ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? ഈ എട്ട് കാര്യങ്ങൾ അറിയാതെ പോകരുത്
ടെക്നോളജിയെ അവഗണിക്കുന്നതായിരിക്കും പുതിയ കാലത്തെ ഉദ്യോഗാർത്ഥികളുടെ ഏറ്റവും വലിയ വിഡ്ഢിത്തം

പുതിയ കാലത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം എഐ ടൂളുകളെ ഉപയോഗിക്കുന്ന ശീലം പ്രായഭേദമന്യേ എല്ലാവരിലുമുണ്ട്. വിദ്യാര്‍ഥികളാണെങ്കിലും അധ്യാപകരാണെങ്കിലും പ്രഫഷണല്‍ രംഗത്തുള്ളവരാണെങ്കില്‍ പോലും തങ്ങളുടെ മേഖലകളിലെ ക്രിയാത്മകമായ നിലനില്‍പ്പിനായി എഐ ടൂളുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ജനറേറ്റ് ചെയ്യാന്‍, ഡാറ്റകള്‍ വിശകലനം ചെയ്യാന്‍, റഫറന്‍സ് എന്നിങ്ങനെ തുടങ്ങി വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്കായി നിരവധി എഐ ടൂളുകള്‍ പുതിയ കാലത്ത് വിരല്‍ത്തുമ്പിലുണ്ട്.
അത്തരത്തില്‍, പ്രായഭേദമന്യേ നിരവധിപേര്‍ ഉപയോഗപ്പെടുത്തുകയും അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എഐ ചാറ്റ്‌ബോട്ടുകളില്‍ പ്രധാനിയാണ് ചാറ്റ് ജിപിടി.
ദിവസവും ജോലി തേടി അലയുന്നവരാണോ നിങ്ങള്‍? എത്രയെത്ര ഓടിനടന്നിട്ടും എന്തുകൊണ്ടാണ് ജോലി അകന്നുപോകുന്നതെന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍, ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിച്ചുകൊണ്ട് എളുപ്പത്തില്‍ നിങ്ങളാഗ്രഹിച്ച ജോലി നേടിയെടുക്കുന്നതിനുള്ള ഈ എട്ട് വഴികള്‍ അറിഞ്ഞിരിക്കാം.
1. കരിയര്‍ കൗണ്‍സലറായ ചാറ്റ് ജിപിടി
കരിയറിന്റെ വളര്‍ച്ചയ്ക്കും മുന്നോട്ടുപോക്കിനും കൗണ്‍സലറായി ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താമെന്നുള്ളതാണ് ഏറ്റവും വലിയ ഉപകാരം. നിങ്ങളാഗ്രഹിക്കുന്ന മേഖലയിലെ നൂതന സംവിധാനങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ വ്യക്തമായി പറഞ്ഞുതരാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കും.
നിങ്ങളുടെ കഴിവ്, യോഗ്യത, എക്‌സ്പീരിയന്‍സ് മുതലായവ ലിസ്റ്റ് ചെയ്ത് അനുയോജ്യമായ ജോലികള്‍ ചാറ്റ് ജിപിടി സജസ്റ്റ് ചെയ്തുതരും.
2. സേര്‍ച്ച് എന്‍ജിനായും ഉപയോഗിക്കാം
നിങ്ങള്‍ ആഗ്രഹിക്കുന്ന മേഖല തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അടുത്തപടി ചാറ്റ് ജിപിടിയുടെ സേര്‍ച്ച് എന്‍ജിന്‍ സംവിധാനം ഉപയോഗപ്പെടുത്തുകയെന്നതാണ്. നിരവധി വെബ്‌സൈറ്റുകളിലായി ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്ന ജോലികള്‍ വളരെ വേഗത്തില്‍ മുന്നിലേക്കെത്തിക്കാന്‍ അത് നിങ്ങളെ സഹായിക്കും. സമയം ലാഭിക്കുകയും ചെയ്യാം.
നിങ്ങളാകെ ചെയ്യേണ്ടത് വിവരങ്ങള്‍ കൃത്യമായി ലിസ്റ്റ് ചെയ്യുകയെന്നത് മാത്രമാണ്.
3. റഫറന്‍സിലൂടെ കമ്പനികളെ അറിയാം
മേഖലയും അനുയോജ്യമായ ജോലിയും കണ്ടെത്തിക്കഴിഞ്ഞാല്‍ മുന്നിലുള്ള വെല്ലുവിളി വിശ്വസനീയമായ കമ്പനികളിലേക്ക് എത്തിപ്പെടുകയെന്നതാണ്. നിങ്ങളെത്ര തന്നെ പ്രതിഭാശാലിയാണെങ്കില്‍ പോലും അപേക്ഷകള്‍ സമര്‍പ്പിക്കാനുദ്ദേശിക്കുന്ന കമ്പനിയെ കുറിച്ച് അറിയുകയെന്നത് വളരെ പ്രധാനമാണ്. കമ്പനിയുടെ നിലവിലെ സാമ്പത്തികാവസ്ഥ, അടിസ്ഥാന വേതനം തുടങ്ങിയ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുമെങ്കിലും കൃത്യമായ ഉറവിടങ്ങളില്‍ നിന്ന് അത് തേടിപ്പിടിക്കുകയെന്നത് സ്വാഭാവികമായും വെല്ലുവിളിയാണ്. ചാറ്റ് ജിപിടിയുടെ സേര്‍ച്ച് എന്‍ജിനുകളെ കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ഇതെല്ലാം വളരെ വേഗത്തില്‍ അറിയാനാകും.
