ഇന്‍കോഗ്നിറ്റോ മോഡ് ബ്രൗസറിലെ എല്ലാ സെര്‍ച്ചും മറയ്ക്കില്ല? സെർച്ചിന് മുൻപ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്
ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റികളെല്ലാം മറച്ചുപിടിക്കാനാകുമെന്നത് തെറ്റിദ്ധാരണയാണെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം

ഫോണിലേയോ കമ്പ്യൂട്ടറുകളിലേയോ ബ്രൗസിങ് ഹിസ്റ്ററി രണ്ടാമതൊരാള്‍ അറിയാതിരിക്കാന്‍ ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നവരാണ് ഇന്ന് അധികപേരും. സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ ബ്രൗസിങ് ഹിസ്റ്ററി അറിയാതിരിക്കാനും, രഹസ്യമായി ഒരു ഗിഫ്റ്റ് ഓര്‍ഡര്‍ ചെയ്യാനുമെല്ലാം ഇന്നത്തെ കാലത്ത് ഈ മോഡിനെ ഉപയോഗിക്കുന്നവരുണ്ട്. സ്വകാര്യസമയങ്ങളില്‍ നാം തെരയുന്ന കീവേര്‍ഡുകളും മറ്റ് തെളിവുകളുമൊന്നും അവശേഷിക്കാറില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതിലൂടെ പൂര്‍ണമായും നമ്മുടെ ബ്രൗസിങ് ഹിസ്റ്ററി തുടച്ചുനീക്കാനാകുമോ? എത്രയൊക്കെ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എന്തെങ്കിലുമൊക്കെ അവശേഷിക്കുന്നുണ്ടാകുമോ? എന്നെല്ലാം ചിന്തിക്കുന്നവരും ചില്ലറയല്ല.
ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റികളെല്ലാം മറച്ചുപിടിക്കാനാകുമെന്നത് തെറ്റിദ്ധാരണയാണെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. സ്വകാര്യതാസംരക്ഷണത്തിന് സുപ്രധാനമായ ചില സംവിധാനങ്ങളെല്ലാം ഈ മോഡില്‍ ഉണ്ടെന്നത് ശരിയാണ്. എങ്കിലും, നമ്മുടെ വിവരങ്ങളെ പൂര്‍ണമായും മറക്കാന്‍ ഇത് കാരണമാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രൗസിങ് വേളകളില്‍ കണ്ണുമടച്ച് ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളേതെല്ലാമാണെന്ന് നോക്കാം.
1. ഗൂഗിള്‍ ക്രോമില്‍ ഇന്‍കോഗ്നിറ്റോ മോഡ് ഓണ്‍ ചെയ്യുന്നതിലൂടെയാണ് പുതിയൊരു ബ്രൗസിങ് സെഷന് തുടക്കമാകുക. കുക്കിസ്, സൈറ്റ് ഡാറ്റ അടക്കമുള്ള താല്‍ക്കാലിക വിവരങ്ങള്‍ ഈ ബ്രൗസിങ് സെഷനിലുണ്ടാകാറില്ല. ഉദാഹരണത്തിന്, ആരെങ്കിലും ഇന്‍കോഗ്നിറ്റോ മോഡ് ഓണ്‍ ചെയ്തുകൊണ്ട് ഒരു വെബ്‌സൈറ്റില്‍ പ്രവേശിക്കുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്‌തെന്ന് വെക്കുക, പിന്നീട് ആ ബ്രൗസറിലേക്ക് പ്രവേശിക്കാന്‍ നേരം സൈറ്റ് പുതിയതുപോലെയായിരിക്കും ഉണ്ടാവുക. പഴയ ഡാറ്റകളോ ഹിസ്റ്ററിയോ അവശേഷിക്കില്ലെന്ന് ചുരുക്കം.
2. അതേസമയം, ഇന്‍കോഗ്നിറ്റോ മോഡ് ഓണ്‍ ചെയ്തുവെച്ച് നാം പ്രവേശിച്ച വെബ്‌സൈറ്റുകള്‍ നമ്മുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ടാകും. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളിലെ നെറ്റ്‌വര്‍ക്കിന്റെ സ്വഭാവം അനുസരിച്ചായിരിക്കും ഇത്. ഉപയോക്താവിന്റെ ഓണ്‍ലൈന്‍ ആക്ടിവിറ്റിയെ നിരീക്ഷിക്കുന്നതില്‍ നിന്ന് ഇന്‍കോഗ്നിറ്റോ മോഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്രോം തന്നെയും വ്യക്തമാക്കിയിട്ടുള്ളതാണ്.
