Quantcast

മുംബൈക്ക് മുന്നിൽ ഒറ്റ വഴിയേ ഉള്ളൂ; പാണ്ഡ്യയെ മാറ്റുക

ഹർദിക് പാണ്ഡ്യയുടെ പ്രഹരശേഷിയെ കുറിച്ച് രാജസ്ഥാനെതിരായ മത്സര ശേഷം ഇർഫാൻ പത്താൻ വലിയ ചില ചോദ്യങ്ങളുയർത്തി

MediaOne Logo

Web Desk

  • Published:

    23 April 2024 12:11 PM GMT

മുംബൈക്ക് മുന്നിൽ ഒറ്റ വഴിയേ ഉള്ളൂ; പാണ്ഡ്യയെ മാറ്റുക
X

മുംബൈ ജഴ്‌സിയിൽ 100 മത്സരങ്ങൾ. ജയ്പൂരിൽ ഇന്നലെ രാജസ്ഥാനെതിരെ കളത്തിലിറങ്ങുമ്പോൾ മുംബൈ നായകൻ ഹർദിക് പാണ്ഡ്യ വലിയൊരു നാഴികക്കല്ലിൽ തൊട്ടിരുന്നു. രോഹിതും ഹർഭജനും ലസിത് മലിംഗയുമടക്കമുള്ള ഇതിഹാസങ്ങൾ അണിനിരക്കുന്ന പട്ടികയാണത്. മുംബൈ ഇന്ത്യൻസിന്റെ കുപ്പായത്തിൽ 100ം മത്സരം പിന്നിടുന്ന ഏഴാമത്തെ മാത്രം താരമാണ് ഹർദിക്.

എന്നാൽ മുംബൈ നായകന് സന്തോഷിക്കാൻ ഇക്കുറി വകയൊന്നുമില്ല. ടീം വീണ്ടുമൊരിക്കൽ കൂടി ഹർദികിന്റെ ക്യാപ്റ്റൻസിയിൽ പരാജയമേറ്റു വാങ്ങിയിരിക്കുന്നു. എട്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്നേ മൂന്ന് ജയമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. അഞ്ച് തവണ അമ്പേ പരാജയപ്പെട്ടു. ഗുജറാത്ത് ടൈറ്റൻസിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ കിരീടമണിയിക്കുകയും ചെയ്ത ഹർദിക് തന്നെയാണോ ഇതെന്ന് ഒരേ സ്വരത്തിൽ ചോദിക്കുന്നു ക്രിക്കറ്റ് വിശാരദരും ആരാധകരും.

''ഒരു കളി തോൽക്കുന്നു. കളിക്ക് ശേഷം നിങ്ങൾ മനോഹരമായി പുഞ്ചിരിക്കുന്നു. അടുത്ത കളി ഇതേ അസംബന്ധങ്ങൾ ആവർത്തിക്കുന്നു. ഇവരുടെയൊക്കെ മനസ്സിൽ എന്താണെന്നറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്'' മുംബൈ രാജസ്ഥാൻ മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ ബോളിങ് ഇതിഹാസം ഡെയിൽ സ്റ്റെയിൻ ഹർദികിനെ പരോക്ഷമായി വിമർശിച്ച് എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്.

ഇക്കുറി മുംബൈയുടെ പലതോൽവികളിലും ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് നിർണായക റോളുണ്ട്. പലപ്പോഴും ഹർദികിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തി. നിർണായക നിമിഷങ്ങളിൽ രോഹിത് ശർമ അനൗദ്യോഗികമായി മുംബൈയുടെ ക്യാപ്റ്റൻ റോൾ ഏറ്റെടുക്കുന്ന കാഴ്ച ആരാധകർ പലവുരു കണ്ടു. ഫീല്‍ഡ് ഫോര്‍മേഷനിലടക്കം ഹര്‍ദികിന് പിഴച്ചപ്പോള്‍ രോഹിത് തിരുത്തുകളുമായെത്തി.

പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ വിജയിച്ച മത്സരത്തിൽ ഹർദികിനെ അവഗണിച്ച് രോഹിതിന്റെ നിർദേശങ്ങൾക്ക് സാകൂതം കേട്ടുനിൽക്കുന്ന ആകാശ് മധ്വാളിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹർദികെന്ന ക്യാപ്റ്റനിൽ സഹതാരങ്ങൾക്ക് പോലും വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിരിക്കു എന്നതിന്റെ തെളിവുകളാണിതൊക്കെ എന്നാണിപ്പോൾ ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരായ മത്സരത്തിൽ കമന്ററിക്കിടെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഈ സംഭവത്തെ കുറിച്ച് മനസ്സു തുറന്നു.

''കളി സമ്മർദ ഘട്ടത്തിലാണ്. ആകാശ് മധ്വാളിന് മുന്നിൽ രോഹിതും ഹർദികുമുണ്ട്. ഇരുവരും ഫീൽഡ് ഫോർമേഷനെ കുറിച്ച് നിർദേശങ്ങൾ നൽകുന്നു. മധ്വാളാകട്ടെ രോഹിതിനെ മാത്രം ശ്രദ്ധിച്ചിരിക്കുന്നു. നിങ്ങളുടെ ക്യാപ്റ്റനെ കുറിച്ച ആത്മവിശ്വാസം നഷ്ടപ്പെട്ട് പോവുമ്പാണിത് സംഭവിക്കുന്നത്. ഇത് മാറിയില്ലെങ്കിൽ ടീം വീണ്ടും പരാജയങ്ങളേറ്റു വാങ്ങും.''

ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിലും മത്സര ശേഷവും പ്രത്യേകിച്ച് പാണ്ഡ്യക്ക് മാറ്റങ്ങളൊന്നുമുണ്ടായില്ല. നിർണായകമായ തീരുമാനങ്ങളൊന്നുമില്ല. ഒടുവിൽ തോൽവി. കളിക്ക് ശേഷം സ്വതസിദ്ധമായ പുഞ്ചിരി. വീണ്ടും പഴയ വർത്തമാനങ്ങൾ.

കളിക്ക് ശേഷം ഹർദിക് തോൽവിയുടെ കാരണങ്ങളായി പറഞ്ഞ പലതും അയാളിലേക്ക് തന്നെ വിരൽ ചൂണ്ടുന്നതായിരുന്നു. ''നേരത്തേ നിർണായക വിക്കറ്റുകൾ പലതും വീണപ്പോൾ നമ്മൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ തിലക് വർമയും നെഹാൽ വധേരയും ചേർന്ന് ടീമിനെ കൈപിടിച്ചുയർത്തി. പക്ഷെ ഫിനിഷിങ്ങിൽ നമുക്ക് വീണ്ടും പാളി. സ്‌കോർ 200 ലെത്തുമായിരുന്നു. എന്നാൽ വ്യക്തിപരമായി ഞാനാരെയും വിമർശിക്കുന്നില്ല. തോൽവിയിൽ നിന്ന് പാഠങ്ങൾ പഠിക്കുക. അടുത്ത മത്സരത്തിൽ അവ തിരുത്തുക''

ഈ വർത്തമാനങ്ങൾ പാണ്ഡ്യ എത്ര കാലമാവർത്തിക്കും. 17ാം ഓവറിൽ നെഹാൽ വധേര പുറത്താവുമ്പോൾ ക്രീസിലെത്തിയ ക്യാപ്റ്റൻ ഇന്നലെ ടീമിന് നൽകിയ സംഭാവനയെന്താണ്. കളി 16 ഓവർ പിന്നിട്ട് കഴിഞ്ഞു. തകർത്തടിച്ച് സ്‌കോർ ഉയർത്തേണ്ട സമയമാണ്. 10 പന്തിൽ പത്ത് റൺസാണ് ഇന്നലെ ഹർദികിന്റെ സമ്പാദ്യം. ആകെ അടിച്ചത് ഒരു ബൗണ്ടറി. ഒടുവിൽ 19ാം ഓവറിൽ ആവേശ് ഖാന് മുന്നിൽ വീണ് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ മുംബൈ നായകന്റെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങളൊന്നുമാരും കണ്ടില്ല.

