'ഇങ്ങനെ ഉപയോഗിച്ചില്ലെങ്കിൽ എഐ നിങ്ങളുടെ പണി കളഞ്ഞേക്കും, ജോലിയിൽ പിടിച്ചുനിൽക്കാൻ എനിക്ക് തുണയായത് ഇക്കാര്യം...'; ചർച്ചയായി ടെക്കിയുടെ വാക്കുകൾ
എഐയുടെ കടന്നുവരവ് ജോലി കളയുകയല്ല, മറിച്ച് മനുഷ്യരുടെ ജോലി സാധ്യതകൾ വർധിപ്പിക്കുകയാണെന്ന വാദവുമായി നേരത്തെ ആമസോൺ സ്ഥാപകനായ ജെഫ് ബെസോസും രംഗത്തെത്തിയിരുന്നു

ന്യൂഡൽഹി: എഐയുടെ കടന്നുവരവും അനുനിമിഷമുള്ള വളർച്ചയും തൊഴിലിടങ്ങളിലെ മനുഷ്യന്‍റെ സാധ്യതകളെയും അവസരങ്ങളെയും തട്ടിത്തെറിപ്പിക്കുമെന്ന മുന്നറിയിപ്പ് കേൾക്കാത്തവരായി അധികപേരൊന്നും കാണില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം എഐ ചാറ്റ്ബോട്ടുകളെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത്, വിരൽത്തുമ്പിൽ ടെക്നോളജിയില്ലെങ്കിൽ തൊട്ടതെല്ലാം പിഴച്ചേക്കുമെന്നാണ് പല നിരീക്ഷകരും പറഞ്ഞുവെച്ചിട്ടുള്ളത്.
അതേസമയം, എഐയെ ഉപയോഗപ്പെടുത്തി, സ്വന്തം കഴിവുകളെ രാകിമിനുക്കിയെടുത്താൽ ഇൻഡസ്ട്രിയിൽ നമ്മളോളം മികച്ചതായി മറ്റൊരാളും കാണില്ലെന്ന് പറയുന്നവരും ചില്ലറയല്ല. ഇപ്പോഴിതാ, നിർമിതബുദ്ധി തന്‍റെ തൊഴിലിനെ എങ്ങനെയാണ് സഹായിച്ചതെന്നും മികച്ച പ്രകടനം കാഴ്ച വെക്കാൻ തുണയായതെന്നുമുള്ള ടെക്കി യുവതിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സിമ്രാൻ ഭല്ലാ എന്ന യുവതിയാണ് തന്‍റെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും എഐയുടെ ഇടപെടൽ എത്രത്തോളമാണ് തന്നെ സഹായിച്ചതെന്നുമുള്ള വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എഐ ക്രമേണ മനുഷ്യന്‍റെ തൊഴിലുകൾ വെട്ടിച്ചുരുക്കുമെന്നുള്ള ഭയം വെറുതെയാണെന്നും ചാറ്റ് ജിപിടി അടക്കമുള്ള എഐ ചാറ്റ്ബോട്ടുകൾ തന്‍റെ ജോലി കൂടുതൽ സുഗമമാക്കിയെന്നും സിമ്രാൻ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് വിവിധ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തിയത്. സിമ്രാന്‍റേത് സത്യസന്ധമായ വെളിപ്പെടുത്തലാണെന്നും ജോലിസ്ഥലങ്ങളിൽ എഐ തങ്ങൾക്ക് ഏറെ ഉപകാരം ചെയ്യുന്നുണ്ടെന്നും നിരവധി പേർ അഭിപ്രായപ്പെടുകയുണ്ടായി.
