ജിമ്മിൽ വെച്ച് കോഹ്‌ലിയോട് ഉപദേശം ചോദിച്ചു; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി സഞ്ജു സാംസൺ
ഭക്ഷണക്രമത്തിലും വ്യായാമത്തിലും വരുത്തിയ മാറ്റങ്ങളിലൂടെ ആഗോള തലത്തിൽത്തന്നെ കായിക താരങ്ങൾക്ക് ഒരു മാതൃകയായി മാറാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്‌നസിന്റെ അവസാന വാക്കായി ഇന്നും നിലകൊള്ളുന്നത് മുന്‍ നായകന്‍ കൂടിയായ വിരാട് കോഹ്‌ലിയാണ്. ടീമിലെത്തിയ കാലം മുതൽ ഭക്ഷണക്രമത്തിലും വ്യായാമത്തിലും വരുത്തിയ മാറ്റങ്ങളിലൂടെ ആഗോള തലത്തിൽത്തന്നെ കായിക താരങ്ങൾക്ക് മാതൃകയായി മാറാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്.
കോഹ്‌ലിയുടെ ജീവിതരീതി കണ്ടു പഠിക്കാൻ ശ്രമിക്കുകയും, എന്നാൽ അത് ദീർഘകാലം തുടരാൻ സാധിക്കാതെ ഉപേക്ഷിക്കുകയും ചെയ്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ജിയോ സ്റ്റാറിന്റെ 'ബിലീവ്' എന്ന പരിപാടിയിലാണ് സഞ്ജു, വിരാട് കോഹ്‌ലിയുമായുള്ള രസകരമായ അനുഭവം പങ്കുവെച്ചത്. ഇന്ത്യൻ ടീമിന്റെ ക്യാമ്പിനിടെ ജിമ്മിൽ വെച്ച് വിരാട് കോഹ്‌ലിയോട് ഉപദേശം ചോദിച്ച സംഭവമാണ് സഞ്ജു പറയുന്നത്.
"വിരാട് ഭായ് എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കാര്യങ്ങളിൽ വളരെ വ്യക്തതയുള്ള ആളാണ് അദ്ദേഹം. ജിമ്മിൽ അദ്ദേഹം കാണിക്കുന്ന ആവേശവും അച്ചടക്കവും എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്.
ഒരിക്കൽ ജിമ്മിൽ വെച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, 'പാജി, എനിക്കും എന്തെങ്കിലും ഉപദേശം തരൂ എന്ന്. അന്താരാഷ്ട്ര തലത്തിൽ തിളങ്ങാൻ കളി മികവ് പോലെ തന്നെ ജീവിതരീതിയും പ്രധാനമാണെന്ന് കോഹ്‌ലി പറഞ്ഞു. ഏത് തരം ഭക്ഷണമാണ് ശരീരത്തിന് പെട്ടെന്ന് ഊർജ്ജവും റിക്കവറിയും നൽകുകയെന്നും, ഏതാണ് ഒഴിവാക്കേണ്ടതെന്നും കോഹ്‌ലി വിശദീകരിച്ചു കൊടുത്തു. അടുത്ത 10 വർഷത്തേക്ക് ഈ അച്ചടക്കം കാത്തുസൂക്ഷിച്ചാൽ നിനക്ക് മികച്ചൊരു കരിയർ ഉണ്ടാകും എന്നായിരുന്നു കോഹ്‌ലിയുടെ ഉപദേശം.
എന്നാൽ ഈ ഉപദേശം പിന്തുടരാൻ തുടങ്ങിയെങ്കിലും ഒന്നര വർഷത്തോളമായപ്പോഴേക്കും തനിക്ക് അത് അതേപടി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് സഞ്ജു തുറന്നുപറഞ്ഞു. അതേസമയം തന്റെ ഭാവിയെക്കുറിച്ചും സഞ്ജു സാംസണ്‍ സംസാരിച്ചു. 2028ലെ ടി20 ലോകകപ്പിൽ കാര്യങ്ങൾ തനിക്ക് അനുകൂലമായി വന്നില്ലെങ്കിലും തന്റെ കായിക ജീവിതത്തോട് എന്നും കൃതജ്ഞതയുള്ളവനായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ഭാഗമായ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. തുടർന്ന് സിംബാബ്‌വെ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.
Adjust Story Font
16

