Quantcast

സൗദി പ്രൊ ലീഗിലേക്ക് മെസ്സി എത്തുമോ?

റൊണാള്‍ഡോയുടെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്‍ക്കാന്‍ കഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-04-15 08:41:40.0

Published:

15 April 2023 8:15 AM GMT

സൗദി പ്രൊ ലീഗിലേക്ക് മെസ്സി എത്തുമോ?
X

കഴിഞ്ഞ ഡിസംബറിൽ സൗദിയിലെ അൽ നസ്റിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുമാറിയതോടെ ലോകമെമ്പാടും വലിയ വാർത്താ പ്രാധാന്യം സൗദിയിലെ ഫുട്ബോളിന് ലഭിച്ചിരുന്നു. ഈ വേനൽക്കാലത്ത് സൗദി പ്രോ ലീഗിലേക്ക് (എസ്‌.പി‌.എൽ) ലയണൽ മെസ്സി എത്തുമെന്ന അഭ്യൂഹങ്ങള്‍ ഫുട്ബോള്‍ വൃത്തങ്ങള്‍ തള്ളിക്കളയാത്തത് സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ അറിയാവുന്നത് കൊണ്ടാണ്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാര്‍ സൗദി അറേബ്യയുടെ ഫുട്ബോൾ നിലവാരം ഉയർത്തിക്കൊണ്ടിരിക്കുമ്പോൾ ഈ വേനൽക്കാലത്ത് മിഡിൽ ഈസ്റ്റ് രാജ്യത്തേക്ക് മാറുന്ന കളിക്കാരുടെ എണ്ണത്തിലും മാറ്റം വരുമെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോർട്ട് ചെയ്യുന്നത്.

സൗദി ഫുട്ബോൾ മാറ്റത്തിൻ്റെ പാതയിൽ

ചരിത്രത്തിലാദ്യമായി കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യ ആദ്യമായി ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചു, കൂടാതെ 2030 ൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനും രാജ്യം പദ്ധതിയിടുന്നു. ആഭ്യന്തര ലീഗിന് റൊണാൾഡോയുടെ വരവ് വൻ നേട്ടമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. താരത്തിൻ്റെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്‍ക്കാന്‍ കഴിഞ്ഞു.

പി.എസ്.ജിയും അല്‍ നസ്‍റും തമ്മിലുള്ള പ്രദര്‍ശന മത്സരം

ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഘടകമാണ് ഇതിന് കാരണമായത്. ഈ സീസണിന്റെ അവസാനം പാരീസ് സെന്റ് ജെർമെയ്‌നിലെ കരാർ അവസാനിക്കുമ്പോൾ മെസ്സി സൗദിയിലെ ഏറ്റവും വലുതും വിജയകരവുമായ ടീമായ അൽ ഹിലാലിൽ ചേരുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യ. സൗദിയിലേക്ക് വന്ന റൊണാൾഡോയുടെ ആദ്യ മത്സരം ജനുവരി 19 ന് റിയാദിലാണ് നടന്നത്. അൽ നസ്റും പി.എസ്.ജിയും തമ്മിൽ നടന്ന ഈ സൗഹൃദ മത്സരത്തിന് ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാനായത് ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ചവർ വീണ്ടും മൈതാനത്ത് പരസ്പരം പോരിനായി ഇറങ്ങിയത് കൊണ്ടാണ്. 2018 ന് ശേഷം ഇരുവരും ആദ്യമായി ഒരേ ലീഗിൽ വീണ്ടും ഒന്നിച്ചാൽ എങ്ങനെയിരിക്കും എന്നതിന്റെ ഒരു ചിത്രം ഈ മത്സരം ആരാധകർക്കും ലോക ഫുട്ബോളിനും കാണിച്ചു കൊടുത്തു.

