ആപ്പിൾ ആരാധകർക്ക് വൻ സർപ്രൈസ്; സെപ്തംബറിലെ ഐഫോൺ ലോഞ്ചിൽ ആ 'പതിവ്' തെറ്റുന്നു
ഈ വർഷത്തെ ഐഫോൺ ലോഞ്ചിനെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആപ്പിൾ ആരാധകരെ അമ്പരപ്പിക്കുന്നതാണ്.

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ WWDC ഇന്ന് (ജൂൺ 8) ആരംഭിക്കാനിരിക്കെ ഐഫോണ്‍ 18നുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങള്‍ പുറത്ത്. ഐഫോണുകളുടെ അടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 27 ഉൾപ്പെടെയുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളാണ് കമ്പനി ഇന്ന് അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണുകൾക്കായുള്ള ഔദ്യോഗിക കാത്തിരിപ്പ് തുടങ്ങുക.
എന്നാൽ, ഈ വർഷത്തെ ഐഫോൺ ലോഞ്ചിനെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആപ്പിൾ ആരാധകരെ അമ്പരപ്പിക്കുന്നതാണ്.
പതിവ് തെറ്റിച്ച്, ഈ വർഷം സെപ്തംബറില്‍ നടക്കുന്ന ലോഞ്ചില്‍ സ്റ്റാൻഡേർഡ് (അടിസ്ഥാന) ഐഫോൺ മോഡൽ(ഐഫോണ്‍ 18) ഉണ്ടായേക്കില്ല. ആപ്പിൾ തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന (ഫോള്‍ഡബിള്‍) ഐഫോണിലാണ് ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിലാണ് 2026ല്‍ ഐഫോണ്‍ 18 ഇറക്കാത്തത്. ഫോള്‍ഡബിള്‍ മോഡലാണ് 2026ലെ കമ്പനിയുടെ സര്‍പ്രൈസും. റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഐഫോൺ 18 പരമ്പരയിലെ മൂന്ന് പ്രീമിയം മോഡലുകൾ മാത്രമായിരിക്കും സെപ്തംബറില്‍ പുറത്തിറങ്ങുക. ഫോള്‍ഡബിള്‍ മോഡലിനെക്കൂടാതെ ഐഫോണ്‍ 18പ്രോ, പ്രോ മാക്സ് എന്നിവയാകും ആ മോഡലുകള്‍.
അടിസ്ഥാന മോഡലായ ഐഫോൺ 18, ഐഫോൺ 18e, ഒപ്പം രണ്ടാം തലമുറ എയർ (എയര്‍) മോഡൽ എന്നിവ 2027ന്റെ തുടക്കത്തിൽ മാത്രമേ വിപണിയിലെത്താൻ സാധ്യതയുള്ളൂ. എല്ലാ ഫോണുകളും ഒന്നിച്ച് അവതരിപ്പിക്കുന്ന ആപ്പിളിന്റെ പരമ്പരാഗത സെപ്തംബര്‍ ലോഞ്ച് രീതിക്ക് ഇതോടെ മാറ്റം വരും.
സമീപകാലത്ത് പുറത്തുവന്ന ഡമ്മി യൂണിറ്റിലെ വിശദാംശങ്ങള്‍ അനുസരിച്ച് ഗൂഗിൾ പിക്സൽ ഫോൾഡിന് സമാനമായ 'പാസ്‌പോർട്ട് സ്റ്റൈൽ' ഡിസൈനായിരിക്കും ഫോൾഡബിൾ ഐഫോണിനുണ്ടാവുക.
ഉള്ളിൽ 7.8 ഇഞ്ചിന്റെ വലിയ ഫോൾഡബിൾ OLED ഡിസ്‌പ്ലേയും പുറത്ത് 5.5 ഇഞ്ചിന്റെ കവർ സ്‌ക്രീനും ഉണ്ടാകും. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോൺ ഡിസ്‌പ്ലേയായിരിക്കും. മടക്ക് നിവർത്തുമ്പോൾ വെറും 4.7mm മാത്രം കനമുള്ള അതീവ സുന്ദരമായ ഡിസൈനായിരിക്കും ഇതിന്റേത്. പ്രീമിയം വിഭാഗത്തിൽ പെടുന്ന ഈ ഫോൾഡബിൾ ഐഫോണിന് വിപണിയിൽ 2,000 ഡോളറിന് മുകളിൽ (ഏകദേശം 1.65 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലവരുമെന്നാണ് സൂചനകൾ.
Adjust Story Font
16

