത്തെ ലഭിച്ചിരുന്നെങ്കിലും ആസ്ട്രേലിയൻ അസോസിയേഷനിൽ നിന്ന് മാറി ഇന്ത്യയിലേക്ക് ചേരാനുള്ള അവസാന അപേക്ഷ ഫിഫ ഇന്നാണ് അംഗീകരിച്ചത്.വില്യംസിനൊപ്പം ബിളീവിയയിൽ കളിക്കുന്ന അബ്നീത് ഭർത്തിക്കും ഖാലിദ് ജമീലിന്റെ ടീമിലേക്ക് വിളി വന്നിരുന്നു. എന്നാൽ ബൊളീവിയൻ ക്ലബ്ബിന്റെ അനുവാദം ലഭിക്കാത്തതിനാൽ അബ്നീതിന് ഇന്ത്യൻ സംഘത്തോടൊപ്പം ചേരാൻ സാധിച്ചില്ല. മാർച്ചിൽ വരാനിരിക്കുന്ന അടുത്ത ഇന്റർനാഷണൽ വിൻഡോയിലാകും റയാൻ വില്യംസ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുക.
Adjust Story Font
16