3. ഇന്‍കോഗ്നിറ്റോ സെഷനില്‍ നാം ഡൗണ്‍ലോഡ് ചെയ്തുവെച്ച ഫയലുകള്‍ സെഷന്‍ തീരുന്നതിനോടൊപ്പം ഡിലീറ്റ് ചെയ്യപ്പെടുന്നില്ല. ക്രോം തന്നെയും നല്‍കുന്ന വിശദീകരണമനുസരിച്ച്, ഈ സമയങ്ങളില്‍ ഉപയോക്താവ് ഡൗണ്‍ലോഡ് ചെയ്തുവെച്ച ഫയലുകള്‍ വിന്‍ഡോസ് ക്ലോസ് ചെയ്താലും ഡിവൈസില്‍ തുടരും. ഉപയോഗിക്കുന്ന ഡിവൈസിന്റെ ആക്‌സസുള്ള ഏതൊരാള്‍ക്കും പിന്നീടെപ്പോഴെങ്കിലും ഈ ഫയലുകള്‍ എടുത്ത് ഇഷ്ടാനുസരണം ഉപയോഗിക്കാനാകും.
ഇന്‍കോഗ്നിറ്റോ മോഡില്‍ ഫയലുകള്‍ വല്ലതും ഡൗണ്‍ലോഡ് ചെയ്തുവെച്ചിട്ടുണ്ടെങ്കില്‍ മാനുവലായി ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതം. ബുക്ക്മാര്‍ക്കുകളുടെ കാര്യത്തിലും ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പിന്നെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ഭയപ്പെടാനില്ല.
4. ഓഫീസ്, കോളജ് അല്ലെങ്കില്‍ സ്‌കൂള്‍ വൈഫൈ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍കോഗ്‌നിറ്റോ മോഡ് വഴി പൂര്‍ണമായ രഹസ്യസ്വഭാവം ഉറപ്പാക്കാനാകില്ല. നെറ്റ്വര്‍ക്ക് നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കോ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കോ (ISP) നിങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കും. ഒരേ ഡിവൈസ് ഉപയോഗിക്കുന്ന മറ്റ് വ്യക്തികളില്‍ നിന്ന് ബ്രൗസിങ് ഹിസ്റ്ററി മറച്ചുവെക്കാന്‍ മാത്രമേ ഇത് സഹായിക്കൂ.
5. മറ്റുള്ളവരുടെ ഡിവൈസുകളില്‍ ബ്രൗസ് ചെയ്യുമ്പോഴും, പെട്ടെന്ന് ഏതെങ്കിലും പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുമ്പോഴും, അല്ലെങ്കില്‍ ബ്രൗസര്‍ ഹിസ്റ്ററിയില്‍ സേവ് ചെയ്യപ്പെടാതെ ഒരുതവണ മാത്രം സേര്‍ച്ച് ചെയ്യുമ്പോഴും ഇത് ഉപകാരപ്പെടും.
ഇന്‍കോഗ്നിറ്റോ മോഡെന്നാല്‍ വിപിഎന്‍ സംവിധാനത്തിന് ബദലാണെന്ന് ചിലരെങ്കിലും കരുതിവെക്കാറുണ്ട്. എന്നാല്‍, ഇത് ശരിയല്ലെന്നാണ് ടെക് വിദഗ്ധരുടെ പക്ഷം. വിപിഎന്‍ നിങ്ങളുടെ ട്രാഫിക് മറ്റൊരു സര്‍വറിലൂടെ റൂട്ട് ചെയ്ത് ഐപി അഡ്രസ് മറച്ചുവെക്കുമ്പോള്‍, ഇന്‍കോഗ്നിറ്റോ മോഡിന് ആ നെറ്റ് വര്‍ക്ക് ലെവല്‍ പ്രൈവസി നല്‍കാന്‍ കഴിയില്ല. ഇവ രണ്ടും വ്യത്യസ്തമായ ആശയങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
Adjust Story Font
16

