വംശീയാധിക്ഷേപം തുടർന്ന് ബെൻഫിക്ക, ഫുട്‍ബോൾ കളിച്ചല്ലേ ജയിക്കേണ്ടത്?
വംശീയവാദികൾ എല്ലാത്തിനുമുപരി ഭീരുക്കളാണ്. ജേഴ്സി കൊണ്ട് വാ മൂടിക്കെട്ടി, അവർ തങ്ങൾ എത്രത്തോളം ദുർബലരാണെന്ന് കാണിക്കുന്നു. പക്ഷെ, അവരെ ശിക്ഷിക്കാൻ അധികാരമുള്ളവർ അതിന് പകരം അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ബെൻഫിക്കക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് ആദ്യ പാദത്തിന് പിന്നാലെ വിനീഷ്യസ് ജൂനിയർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത് ഇങ്ങനെയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ താൻ ഗോൾ നേടിയതിന് പിന്നാലെ ഗ്രൗണ്ടിൽ അരങ്ങേറിയ സംഭവവികാസങ്ങളെ കുറിച്ചുള്ള താരത്തിന്റെ ആദ്യ പ്രതികരണമായിരുന്നു ആ ഇൻസ്റ്റഗ്രാം സ്റ്റോറി. തന്റെ ഗോൾ ആഘോഷത്തിന് എന്തിനാണ് റഫറി മഞ്ഞക്കാർഡ് നൽകിയെതെന്ന് മനസിലാകുന്നില്ലെന്നും ആ മത്സരത്തിൽ റഫറി പ്രോട്ടോക്കോൾ നടപ്പിലാക്കാക്കിയത് തീർത്തും പരിതാപകരമായ രീതിയിലാണെന്നും താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
മത്സരം രണ്ടാം പകുതിയിലേക്ക് കടന്ന് അഞ്ച് മിനുട്ട് ആവുന്നതേ ഉണ്ടായിരുന്നുള്ളൂ, റയലിന്റെ പകുതിയിൽ നിന്ന് കമാവിങ്ങ മൈതാനമധ്യത്ത് നിൽക്കുന്ന എംബാപ്പയിലേക്ക് പന്ത് നീട്ടി നൽകി, പന്തുമായി ഇടത് വിങ്ങിലൂടെ മുന്നേറിയ താരം ബെൻഫിക്ക ബോസ്കിന് മുന്നിൽ വെച്ച് തനിക്ക് മുന്നിലോടുന്ന വിനീഷ്യസിലേക്ക് ഒരു പാസൊരുക്കി, പന്ത് കാലിൽ കൊരുത്ത് അതിവേഗം ബോക്സിലേക്ക് കടന്ന വിനി അമർ ടെഡിച്ചിനെ കാഴ്‌ചക്കാരനാക്കി ബെൻഫിക്ക പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഫസ്റ്റ് പോസ്റ്റിൽ ഗാർഡ് ചെയ്ത ട്രൂബിനിന് സേവ് നടത്താൻ ഒരവസരവും നൽകാത്ത അത്യുഗ്രൻ ഫിനിഷ്. ചാമ്പ്യൻസ് ലീഗ് കരിയറിലെ വിനീഷ്യസിന്റെ 31-ാം ഗോളും സീസണിലെ രണ്ടാം ഗോൾ. ഗോൾ നേട്ടത്തോടെ കക്കയെ മറികടന്ന് ചാമ്പ്യൻസ് ലീഗിലെ സർവകാല ബ്രസീലിയൻ സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും വിനി കയറി. അങ്ങനെ സന്തോഷിക്കാൻ കാരണങ്ങളേറെയുള്ള ആ ഗോളിന് പിന്നാലെ ആ മൈതാനം സാക്ഷ്യം വഹിച്ചത് ഒരുപറ്റം നാടകീയ സംഭവങ്ങൾക്കാണ്.
