ആസ്ട്രേലിയൻ ഓപ്പൺ കിരീടം കാർലോസ് അൽക്കാരസിന്; ചരിത്ര നേട്ടം കുറിച്ച് സ്പാനിഷ് താരം

മെൽബൺ: കാർലോസ് അൽക്കാരസിന് കന്നി ആസ്ട്രേലിയൻ ഓപ്പൺ കിരീടം. ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നാല് മേജർ ഗ്രാൻസ്ലാം കിരീടങ്ങളും സ്വന്തമാക്കിയ താരം കരിയർ ഗ്രാൻഡ് സ്ലാം നേട്ടം പൂർത്തിയാക്കി. 22 വയസ്സും 272 ദിവസം മാത്രം പ്രായമുള്ള അൽക്കാരസ് ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി മാറി.
സെമി ഫൈനലിൽ ജർമൻ താരം അലക്‌സാണ്ടർ സിവറേവിനെ തോൽപിച്ചാണ് അൽക്കാരസ് ഫൈനലിലെത്തിയത്. അതെ സമയം ലോക രണ്ടാം നമ്പർ താരം ജാനിക്ക് സിന്നറിനെ അഞ്ച് സീറ്റുകളുടെ പോരാട്ടത്തിൽ തോൽപിച്ചാണ് നൊവാക്ക് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്.
മെൽബണിലെ റോഡ് ലെവർ അരീനയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഒരു സെറ്റ് പിന്നിൽ നിന്ന ശേഷമാണ് അൽക്കാരസ് തിരിച്ച് വന്നത്. ആദ്യ സെറ്റ് 2-6 എന്ന സ്കോറിനാണ് ജോക്കോവിച്ച് തന്റെ പേരിലാക്കിയത്. പക്ഷെ പിന്നീടുള്ള സീറ്റുകൾ 6-2, 6-3, 7-5 എന്ന സ്കോറിന് അൽക്കാരസ് ജയിക്കുകയായിരുന്നു.
യുഎസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൺ കിരീടങ്ങൾ രണ്ട് തവണ വീതം നേടിയിട്ടുള്ള അൽക്കാരസിന്റെ കരിയറിലെ ഏഴാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.
Adjust Story Font
16

