Quantcast

സഞ്ജുവിനെ തഴയാൻ കാരണമിതാണ്; സെലക്ടർ പറയുന്നു

ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയാണുള്ളത്. എന്നാല്‍ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യുന്നവരല്ല.

MediaOne Logo

Web Desk

  • Published:

    12 Sep 2022 4:46 PM GMT

മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിൽ നിന്ന് സഞ്ജു സാംസണെ തഴ‍ഞ്ഞതിൽ വലിയ നിരാശയും വിമർശനവുമാണ് ആരാധകർ‍ക്കിടയിൽ നിലനിൽക്കുന്നത്. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ടീമിലെത്തിയത്. സഞ്ജുവിന് റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലും ഇടം നല്‍കാതിരുന്ന സെലക്ഷന്‍ കമ്മിറ്റി ശ്രേയസ് അയ്യരെയാണ് സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുത്തത്. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച ശരാശരിയും പ്രഹരശേഷിയും പുറത്തെടുത്ത താരമായിട്ടും സഞ്ജു തഴയപ്പെട്ടത് ചർച്ചയായിട്ടുണ്ട്.

എന്നാല്‍ സഞ്ജുവിനെ തഴയാനുള്ള കാരണം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി അംഗം. സഞ്ജു സാംസണ്‍ ലോക ക്രിക്കറ്റിലെ തന്നെ പ്രതിഭാധനനായ കളിക്കാരിലൊരാളണെന്നതില്‍ സംശയമില്ലെന്ന് പറയുന്ന അദ്ദേഹം‌ പക്ഷെ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ കോംബിനേഷനുകളാണ് പ്രധാനമെന്നും വ്യക്തമാക്കി.

ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയാണുള്ളത്. എന്നാല്‍ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യുന്നവരല്ല. മത്സരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാന്‍ കഴിയുന്ന ഒരു ബാറ്ററെയാണ് ഞങ്ങള്‍ നോക്കിയത്. ഹൂഡയ്ക്കാണെങ്കില്‍ അതിന് കഴിയും. ബാറ്ററെന്ന നിലയിലും ഹൂഡ കഴിവു തെളിയിച്ചിട്ടുണ്ടെന്നും സെലക്ഷന്‍ കമ്മിറ്റി അംഗം ഇന്‍സൈഡ് സ്പോര്‍ട്ടിനോട് വിശദീകരിച്ചു.

രോഹിത് ശർമ നയിക്കുന്ന 15 അംഗ ടീമിലേക്ക് പേസ്‌ബോളർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിട്ടുണ്ട്. റിഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം അക്‌സർ പട്ടേൽ ടീമിൽ ഇടംപിടിച്ചു. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന രവി ബിഷ്‌ണോയിയും ആവേശ്ഖാനും പുറത്തായി.

ബാറ്റിങ് നിരയില്‍ ക്യാപ്റ്റൻ രോഹിത് ശർമക്ക് പുറമേ കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർയാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ദീപക് ഹൂഡ ഒപ്പം ഓൾ റൗണ്ടറായി ഹർദിക് പാണ്ഡ്യയും ടീമിൽ ഇടംപിടിച്ചു. ബുംറക്ക് പുറമേ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും അർഷദീപ് സിങ്ങുമാണ് ടീമിലിടം പിടിച്ച പേസ് ബോളർമാർ. രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലുമാണ് ടീമിലിടം പിടിച്ച സ്പിന്നര്‍മാര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങളായി ബോളര്‍മാരുടെ കൂട്ടത്തില്‍ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍ ബാറ്റര്‍ സ്റ്റാന്‍‍ഡ് ബൈ ആയി ശ്രേയസ് അയ്യരും സ്പിന്നര്‍ സ്റ്റാന്‍ഡ് ബൈ ആയി രവി ബിഷ്ണോയിയും എത്തും. ലോകകപ്പിന് മുമ്പ് ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കുന്ന ടി20 പരമ്പരകളിലും ഇതേ ടീം തന്നെയാണ് കളത്തിലിറങ്ങുക.

ടീം ഇങ്ങനെ: രോഹിത് ശര്‍മ, കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർയാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാര്‍, ഹർഷൽ പട്ടേല്‍, അർഷദീപ് സിങ്ങ്, രവിചന്ദ്ര അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍,

TAGS :

Next Story