ഗോളിന് പിന്നാലെ കോർണർ ഫ്ലാഗിനടുത്ത് പോയി ഡാൻസ് ചെയ്ത് ഗോളാഘോഷിച്ച വിനീഷ്യസിന് നേരെ റഫറി മഞ്ഞക്കാർഡ് വീശുന്നു, അതെന്തിനാണെന്ന ഞെട്ടലിൽ താരം നിൽക്കുമ്പോൾ ബെൻഫിക്കയുടെ അർജന്റൈൻ താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി വിനിയുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു, സ്വന്തം ജേഴ്സി കൊണ്ട് വാ മറച്ചായിരുന്നു പ്രെസ്റ്റിയാനി വിനിയോട് സംസാരിച്ചത്, തൊട്ട് പിന്നാലെ വിനി രോഷാകുലനായി താരത്തിന് മറുപടിയും നൽകി. പ്രെസ്റ്റിയാനി തന്നെ കുരങ്ങനെന്ന് വിളിച്ചുവെന്ന് വിനി റഫറിയെ അറിയിച്ചു. അവിടെയായിരുന്നു സംഭവങ്ങളുടെ ഒക്കെ തുടക്കം. ഇരുടീമിലെയും താരങ്ങൾ തമ്മിൽ വാഗ്‌വാദമുണ്ടായി, ഫെഡറിക്കോ വൽവർഡയും മറ്റു റയൽ താരങ്ങളും പ്രെസ്റ്റിയാനിക്കെതിരെ നടപടിയെടുക്കാൻ റഫറിയോട് ആവശ്യപ്പെട്ടു. ടച്ച് ലൈനിന് വെളിയിലും ഒരു സംഘർഷാവസ്ഥ ഉടലെടുത്തു, ഇരുടീമിലെയും കോച്ചിങ് സ്റ്റാഫുമടക്കമുള്ളവർ മൈതാനത്തേക്കിറങ്ങി, ഫോർത്ത് ഒഫീഷ്യലിനോട് കയർത്ത ബെൻഫിക്കൻ കോച്ചിംങ് സ്റ്റാഫിന് നേരെ റഫറി റെഡ് കാർഡ് വീശിയെങ്കിലും അതൊന്നും അവിടെ ഉടലെടുത്ത പ്രശ്നങ്ങളെ ശാന്തമാക്കാൻ പോന്ന ഒരു തീരുമാനമല്ലായിരുന്നു. മൈതാനത്തേക്കിറങ്ങിയവരെ തിരികെ കയറ്റാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരിറങ്ങി, വിനിയെ തന്റെയടുക്കൽ വിളിപ്പിച്ച് മൗറീന്യോ ശാന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും പ്രെസ്റ്റിയാനി നടത്തിയ അധിക്ഷേപത്തെ കുറിച്ച് താരം മൗറീന്യോയെ ഓർമിപ്പിച്ചു. കാര്യങ്ങൾ ഇത്രയൊക്കെ ആയിട്ടും റഫറി യാതൊരു നടപടിയും എടുക്കാത്തതിനെ തുടർന്ന് വിനി നേരെ ഡഗ് ഔട്ടിലേക്ക് മടങ്ങി. ഉടൻ റഫറി മത്സരം നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
ഫിഫയുടെ പുതിയ മാനദണ്ഡപ്രകരം ഒരു മത്സരത്തിൽ ഏതെങ്കിലും തരത്തിലുള്ള വംശീയാധിക്ഷേപം നടന്നാൽ മത്സരം ഉടൻ നിർത്തിവെക്കണം. പിന്നാലെ അന്തരീക്ഷം ശാന്തമായ ശേഷമേ മത്സരം പുനരാരംഭിക്കാൻ ആവൂ, ഹാൾട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ റഫറി വിനീഷ്യസുമായി അനുനയ ചർച്ചകൾ നടത്തുകയും താരത്തെ മൈതാനത്തേക്ക് തിരികെ കൊണ്ടുവന്ന് മത്സരം പുനനാരംഭിക്കുകയും ചെയ്തു. പക്ഷെ ഇത്രയും പ്രശനങ്ങൾക്ക് കാരണക്കാരനായ പ്രെസ്റ്റിയാനിക്ക് ഒരു മഞ്ഞക്കാർഡ് പോലും ലഭിച്ചില്ല, 81-ാം മിനുട്ടിൽ ടോഡി ലോക്കിബാക്കിയോക്ക് പകരം പ്രെസ്റ്റിയാനി മൈതാനം വിടുമ്പോൾ കയ്യടികളോടെ ബെൻഫിക്ക ആരാധകർ താരത്തെ സ്വീകരിച്ചു, എന്തോ വീരോചിതമായത് ചെയ്ത ഒരാൾ മടങ്ങി വരും പോലെ, 12 മിനുട്ടിന്റെ അധിക സമയത്ത് ബെൻഫിക്ക ആരാധകരും തങ്ങളുടെ തനിനിറം പുറത്തെടുത്തു, ഗാലറിയിൽനിന്നും അവർ ചില വസ്തുക്കൾ റയൽ താരങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞു, നേരത്തെ മത്സരത്തിനായി റയൽ ടീം ബസ് സ്റ്റേഡിയത്തിലേക്ക് കടന്നു വരുമ്പോഴും ബെൻഫിക്ക ആരാധകരുടെ ഭാഗത്ത് നിന്നും ഇത്തരം ചില ആക്രമണങ്ങൾ നേരിട്ടിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ റഫറിയോട് കയർത്തതിന് ചുവപ്പ് കാർഡ് കണ്ടതോടെ സാന്റിയാഗോ ബെർനാബ്യുവിലെ രണ്ടാം പാദത്തിൽ മൗറീന്യോക്ക് ഗാലറിയിലിരിക്കേണ്ടി വരും.
