Quantcast

വാട്‌സ്ആപ്പിനെ നയിക്കാന്‍ ഇന്ത്യക്കാരന്‍; പുതിയ മേധാവിയായി 'ക്രെഡ്' സ്ഥാപകന്‍ കുനാല്‍ ഷാ

സാങ്കേതികവിദ്യാരംഗത്ത് ഒരു ഇന്ത്യൻ സംരംഭകൻ കൈവരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ നേതൃമാറ്റങ്ങളിൽ ഒന്നാണിത്

MediaOne Logo
വാട്‌സ്ആപ്പിനെ നയിക്കാന്‍ ഇന്ത്യക്കാരന്‍;  പുതിയ മേധാവിയായി ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷാ
X

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ 'ക്രെഡിന്റെ' സ്ഥാപകൻ കുനാൽ ഷാ വാട്സ്ആപ്പിന്റെ പുതിയ ആഗോള മേധാവിയാകും. സാങ്കേതികവിദ്യാരംഗത്ത് ഒരു ഇന്ത്യൻ സംരംഭകൻ കൈവരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ നേതൃമാറ്റങ്ങളിൽ ഒന്നാണിത്.

ക്രെഡില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 8550 കോടി രൂപ നിക്ഷേപിച്ചതോടെയാണ് നിയമനത്തിന് വഴി തെളിഞ്ഞത്. ക്രെഡിന്റെ 20 ശതമാനം ഓഹരിയാണ് മെറ്റ സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ വാട്സ്ആപ്പ് മേധാവി വിൽ കാത്കാർട്ടിന് പകരക്കാരനായാണ് കുനാൽ ഷാ ഈ പദവിയിലെത്തുന്നത്. 2019 മുതൽ വാട്സ്ആപ്പിനെ നയിച്ചിരുന്നത് വിൽ കാത്കാർട്ടായിരുന്നു.

കേവലമൊരു മെസേജിങ് ആപ്പ് എന്നതിലുപരിയായി വാട്സ്ആപ്പ് വലിയൊരു ബിസിനസ് വളർച്ച കൈവരിക്കുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന നിയമനം. നിലവിൽ ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പ്, പേയ്മെന്റുകൾ, ബിസിനസ് മെസേജിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫീച്ചറുകൾ എന്നിവയിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഒരു സ്ഥാപകൻ എന്ന നിലയിലും 'പ്രൊഡക്റ്റ് ബിൽഡർ' എന്ന നിലയിലുമുള്ള കുനാൽ ഷായുടെ പരിചയസമ്പത്ത് വാട്സ്ആപ്പിന് കരുത്തേകുമെന്നാണ് മെറ്റ വിശ്വസിക്കുന്നത്. ഇന്ത്യക്കാരനാണ് എന്നതും മെറ്റ നേട്ടമായി കാണുന്നത്. കാരണം വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആപ്പിന്റെ ബിസിനസ് നീക്കങ്ങളിലും പേയ്മെന്റുകളിലുമൊക്കെ ഇന്ത്യക്ക് നിർണായക പങ്കുണ്ട്.

അതേസമയം കുനാൽ ഷായുടെ സംരംഭകത്വ മികവിനെ പ്രശംസിച്ചും തീരുമാനം ഔദ്യോഗികമായി അറിയിച്ചും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

"കുനാൽ ഷാ വാട്സ്ആപ്പിന്റെ അടുത്ത ടീം ലീഡറായി മെറ്റയ്ക്കൊപ്പം ചേരുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കമ്പനികളിലൊന്നായി അദ്ദേഹം ക്രെഡിനെ വളർത്തിയെടുത്തു. ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിംഗ് ആപ്പ് നടത്തുന്നതിന് ആവശ്യമായ ബിൽഡർ മനോഭാവവും ആഗോള കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. കുനാലിനൊപ്പം ചേർന്ന് കോടിക്കണക്കിന് ആളുകൾക്കും ദശലക്ഷക്കണക്കിന് ബിസിനസുകൾക്കും വാട്സാപ്പിനെ ഏറ്റവും മികച്ച സേവനമാക്കി മാറ്റാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു''

TAGS :
Next Story