'യമാൽ ഹമാസിന്റെ കളിക്കാരൻ'; കടുത്ത വിമർശനവുമായി ഇസ്രായേൽ മാധ്യമങ്ങൾ
ഫലസ്തീൻ പതാക ഉയർത്തിയതിലൂടെ യമാൽ 'ഒരു ഭീകരസംഘടനയുടെ പ്രതീകമായി മാറി' എന്നായിരുന്നു ചാനൽ 14 വിശേഷിപ്പിച്ചത്

- Updated:
2026-05-13 03:45:47.0

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോൾ ലീഗ് ചാമ്പ്യൻമാരായ ബാഴ്‌സലോണയുടെ ആഹ്ലാദപ്രകടനത്തിൽ ഫലസ്തീൻ പതാക പിടിച്ച സ്പാനിഷ് ഫുട്ബോൾ താരം ലാമിൻ യമാലിനെതിരെ കടുത്ത വിമർശനവുമായി ഇസ്രായേൽ മാധ്യമങ്ങൾ. ഇസ്രായേൽ ചാനലായ ചാനൽ 12 ലാമിൻ യമാലിനെ 'ഹമാസിന് ഏറ്റവും പ്രിയപ്പെട്ട താരം' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അജ്ഞാത സോഷ്യൽ മീഡിയ കമന്റുകൾ പങ്കുവെച്ചു. അതേസമയം, ചാനൽ സ്‌പോർട്ട് 1 'ഒരു ഉപകാരവുമില്ലാത്ത വിഡ്ഢി' എന്നാണ് യമാലിനെ വിശേഷിപ്പിച്ചത്. ഫലസ്തീൻ പതാക ഉയർത്തിയതിലൂടെ യമാൽ 'ഒരു ഭീകരസംഘടനയുടെ പ്രതീകമായി മാറി' എന്നായിരുന്നു ചാനൽ 14 വിശേഷിപ്പിച്ചത്.
ബാഴ്സലോണയിലെ തെരുവുകളിൽ കാത്തുനിന്ന നൂറുകണക്കിന് ആരാധകർക്കിടയിലൂടെ തുറന്ന ബസിൽ സഞ്ചരിക്കവേയാണ് യമാൽ ഫലസ്തീൻ പതാക ഉയർത്തി വീശിയത്്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. താരത്തിന്റെ ഉറച്ച നിലപാടിനെ പ്രശംസിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു.
ഞായറാഴ്ച നടന്ന എൽ ക്ലാസികോയിൽ പരമ്പരാഗത വൈരികളായ റയൽ മാഡ്രിഡിനെ രണ്ട് ഗോളിന് തുരത്തിയാണ് തുടർച്ചയായ രണ്ടാംവട്ടവും ബാഴ്സ ലാലിഗ ചാമ്പ്യൻമാരായത്. മാർക്കസ് റാഷ്ഫോർഡ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോൾ നേടിയത്. മൂന്ന് മത്സരങ്ങൾ ശേഷിക്കെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്.
അതിനിടെ ഇസ്രായേലിന് ഏറ്റവും ജനപ്രിയതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന പ്രതികരണവുമായി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. 'ഇസ്രായേൽ ഇപ്പോഴും ആദരിക്കപ്പെടുന്ന ഇടങ്ങളുണ്ട്. ഇന്ത്യയിൽ 140 കോടി ജനങ്ങളുണ്ട്, അവിടെ ഇസ്രായേൽ വളരെ ജനപ്രിയമാണ്. പ്രധാനമന്ത്രി മോദി ഇവിടെ വലിയ സ്‌നേഹത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഞാനും എന്റെ ഭാര്യയും ഇന്ത്യ സന്ദർശിച്ചപ്പോൾ അതൊരു സ്‌നേഹപ്രകടനമായിരുന്നു''- നെതന്യാഹു പറഞ്ഞു.
Adjust Story Font
16