വംശീയാധിക്ഷേപം തനിക്കൊരു പുതിയ കാര്യമല്ലെങ്കിലും സ്വന്തം ടീം മികച്ചൊരു വിജയം നേടിയ ദിവസം ഇത്തരത്തിൽ വാർത്തകളിൽ ഇടം പിടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിനി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു, പ്രെസ്റ്റിയാനി ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരു തരത്തിലും യോഗ്യത ഇല്ലാത്ത താരമാണെന്ന് എംബാപ്പയും പ്രതികരിച്ചു. താൻ ആർക്കെതിരെയും ഒരു തരത്തിലുമുള്ള വംശീയാധിക്ഷേപം നടത്തിയിട്ടില്ലെന്നും, വിനീഷ്യസ് കേട്ടുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ തെറ്റിധാരണ മാത്രമാണെന്നും പ്രെസ്റ്റിയാനി പറഞ്ഞു. ഒരു മോശം കാര്യമല്ലെങ്കിൽ പിന്നെന്തിന് പ്രെസ്റ്റിയാനി വാ മൂടി സംസാരിച്ചുവെന്ന് റയൽ നായകൻ വൽവർഡയും ചോദ്യമുയർത്തി.
അത്തരത്തിൽ ഒരു മികച്ച ഗോൾ നേടിയതിന് ശേഷം അങ്ങനെ ഒരു ഗോളാഘോഷം നടത്തേണ്ടിയിരുന്നില്ലാ എന്നാണ് താൻ വിനിയോട് പറഞ്ഞെതന്ന് മൊറീന്യോ പ്രസ് കോൺഫ്രൻസിൽ പറഞ്ഞു. ബെൻഫിക്ക ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസമായ യുസേബിയോ ഒരു കറുത്ത വർഗക്കാരനാണെന്നും അതുകൊണ്ട് ഞങ്ങൾ വംശീയാധിക്ഷേപകരാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേ താരം പല മൈതാനങ്ങളിൽ കളിക്കുമ്പോഴും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടാവുന്നെണ്ടെങ്കിൽ അത് മറ്റെന്തോ പ്രശ്നം കൊണ്ട് കൂടിയാവുമെന്നും മൗറീന്യോ അഭിപ്രായപ്പെട്ടു.
പക്ഷെ ഇതാദ്യമായല്ല ബെൻഫിക്ക ഇത്തരം വംശീയാധിക്ഷേപ വിഷയങ്ങളിൽ തെറ്റുകാരാവുന്നത്. 2006ൽ യുനൈറ്റഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പാട്രിസ് എവ്രയും, ലൂയിസ് സാഹയും ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരകളായിരുന്നു. 2005 ൽ ഇത്തരം ചില പ്രവർത്തികൾ നടത്തിയതിന്റെ പേരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബെൻഫിക്ക ആരാധകർക്ക് നേരെ മോശം ആംഗ്യം കാണിക്കുകയും തുടർന്ന് വിലക്ക് നേരിടുകയും ചെയ്തിരുന്നു.
Adjust Story Font
16

