Quantcast

'പ്രമുഖരുടെ പേരുകൾ തൽക്കാലം ആർക്കും നൽകില്ല': യൂസര്‍നെയിം ഫീച്ചറില്‍ വാട്സ്ആപ്പിന്റെ പുതിയ നീക്കം

മൂന്ന് ദിവസത്തിനകം വിഷയത്തിൽ വിശദമായ മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്

MediaOne Logo
പ്രമുഖരുടെ പേരുകൾ തൽക്കാലം ആർക്കും നൽകില്ല: യൂസര്‍നെയിം ഫീച്ചറില്‍ വാട്സ്ആപ്പിന്റെ പുതിയ നീക്കം
X

ന്യൂഡല്‍ഹി: ഫോൺ നമ്പർ കൈമാറാതെ തന്നെ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന 'യൂസർനെയിം' ഫീച്ചർ കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് വാട്‌സാപ്പ് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഫീച്ചറിന്റെ നേട്ടത്തേക്കാളുപരി അതിന്റെ ദുരുപയോഗ സാധ്യതയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പരിഗണിച്ചാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പ്രശസ്തരായ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ദുരുപയോഗം ചെയ്യാതിരിക്കാനും യഥാർത്ഥ ഉടമസ്ഥർക്ക് തന്നെ അവകാശപ്പെടാനുമായി തൽക്കാലം മാറ്റിവെച്ചിരിക്കുകയാണെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. പ്രശസ്തമായ പേരുകളോട് സാദൃശ്യമുള്ള മറ്റു പേരുകളും ഇത്തരത്തിൽ മാറ്റിവെച്ചിട്ടുണ്ടെന്നും എന്‍ഡിടിവി പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ വാട്സ്ആപ്പ് വക്താവ് വ്യക്തമാക്കി.

മൂന്ന് ദിവസത്തിനകം വിഷയത്തിൽ വിശദമായ മറുപടി നൽകാൻ മെറ്റയ്ക്ക് സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കരുതെന്നും നിർദേശമുണ്ട്. എന്നാൽ, തട്ടിപ്പുകൾ തടയാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഒരു അക്കൗണ്ടിൽ നിന്ന് അപരിചിതരായ എത്ര പേർക്ക് പുതിയ സന്ദേശങ്ങൾ അയക്കാം എന്നതിന് നിയന്ത്രണം ഉണ്ടാകും. കൂടാതെ മറ്റുള്ളവരുടെ യൂസർനെയിമുകൾ ഊഹിച്ചെടുത്ത് ചാറ്റ് ചെയ്യാനുള്ള ശ്രമങ്ങളും തടയും.

യൂസർനെയിം വഴി ആരെങ്കിലും പുതിയതായി മെസ്സേജ് അയച്ചാൽ, അവർ പുതിയ അക്കൗണ്ട് ആണോ, നിങ്ങളുടെ കോൺടാക്റ്റിൽ ഉള്ളതാണോ, ഏതെങ്കിലും ഗ്രൂപ്പുകളിൽ ഒരുമിച്ചുള്ളതാണോ, ഏത് രാജ്യത്ത് നിന്നുള്ളതാണ് തുടങ്ങിയ സുപ്രധാന വിവരങ്ങൾ ചാറ്റ് വിൻഡോയിൽ കാണിക്കും. ഫോൺ നമ്പർ പൂർണ്ണമായും സുരക്ഷിതമായി സൂക്ഷിക്കാനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും, എന്നാൽ വാട്‌സാപ്പ് ഉപയോഗിക്കാൻ തുടർന്നും ഫോൺ നമ്പർ നിർബന്ധമായിരിക്കുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

നിലവിൽ ഉപയോക്താക്കൾക്ക് പേര് തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമാണ് നൽകിയിട്ടുള്ളത്. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും അടുത്ത നടപടി.

TAGS :
Next Story