Quantcast

ആഴ്സനലിന്റെ സ്വപ്നം തകർത്ത് മാഞ്ചസ്റ്റർ; വീഴ്ത്തിയത് 3-1 ന്

സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മൈക്കൽ അർടേറ്റയുടെ സംഘത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് യുനൈറ്റഡ് തകർത്തത്.

MediaOne Logo

Web Desk

  • Updated:

    2022-09-04 19:28:39.0

Published:

4 Sep 2022 6:11 PM GMT

ആഴ്സനലിന്റെ സ്വപ്നം തകർത്ത് മാഞ്ചസ്റ്റർ; വീഴ്ത്തിയത് 3-1 ന്
X

ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിന്റെ സ്വപ്‌നക്കുതിപ്പിന് തടയിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്. സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മൈക്കൽ അർടേറ്റയുടെ സംഘത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് യുനൈറ്റഡ് തകർത്തത്. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ശേഷം യുനൈറ്റഡിന്റെ തുടർച്ചയായ നാലാം ജയമാണിത്.

100 മില്യൺ യൂറോയ്ക്ക് ടീമിലെത്തിയ ബ്രസീലിയൻ താരം ആന്റണിയുടെ ഗോളും മാർക്കസ് റാഷ്‌ഫോഡിന്റെ ഇരട്ട ഗോളുമാണ് മാഞ്ചസ്റ്ററിന് ജയമൊരുക്കിയത്. ബുകായോ സാകയിലൂടെ ഒരു ഗോൾ മടക്കിയ ആർസനലിന് രണ്ടാം പകുതിയിലെ പ്രതിരോധ വീഴ്ചകളാണ് തിരിച്ചടിയായത്. ജയത്തോടെ മാഞ്ചസ്റ്റർ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ആഴ്‌സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നാലാം തവണയും സൈഡ് ബെഞ്ചിലിരുത്തിയ മാഞ്ചസ്റ്റർ കോച്ച് എറിക് ടെൻ ഹാഗ് ദിവസങ്ങൾക്കു മുമ്പ് ടീമിലെത്തിയ ആന്റണിക്ക് അരങ്ങേറാൻ അവസരം നൽകിക്കൊണ്ടാണ് ടീമിനെ ഇറക്കിയത്. ടീം ക്യപ്ടൻ ഹാരി മഗ്വയർ, ബ്രസീലിയൻ മിഡ്ഫീൽഡർ കാസമിറോ എന്നിവർക്കും ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം.

എവേ മൈതാനത്ത് തനത് ആക്രമണ രീതിയിൽ കളി തുടങ്ങിയ ആഴ്‌സനൽ മാർട്ടിനെല്ലിയിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും വി.എ.ആർ പരിശോധനയെ തുടർന്ന് റദ്ദാക്കി. ഗോളിലേക്കുള്ള ബിൽഡ് അപ്പിൽ മാർട്ടിൻ ഒഡേഗാഡ് നടത്തിയ ഫൗൾ ആണ് വില്ലനായത്. ഈ തിരിച്ചടിയുടെ ക്ഷീണം ഇരട്ടിയാക്കി 35-ാം മിനുട്ടിൽ യുനൈറ്റഡിന്റെ ഗോൾ വന്നു. മാർക്കസ് റാഷ്‌ഫോഡിന്റെ പാസിൽ ബോക്‌സിന്റെ വലതുഭാഗത്തു നിന്നുള്ള ക്ലിനിക്കൾ ഫിനിഷിലൂടെയാണ് ആന്റണി മാഞ്ചസ്റ്റർ കുപ്പായത്തിലെ കന്നിഗോൾ കണ്ടെത്തിയത്.

57-ാം മിനുട്ടിൽ ആന്റണിയെ പിൻവലിച്ച് മാഞ്ചസ്റ്റർ ക്രിസ്റ്റിയാനോ റൊണാൾഡോയെ കളത്തിലിറക്കി. എന്നാൽ, രണ്ട് മിനുട്ടുകൾക്കകം ആഴ്‌സനൽ ഗോളടിക്കുന്നതാണ് കണ്ടത്. റാഫേൽ വരാൻ ക്ലിയറൻസിൽ വരുത്തിയ അബദ്ധം മുതലെടുത്ത് ബുകായോ സാക ഇടങ്കാൽ കൊണ്ട് പന്ത് ഗോളിലെത്തിച്ചു.

ആഴ്‌സനലിന്റെ ആവേശത്തിന് പക്ഷേ, അധികായുസ്സുണ്ടായില്ല. ലീഡിനായി അവർ ആക്രമണം ശക്തമാക്കിയപ്പോൾ, അതിവേഗ പ്രത്യാക്രമണത്തിലൂടെ റാഷ്‌ഫോഡ് മാഞ്ചസ്റ്ററിന് നിർണായക ലീഡ് നൽകി. ബ്രൂണോ ഫെർണാണ്ടസ് നൽകിയ ത്രൂബോൾ പിടിച്ചെടുത്ത് ആളൊഴിഞ്ഞ ആഴ്‌സനൽ ഗോൾമുഖത്തുകൂടി ഓടിക്കയറിയ റാഷ്‌ഫോഡ് സമ്മർദത്തിനടിമപ്പെടാതെ ഗോൾ നേടുകയായിരുന്നു.

73-ാം മിനുട്ടിൽ ആഴ്‌സനൽ മൂന്ന് സബ്‌സ്റ്റിറ്റിയൂഷൻ നടത്തിയെങ്കിലും യുനൈറ്റഡിന്റെ പ്രതിരോധം ഭേദിക്കാനായില്ല. 74-ാം മിനുട്ടിൽ റാഷ്‌ഫോഡ് വിജയമുറപ്പിച്ച ഗോൾ നേടുകയും ചെയ്തു. മിഡ്ഫീൽഡർ ക്രിസ്റ്റിയൻ എറിക്‌സന്റെ അസിസ്റ്റിലായിരുന്നു റാഷ്‌ഫോഡിന്റെ രണ്ടാം ഗോൾ.

TAGS :

Next Story