Quantcast

ക്രിസ്റ്റ്യാനോയ്ക്കു പിന്നാലെ സൂപ്പർ താരങ്ങൾ അൽ-നസ്‌റിലേക്ക്

ബാഴ്സലോണ, പി.എസ്.ജി സൂപ്പര്‍ താരങ്ങള്‍ക്കു പുറമെ അർജന്റീന സ്ട്രൈക്കറുമായും സൗദി ക്ലബ് ചർച്ച ആരംഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    2 Jan 2023 10:48 AM GMT

ക്രിസ്റ്റ്യാനോയ്ക്കു പിന്നാലെ സൂപ്പർ താരങ്ങൾ അൽ-നസ്‌റിലേക്ക്
X

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റത്തിനു പിന്നാലെ സൗദി അറേബ്യൻ ലീഗും സൗദി ക്ലബ് അൽ-നസ്‌റും ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ ദിവസമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബുമായി താരം കരാറിൽ ഒപ്പുവച്ചത്. അൽ-നസ്ർ ജഴ്‌സിയിൽ ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതിനിടെ, ക്രിസ്റ്റ്യാനോ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ക്ലബ് ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ സെർജിയോ ബുസ്‌കറ്റ്‌സിനെയും സെർജിയോ റാമോസിനെയും ടീമിലെത്തിക്കാൻ അൽ-നസ്ർ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇവർക്കൊപ്പം അർജന്റീന യുവതാരം മൗറോ ഇക്കാർഡിയെയും ക്ലബ് നോട്ടമിടുന്നുണ്ട്.

34കാരനായ ബാഴ്‌സലോണ സൂപ്പർ താരം സെർജിയോ ബുസ്‌കറ്റ്‌സിനെ മോഹിപ്പക്കുന്ന ഓഫറുമായി ക്ലബ് സമീപിച്ചിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമമായ 'മുൻഡോ ഡിപോർട്ടിവോ'യെ ഉദ്ധരിച്ച് 'മെട്രോ ഡോട്ട് കോ ഡോട്ട് യു.കെ' റിപ്പോർട്ട് ചെയ്തു. ബാഴ്‌സലോണയുമായുള്ള കരാറിന്റെ അവസാന ആറു മാസത്തിലേക്ക് കടന്നിരിക്കുകയാണ് ബുസ്‌കറ്റ്‌സ്. ഈ പശ്ചാത്തലത്തിലാണ് മുൻ ബാഴ്‌സ സ്റ്റാഫ് കൂടിയായ അൽ-നസ്ർ സ്‌പോർട്ടിങ് ഡയരക്ടർ ഗോറൻ വുസെവിച്ച് താരത്തെ സമീപിച്ചത്. ഡേവിഡ് ബെക്കാമിൻരെ ഇന്റർ മിയാമിയും താരത്തെ നോട്ടമിടുന്നുണ്ട്.

അൽ-നസ്‌റിന്റെ പദ്ധതിയിലുള്ള മറ്റൊരു താരം സെർജിയോ റാമോസ് ആണ്. റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്നു റാമോസ്. അടുത്ത സീസണിൽ താരത്തെ ക്ലബിലെത്തിക്കാനാണ് അൽ-നസ്ർ നീക്കം നടത്തുന്നതെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ' റിപ്പോർട്ട് ചെയ്തു.

അർജന്റീനയുടെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളായ മൗറോ ഇക്കാർഡിയെയും അൽ-നസ്ർ നോട്ടമിടുന്നുണ്ട്. നിലവിൽ പി.എസ്.ജിയിൽനിന്ന് ലോണിൽ സൂപ്പർ ലീഗ് ക്ലബായ ഗലാറ്റസറായിലാണ് ഇക്കാർഡി കളിക്കുന്നത്. തുർക്കി ഫുട്‌ബോൾ ലീഗാണ് സൂപ്പർ ലീഗ്. താരവുമായി ക്ലബ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്നത്.

ഇത്തവണ ലോകകപ്പിൽ കാമറൂണിനു വേണ്ടി തിളങ്ങിയ വിൻസെന്റ് അബൂബക്കറിന്റെ പേരിലാണ് അൽ-നസ്ർ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നത്. 2021ലാണ് താരം ക്ലബിലെത്തുന്നത്. 2019ൽ ആഴ്‌സനൽ വിട്ട കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയാണ് അൽ-നസ്‌റിന്റെ വലകാക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ നാപ്പോളിയിൽനിന്നാണ് താരം സൗദി ക്ലബിലെത്തുന്നത്. ബ്രസീൽ താരങ്ങളായ താലിസ്‌ക, ലൂയിസ് ഗുസ്താവോ എന്നിവരും അൽ-നസ്‌റിനു വേണ്ടി കളിക്കുന്നുണ്ട്.

ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 ഡോളറുമാണ്.

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പുവച്ചിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ കരാർ പ്രാബല്യത്തിൽ വരും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ക്രിസ്റ്റ്യാനോ ഉടൻ സൗദിയിലെത്തും.

Summary: Al-Nassr hoping to sign Sergio Ramos and Serio Busquets after Cristiano Ronaldo. The Saudi club is also in touch with Argentine striker Mauro Icardi

TAGS :

Next Story