4. റെസ്യൂമെ നിര്‍മിക്കാം
പരിചയസമ്പത്ത് തീരെയില്ലാത്ത ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം റെസ്യൂമെ തയ്യാറാക്കുകയെന്നത് വെല്ലുവിളി തന്നെയാണ്. നിങ്ങളുടെ ഡാറ്റകള്‍ കൃത്യമായി ലിസ്റ്റ് ചെയ്ത് നല്‍കുകയാണെങ്കില്‍ ഏറ്റവും മികച്ച റെസ്യൂമെ തയ്യാറാക്കാന്‍ ചാറ്റ് ജിപിടിയേക്കാള്‍ മികച്ചൊരാളെ കണ്ടെത്താന്‍ പ്രയാസമായിരിക്കും.
5. നിങ്ങളെക്കുറിച്ചുള്ള ഡിസ്‌ക്രിപ്ഷന്‍ തയ്യാറാക്കാം
ഏതൊരു റെസ്യൂമെയിലെയും അവിഭാജ്യഘടകമാണ് നിങ്ങളെ കുറിച്ചുള്ള ഡിസ്‌ക്രിപ്ഷന്‍ കോളം. നിങ്ങളുടെ പ്രഫഷണല്‍ ആറ്റിറ്റ്യൂടിനെ എടുത്തുകാണിക്കുന്നതില്‍ ചില്ലറയൊന്നുമല്ല ഡിസ്‌ക്രിപ്ഷന്റെ പങ്ക്. നിങ്ങളുടെ കഴിവ്, അനുഭവസമ്പത്ത്, വെല്ലുവിളികള്‍ എന്നിങ്ങനെയുള്ള രേഖകള്‍ വ്യക്തമായി ലിസ്റ്റ് ചെയ്തുനല്‍കുകയാണെങ്കില്‍ മികച്ചൊരു ഡിസ്‌ക്രിപ്ഷന്‍ ചാറ്റ് ജിപിടി തയ്യാറാക്കും.
6. വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ കോളത്തില്‍ എന്തെഴുതണം?
നിങ്ങളുടെ മികവും കഴിവും താല്‍പ്പര്യവും സഹിഷ്ണുതയുമെല്ലാം അളക്കാനുപയോഗിക്കുന്ന റെസ്യൂമെയിലെ പ്രധാന ഘടകമാണ് വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ കോളം. ഇത് നിങ്ങളുടെ മുന്‍ വര്‍ക്കുകളെയും കപ്പാസിറ്റിയെയും തിരിച്ചറിയാന്‍ കമ്പനികള്‍ക്ക് സഹായകമായിരിക്കും.
റെസ്യൂമെയിലെ വളരെ പ്രധാനപ്പെട്ട ഘടകമായതിനാല്‍ തന്നെ നിങ്ങളുടെ ഡാറ്റകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ സ്റ്റാന്‍ഡേര്‍ഡുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് കോളം തയ്യാറാക്കാനാകും.
7. റെസ്യൂമെ റിവ്യൂവര്‍
റെസ്യൂമെ തയ്യാറാക്കികഴിഞ്ഞാലുള്ള അടുത്തപടി ഏതെങ്കിലും വിദഗ്ധനെ ഉപയോഗപ്പെടുത്തി പ്രൂഫ് റീഡിങ് നടത്തുകയെന്നതാണ്. എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് വിദഗ്ധനെ കിട്ടിക്കോളണമെന്നുമില്ല. ഇവിടെയും ചാറ്റ് ജിപിടി രക്ഷകനായെത്തും.
അഭിപ്രായം രേഖപ്പെടുത്താന്‍, മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയ കാര്യങ്ങളും ചാറ്റ് ജിപിടിയുടെ പരിധിയില്‍പെടും. അതിനായി, ആദ്യം നിങ്ങള്‍ ചാറ്റ് ജിപിടി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക, തയ്യാറാക്കിയ റെസ്യൂമെ അറ്റാച്ച് ചെയ്യുക, റിവ്യൂ, ഫീഡ്ബാക്ക് ആവശ്യപ്പെടുക.
8. മോക്ക് ഇന്റര്‍വ്യൂ പാര്‍ട്ട്ണര്‍ റോളിലെത്തുന്ന ചാറ്റ് ജിപിടി
ജോലിക്ക് അപേക്ഷ തയ്യാറാക്കുന്നതിനായുള്ള എല്ലാ ഘടകങ്ങളും പിന്നിടുന്നതോടെ വലിയ കടമ്പകള്‍ തീര്‍ന്നിട്ടുണ്ടാവും. ഇന്റര്‍വ്യൂക്ക് മുന്‍പായി മോക്ക് ഇന്റര്‍വ്യൂകളെ നേരിടുകയാണെങ്കില്‍ അത് വലിയൊരളവില്‍ ആത്മവിശ്വാസം ഉയര്‍ത്താനിടയാക്കും. നിലവാരമുള്ള ചോദ്യങ്ങളും ഓഫര്‍ ടിപ്‌സും നിരത്തി ഇന്റര്‍വ്യൂക്ക് മുന്‍പായി ഇന്റര്‍വ്യൂ നേരിടാന്‍ ചാറ്റ് ജിപിടി സഹായകമായിരിക്കും.
ചാറ്റ് ജിപിടിയുടെ വോയിസ് മോഡ് ഓണ്‍ ചെയ്യുന്നതിനായി, ആദ്യം നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക, വലതുവശത്ത് മുകളിലായി ഹെഡ്‌ഫോണ്‍ ബട്ടണ്‍ അമര്‍ത്തുക, അവിടെ നിങ്ങള്‍ക്ക് വോയിസ് മോഡ് ഓണ്‍ ചെയ്യാനുള്ള സംവിധാനം കാണാന്‍ സാധിക്കും.
Adjust Story Font
16

