Quantcast

'ഇതെന്‍റെ ഹീറോ ക്രിസ്റ്റ്യാനോക്ക്'; ഗോളിന് പിറകേ റോഡ്രിഗോ

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ആദ്യ ഗോള്‍ നേടിയ ശേഷം റോഡ്രിഗോ ക്രിസ്റ്റ്യാനോ സ്റ്റൈലിലാണ് ഗോള്‍ നേട്ടം ആഘോഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-19 09:00:18.0

Published:

19 April 2023 8:57 AM GMT

rodrygo goes
X

rodrygo goes

കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചെല്‍സിയെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ടീമിന്‍റെ വീരനായകനായത് ബ്രസീലിയന്‍ യുവതാരം റോഡ്രിഗോ ഗോസാണ്. മത്സരത്തിലെ രണ്ട് ഗോളുകളും റോഡ്രിഗോയുടെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്.

കളിയില്‍ ആദ്യ ഗോള്‍ നേടിയ ശേഷം താരം ക്രിസ്റ്റ്യാനോ സ്റ്റൈലിലാണ് ഗോള്‍ നേട്ടം ആഘോഷിച്ചത്. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനായ റോഡ്രിഗോ നേരത്തേ തന്നെ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഗോള്‍ നേട്ടം ക്രിസ്റ്റ്യാനോക്ക് താരം സമര്‍പ്പിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ 58-ാം മിനുറ്റിലാണ് റോഡ്രി​ഗോ റയൽ മാ‍ഡ്രിഡിന്റെ ആദ്യ ​ഗോൾ നേടുന്നത്. ഈ ​ഗോളോടെ ഏറെക്കുറെ സെമിഫൈനൽ ഉറപ്പിക്കാൻ റയൽ മാ‍ഡ്രിഡിനായി. മത്സരത്തിന്റെ 80-ാം മിനുറ്റിൽ വാൽവെർഡെ നീട്ടി നൽകിയ പന്ത് വലയിലെത്തിച്ചതോടെ താരം തന്റെയും ‍ടീമിന്റെയും ​ഗോൾ നേട്ടം രണ്ടായി ഉയർത്തി.

രണ്ടു പാദങ്ങളിലായി 4-0 എന്ന സ്കോറിനാണ് റയൽ മാ‍ഡ്രിഡ് ചെൽസിയെ തകര്‍ത്ത് സെമി പ്രവേശനം ഉറപ്പാക്കിയത്. നേരത്തെ ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് റയൽ മാ‍ഡ്രി‍ഡ് സ്വന്തം തട്ടകത്തിൽ തകർ‍‍ത്തിരുന്നു. റയൽ മാ‍ഡ്രി‍ഡിനായി കരീം ബെൻസേമയും മാർക്കോ അസൻസിയോയുമാണ് ആ മത്സരത്തിൽ ​ഗോളുകൾ നേടിയത്.


TAGS :

Next Story