കളിമണ്‍ കോര്‍ട്ടില്‍ റാഫ വീണു; ദ്യോകോവിച്ച് ഫൈനലില്‍

കളിമൺ കോർട്ടിലെ രാജാവിനെ വീഴ്ത്തി നൊവാക്​ ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

MediaOne Logo

Web Desk

  • Updated:

    2021-06-12 04:50:37.0

Published:

12 Jun 2021 4:50 AM GMT

കളിമണ്‍ കോര്‍ട്ടില്‍ റാഫ വീണു; ദ്യോകോവിച്ച് ഫൈനലില്‍
X

കളിമൺ കോർട്ടിന്‍റെ രാജാവെന്ന് അറിയപ്പെടുന്ന ​റാഫേൽ നദാലിനെ വീഴ്ത്തി നൊവാക്​ ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. നാല്​ സെറ്റ്​ നീണ്ടുനിന്ന പോരാട്ടത്തിൽ നദാലിനെ 3-6, 6-3, 7-6, 6-2 എന്ന സ്കോറിന് തകര്‍ത്താണ് ദ്യോകോവിച്ച് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഇതോടെ 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള നദാലിനെ റൊളാൻഡ്​ ഗാരോസിൽ രണ്ട്​ വട്ടം തോൽപിക്കുന്ന ആദ്യ താരമെന്ന നേട്ടവും ലോക ഒന്നാം നമ്പർ താരമായ ദ്യോകോവിച്​ സ്വന്തമാക്കി.

2005ൽ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച നദാല്‍ കളിമൺ കോർട്ടില്‍‌ കളിച്ച 108 മത്സരങ്ങളില്‍ ആകെ മൂന്ന്​ മത്സരങ്ങളിൽ മാത്രമാണ്​ തോൽവി വഴങ്ങിയത്​. അതില്‍ രണ്ട് തവണയും നദാലെന്ന അതികായനെ വീഴ്ത്തിയത് ദ്യോകോവിച് ആണ്. 2015 ഫ്രഞ്ച്​ ഓപൺ ക്വാർട്ടറിലായിരുന്നു കളിമൺ കോർട്ടിൽ ദ്യോകോ ആദ്യം നദാലിനെ തോൽപിച്ചത്​. അതിന് ശേഷം അവസാനം നടന്ന നാല്​ ഗ്രാൻഡ്​സ്ലാമിലും തോല്‍വി അറിയാതെയാണ് നദാല്‍ കിരീടം ചൂടിയത്. ആദ്യ സെറ്റ്​ വിജയിച്ച ശേഷം നദാൽ റൊളാൻഡ്​ ഗാരോസിൽ ആദ്യമായി ഒരു മത്സരം തോൽക്കുന്നതെന്ന അപൂര്‍വതക്കും ഫ്രഞ്ച് ഓപ്പണ്‍ സെമി സാക്ഷിയായി​.

ദ്യോകോവിച്​ ഇത്​ അഞ്ചാം തവണയാണ്​ ഫ്രഞ്ച്​ ഓപൺ ഫൈനലിലെത്തുന്നത്​. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗ്രീസിന്‍റെ സ്റ്റിഫാനോസ്​ സിറ്റ്​സിപാസാണ്​ ദ്യോകോയുടെ എതിരാളി. ജർമനിയുടെ അലക്​സാണ്ടർ സ്വരേവിനെ തോൽപിച്ചാണ് സിറ്റ്​സിപാസ് ഫൈനൽ യോഗ്യത നേടിയത്. നേരത്തെ വിമ്പിൾഡണിൽ 21-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന സ്വപ്നവുമായെത്തിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്‍റിനിടെ പിന്മാറിയിരുന്നു. വലത് കാല്‍മുട്ടിന് കഴിഞ്ഞ വര്‍ഷം ഫെഡറര്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ കാലിനുണ്ടാകുന്ന പ്രശ്നം ഫെഡററെ വലക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാം റൌണ്ട് മത്സരം കഴിഞ്ഞതിന് പിന്നാലെ ഫെഡറര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറുന്ന കാര്യം അറിയിച്ചത്.

TAGS :

Next Story