Quantcast

മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ദ്രാവിഡിനെ മറികടന്ന് കോഹ്‍ലി

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോഹ്‍ലി ഇപ്പോള്‍ സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    26 Sep 2022 6:31 AM GMT

മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ദ്രാവിഡിനെ മറികടന്ന് കോഹ്‍ലി
X

രാജ്യാന്തര റണ്‍നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ മറികടന്ന് വിരാട് കോഹ്‍ലി. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോഹ്‍ലി ഇപ്പോള്‍ സ്വന്തമാക്കിയത്. ഇനി സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് കോഹ്‍ലിക്ക് മുന്നിലുള്ളത്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ നടന്ന ട്വന്‍റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ കോഹ്‍ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. വ്യക്തിഗത സ്കോര്‍ 49 നില്‍ക്കെയാണ് കോഹ്‍ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിന്‍റെ റെക്കോര്‍ഡ് മറികടക്കുന്നത്. മത്സരത്തില്‍ 48 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത കോലി ടി20 യിലെ തന്‍റെ 33-ാം അര്‍ധ സെഞ്ച്വറിയാണ് കണ്ടെത്തിയത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 404 മത്സരങ്ങളില്‍ നിന്ന് 24,064 റണ്‍സായിരുന്നു ദ്രാവിഡിന്‍റെ നേട്ടം. ടെസ്റ്റ്, ഏകദിനം, ടി20 ഉള്‍പ്പെടെ 509 മത്സരങ്ങളിലായി 615 ഇന്നിങ്സുകളില്‍ നിന്നാണ് ദ്രാവിഡ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. അതേസമയം 509 മത്സരങ്ങളിലായി 525 ഇന്നിങ്സുകള്‍ കളിച്ചാണ് കോഹ്‍ലി ഈ നേട്ടം മറികടക്കുന്നത്. ഇന്ത്യയ്ക്കായി ടെസ്റ്റിലും (8,074) ഏകദിനത്തിലും (12,344) ട്വന്റി 20-യിലുമായി (3,660) 24,078 റണ്‍സ് ഇപ്പോള്‍ കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്. അതേസമയം ഒരു അന്താരാഷ്ട്ര ടി20 മാത്രം കളിച്ച ദ്രാവിഡ് ടെസ്റ്റ്-ഏകദിന മത്സരങ്ങളില്‍ നിന്നാണ് കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍


സച്ചിന്‍ തെണ്ടുല്‍ക്കര്‍ 34,357 റണ്‍സ് - 664 മത്സരങ്ങള്‍

വിരാട് കോലി - 24,078 - 509 മത്സരങ്ങള്‍

രാഹുല്‍ ദ്രാവിഡ് - 24,064 - 404 മത്സരങ്ങള്‍

സൗരവ് ഗാംഗുലി - 18,433 - 424 മത്സരങ്ങള്‍

എം.എസ് ധോനി - 17,092 - 538 മത്സരങ്ങള്‍

എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ദ്രാവിഡ് ആകെമൊത്തം 24,208 റണ്‍സ് നേടിയിട്ടുണ്ട്. ഏഷ്യന്‍ ഇലവനും ഐ.സി.സി ഇലവനുമായി കളിച്ച മത്സരങ്ങള്‍ കൂടി കൂട്ടിയുള്ള കണക്കാണിത്. വിരാട് കോഹ്‍ലി ഇന്ത്യന്‍ ടീമിന് പുറമേ ഇത്തരം ടീമുകള്‍ക്കായി മത്സരം കളിച്ചിട്ടില്ല.

റണ്‍വേട്ടയില്‍ എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. സച്ചിനുമായി കോഹ്‍ലിക്ക് ഇപ്പോഴും പതിനായിരത്തിലധികം റണ്‍സിന്‍റെ വ്യത്യമാസമുണ്ട്. സച്ചിന്‍റെ ആകെ രാജ്യാന്തര റണ്‍സ് നേട്ടം 34,375 റണ്‍സാണ്..

TAGS :

Next Story