'എഐ നിങ്ങളുടെ ജോലി കളയും, എഐ അത്യന്തം അപകടകരമാണ്, നിങ്ങളുടെ വരുമാനവും ജോലിയും ഇതോടെ അവസാനിക്കാൻ പോകുന്നു...എന്നിങ്ങനെ പല മുന്നറിയിപ്പുകളും ഭീഷണികളും ഇതിനോടകം നിങ്ങൾ കേട്ടിട്ടുണ്ടാകാം. അവയിൽ ചിലതൊക്കെ നിങ്ങളെ പിടിച്ചുകുലുക്കിയെന്നുമിരിക്കാം. എന്നാൽ, അതത്ര ഭയപ്പാടോടെ നോക്കിക്കാണേണ്ട സംഗതിയാണെന്ന് എനിക്ക് തോന്നുന്നില്ല. എഐ കാരണമാണ് ഞാനിപ്പോഴും എന്‍റെ ജോലിയിൽ തുടരുന്നത്. ജോലിക്കിടെ എഐയെ ഫലപ്രദമായി ഉപയോഗിക്കാൻ നിർബന്ധിക്കുന്ന ബോസ് ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഭാഗ്യം. ഒരുപക്ഷെ, അത്തരമൊരു ബോസ് എനിക്കില്ലായിരുന്നെങ്കിൽ ഞാനെപ്പോഴേ ഈ ജോലി വിട്ടെറിഞ്ഞ് പോയെനേ. അദ്ദേഹത്തിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഞാനെപ്പോഴേ ഈ ജോലി പാതിവഴിയിൽ ഇട്ടേച്ച് പോയേനെ.' സിമ്രാൻ വെളിപ്പെടുത്തി.
'ഓഫീസിലെ കടുത്ത മത്സരങ്ങൾക്കിടെ അതിജീവനത്തിന് എന്നെ പ്രാപ്തയാക്കിയതിൽ എഐയുടെ പങ്ക് ചില്ലറയല്ല. സ്ഥിരതയോടെ ഈ ജോലിയിൽ തുടരാൻ എഐ വളരെ നിർണായകമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതെന്‍റെ ജോലിയെ നഷ്ടപ്പെടുത്തുകയല്ല, മറിച്ച് രക്ഷിക്കുകയാണ് ചെയ്യുന്നത്.' അവർ കൂട്ടിച്ചേർത്തു.
നിത്യജീവിതത്തിൽ എഐ തങ്ങൾക്കും ഏറെ ഗുണം ചെയ്യാറുണ്ടെന്ന തരത്തിലുള്ള അഭിപ്രായങ്ങളുമായി നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് കീഴിൽ കമന്‍റ് ബോക്സിലെത്തിയിരിക്കുന്നത്. 'എഐ ഇല്ലെങ്കിൽ ഞങ്ങളില്ല'. ഒരാൾ കുറിച്ചു. എല്ലാ കാര്യത്തിനും എഐയെ ആശ്രയിക്കുന്നത് നിങ്ങളുടെ ക്രിയാത്മകമായ ശേഷിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് മറ്റൊരാൾ.
എഐയുടെ കടന്നുവരവ് ജോലി കളയുകയല്ല, മറിച്ച് മനുഷ്യരുടെ ജോലി സാധ്യതകൾ വർധിപ്പിക്കുകയാണെന്ന വാദവുമായി നേരത്തെ ആമസോൺ സ്ഥാപകനായ ജെഫ് ബെസോസും രംഗത്തെത്തിയിരുന്നു. 'എഐയുടെ കടന്നുവരവോടെ മനുഷ്യരുടെ ജോലികളും വരുമാനങ്ങളും നിലക്കുമെന്ന് കരുതിയിരിക്കുന്ന നിരവധിയാളുകളുണ്ട്. അവരെല്ലാം വലിയ തെറ്റിധാരണയിൽ പെട്ടിരിക്കുകയാണെന്നാണ് തോന്നുന്നത്.' ബെസോസ് വ്യക്തമാക്കി. തന്‍റെ പുതിയ എഐ സംരംഭമായ പ്രോമെത്യൂസിനെ കുറിച്ചുള്ള ഫിനാൻഷ്യൽ ടൈംസിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടെക്നോളജി ഉത്പാദനക്ഷമത വർധിപ്പിക്കുമെന്നും ഇത് വ്യാവസായിക രംഗങ്ങളിൽ മനുഷ്യർക്ക് പുത്തൻ ജോലിസാധ്യതകൾക്കുള്ള വഴിതുറക്കാനാണ് കാരണമാകുകയെന്നും ജെഫ് പ്രസ്താവിക്കുകയുണ്ടായി.
എഐയുടെ കടന്നുവരവോടെ ചില പ്രത്യേക മേഖലകളിലെ ജോലികളിന്മേൽ മനുഷ്യരുടെ മേൽക്കൈ നഷ്ടമാകുമെന്നും എഐ മനുഷ്യശ്രമങ്ങളെ നിഷ്പ്രയാസം മറികടക്കുമെന്നും ആന്ത്രോപിക് തലവൻ ഡാരിയോ അമോഡൈ അടക്കമുള്ള പ്രമുഖരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16