ഹർദിക് പാണ്ഡ്യയുടെ പ്രഹരശേഷിയെ കുറിച്ച് മത്സര ശേഷം ഇർഫാൻ പത്താൻ വലിയ ചില ചോദ്യങ്ങളുയർത്തി. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നിൽക്കേ ഹർദികിന്റെ പ്രഹര ശേഷി വലിയൊരു ചോദ്യ ചിഹ്നനമാണ്. വാംഖഡെയിൽ അവൻ വ്യത്യസ്തനാണ്. പക്ഷെ ബോളർമാരെ തുണക്കുന്ന പിച്ചുകളിൽ ഹർദിക് അമ്പേ പരാജയമാണ്. പത്താന്‍ പറഞ്ഞു.

ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ഓള്‍ റൌണ്ടര്‍ ഓപ്ഷനായി കണക്കാക്കപ്പെടുന്ന പാണ്ഡ്യയുടെ ഐ.പി.എല്‍ പ്രകടനങ്ങള്‍ ഇങ്ങനെ. എട്ട് മത്സരങ്ങളിൽ 151 റൺസാണ് ഹർദികിന്റെ ആകെ സമ്പാദ്യം. 21.57 ആണ് ബാറ്റിങ് ആവറേജ്. 142.45 സ്‌ട്രൈക്ക് റൈറ്റ്. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്ന് ഹർദിക് ആകെ നേടിയത് നാല് വിക്കറ്റുകളാണ്. പല മത്സരങ്ങളിലും കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ താരത്തിന്‍റെ ബോളിങ് ആവറേജ് 46.5 ഉം എക്കോണമി 10.94 മാണ്. കാര്യങ്ങള് ഇങ്ങനെയൊക്കെയാണെങ്കിലും ഹര്‍ദിക് ടി20 ലോകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്. ഹര്‍ദികിനെ മാറ്റി ഐ.പി.എല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്ന ശിവം ദൂബെയെ ലോകകപ്പില്‍ ടീമിലെടുക്കണമെന്ന് മുറവിളികള്‍ ഇതിനോടകം തന്നെ വിവിധ കോണുകളില്‍ നിന്നുയരുന്നുമുണ്ട്. ഏതായാലും മുംബൈ നായകന് കാര്യങ്ങള്‍ അത്രക്ക് സുഖകരമല്ല എന്ന് തന്നെ പറയേണ്ടി വരും.

യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിക്കരുത്തില്‍ മുംബൈ ഇന്ത്യൻസിനെ ഒൻപത് വിക്കറ്റിനാണ് രാജസ്ഥാന്‍ ഇന്നലെ തകര്‍ത്തത്. മുംബൈയുടെ വിജയലക്ഷ്യമായ 180 റൺസ് എട്ട് പന്തുകൾ ബാക്കിനിൽക്കെ ഒരുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാൻ അനായാസം മറികടന്നു. 60 പന്തിൽ ഒൻപത് ഫോറും ഏഴ് സിക്‌സറും സഹിതം 104 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ രണ്ട് ഫോറും സിക്‌സറും സഹിതം 38 റൺസുമായി മികച്ച പിന്തുണ നൽകി. ജോസ് ബട്ലര്‍ 35 റൺസെടുത്ത് പുറത്തായി. പരിക്ക്മാറി ടീമിലേക്ക് മടങ്ങിയെത്തിയ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് മികവിലാണ് ആതിഥേയർ മുംബൈയെ 179 റൺസിൽ ഒതുക്കിയത്.


TAGS :

Next Story