എത്താന്‍ സാധ്യതയുടെ മറ്റു കളിക്കാര്‍

യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ നിന്ന് 50- ഓളം കളിക്കാരെ അടുത്ത സീസണിൽ സൗദിയിലേക്ക് കൊണ്ടു വരാനുള്ള പദ്ധതി സൗദി കായിക മന്ത്രാലയത്തിൻ്റെ പിന്തുണയോടെ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ ഇ.എസ്.പി.എന്നിനോട് പറഞ്ഞിട്ടുണ്ട്. ഈ സീസണിൽ കരാർ അവസാനിക്കുന്ന ലിവർപൂളിന്റെ റോബർട്ടോ ഫിർമിനോ, മാഞ്ചസ്റ്റർ സിറ്റിയുടെ ഇൽകെ ഗുണ്ടോഗൻ, വോൾവ്സ് വിംഗർ അദാമ ട്രയോർ, എവർട്ടൺ താരങ്ങളായ യെറി മിന, അബ്ദുലെയ് ഡുകൂർ എന്നിവരെ കൊണ്ടുവരാൻ സൗദി അറേബ്യൻ ഫുട്ബോൾ ലക്ഷ്യം വെക്കുന്നു. യൂറോപ്പിലുടനീളമുള്ള ക്ലബ്ബുകൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉയർന്ന നിലവാരമുള്ള കളിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവസരമാണ് സൗദിയിലെ ടീമുകൾക്ക് സൃഷ്ടിച്ചിരിക്കുന്നത്.

റൊബര്‍ട്ടോ ഫിര്‍മീനോ

യൂറോപ്പ് മാത്രമല്ല ഫുട്ബോൾ

യൂറോപ്പിൽ മാത്രം ഒതുങ്ങുന്നതല്ല ഫുട്ബോൾ എന്ന വികാരമെന്നത് ഖത്തർ ലോകകപ്പ് നടത്തി വിജയിപ്പിച്ചതോടെ ലോകത്തിന് മുമ്പിൽ വ്യക്തമാക്കിയിരുന്നു. സൗദിയും അത് തെളിയിക്കാൻ ഒരുങ്ങുകയാണ്. ചൈന ഒരുപാട് പണം നൽകി താരങ്ങളെ വാങ്ങുന്നത് പോലെയല്ല സൗദിയുടെ നീക്കങ്ങൾ. കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്താണ് അവർ ഇത്രയും പണം ഫുട്ബോളിനായി ചിലവാക്കുന്നത്. ഖത്തറും യു.എ.ഇയും യൂറോപ്പിലെ ടീമുകളെ വാങ്ങിയും ടൂർണൻ്റുകൾക്ക് ആതിഥേയത്വം വഹിച്ചും സുപ്രധാന ശക്തികളായി ഇതിനകം തന്നെ നിലയുറപ്പിച്ചതോടെ സൗദി അറേബ്യയുടെ പദ്ധതികൾ അധികാര ശ്രേണിയിൽ ഇവരോടൊപ്പം നിൽക്കാൻ തന്നെയാണ്.


ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഗാരി കുക്ക്

മുൻ മാഞ്ചസ്റ്റർ സിറ്റി ചീഫ് എക്‌സിക്യൂട്ടീവായ ഗാരി കുക്കിനെ ജനുവരിയിലാണ് എസ്.പി.എൽ സി.ഇ.ഒ ആയി നിയമിച്ചത്. 2008-ൽ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ക്ലബ്ബ് ഏറ്റെടുത്തപ്പോൾ സിറ്റിയിൽ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം മേൽനോട്ടം വഹിച്ച വേഗത്തിലുള്ള റിക്രൂട്ട്‌മെന്റ് തന്ത്രം അഥവാ "accelerated recruitment strategy" ഈ വേനൽക്കാലത്ത് സൗദി ക്ലബുകൾ മുൻനിര കളിക്കാരെ വേഗത്തിൽ സൈനിങ്ങ് ചെയ്യാനുള്ള പദ്ധതികൾക്ക് സമാനമാണ്. യൂറോപ്പ് ഫുട്ബോളിന്റെ ചാലകശക്തിയായി തുടരുന്നു. എന്നാൽ സാമ്പത്തിക ശക്തിയും സ്വാധീനവും ഇപ്പോൾ മിഡിൽ ഈസ്റ്റിൽ വേരൂന്നിയതായി തോന്നുന്നു.

TAGS :

Next Story