വില പ്രശ്‌നമാണോ? ഈ നതിംഗ് ഫോണ്‍ നിങ്ങള്‍ കയ്യിലെടുക്കും
പുതിയ തലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഫോൺ 4b രൂപകൽപ്പന ചെയ്തിരിക്കുന്നത്

ലണ്ടൻ: 'നതിംഗ് ഫോൺ 4b' യുടെ ഡിസൈൻ ഔദ്യോഗികമായി പുറത്തുവിട്ട് കമ്പനി. 4 ലൈനപ്പിലെ ഏറ്റവും പുതിയ മോഡലാണിത്. ഫോൺ 4a, ഫോൺ 4a പ്രോ എന്നിവയാണ് 4 ലൈനപ്പിലെ മറ്റു മോഡലുകള്‍. കമ്പനിയുടെ സിഗ്നേച്ചർ സുതാര്യമായ (transparent) ഡിസൈൻ ശൈലിയും പുതിയൊരു 'ഗ്ലിഫ് ബാർ' ഇന്റർഫേസും ഫോൺ 4bയുടെ പ്രധാന സവിശേഷതകളാണ്.
പുതിയ തലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഫോൺ 4b രൂപകൽപ്പന ചെയ്തിരിക്കുന്നത്. നീല കളർ വേരിയന്റിലുള്ള ഫോണിന്റെ ചിത്രങ്ങളാണ് ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഫോണിന്റെ സുതാര്യമായ ബാക്ക് പാനലിലൂടെ ഉള്ളിലെ ഘടകങ്ങളും സ്ക്രൂകളും ഇൻഡസ്ട്രിയൽ ആക്സന്റുകളുമെല്ലാം കാണാം. ടെക്സ്ചർ ചെയ്ത സെൻട്രൽ പാനലും ഇതിന് ഭംഗിയേകുന്നു.
ഫോൺ 4a പ്രോ മോഡലിൽ അവതരിപ്പിച്ച നിർമ്മാണ രീതി തന്നെയാണ് പുതിയ മോഡലിലും പിന്തുടർന്നിരിക്കുന്നത്. എന്നാൽ, ഇതിൽ മുൻ മോഡലുകളിലേതുപോലെ പല ഭാഗങ്ങളായി തിരിച്ചിട്ടുള്ള വലിയ ഗ്ലിഫ് ഇന്റർഫേസ് ഉണ്ടാകില്ല. പകരം, ക്യാമറ ഐലൻഡിന് താഴെയായി ഒരു ചെറിയ ഹൊറിസോണ്ടല്‍ 'ഗ്ലിഫ് ബാർ' ആണ് നൽകിയിരിക്കുന്നത്. നോട്ടിഫിക്കേഷനുകൾ, ചാർജിംഗ് ഇൻഡിക്കേറ്ററുകൾ, മറ്റ് ആപ്പ് അലേർട്ടുകൾ എന്നിവ ഈ ലൈറ്റിംഗ് എലമെന്റിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ബാക്ക് പാനലിന്റെ മുകളിൽ ഇടത് കോണിലായി ഡ്യുവൽ റിയർ ക്യാമറകൾ ലംബമായി ക്രമീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം ഒരു എൽഇഡി ഫ്ലാഷും മറ്റ് സെൻസറുകളും നൽകിയിട്ടുണ്ട്. കൈകളിൽ ഒതുങ്ങിനിൽക്കുന്ന സോഫ്റ്റ്-ടച്ച് ഫിനിഷോട് കൂടിയ ഫ്ലാറ്റ് ഫ്രെയിമാണ് ഫോണിനുള്ളത്. ഫോണിന്റെ ഈടുനിൽപ്പ് വർദ്ധിപ്പിക്കുന്നതിനായി സ്ട്രക്ചറൽ കരുത്ത് മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് നതിംഗ് വ്യക്തമാക്കി.
സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രൊസസറും 8GB റാമും ഈ ഫോണിലുണ്ടായേക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നതിംഗ് ഒഎസ് 4 (Nothing OS 4) ലായിരിക്കും ഫോണിന്റെ പ്രവർത്തനം. അതേസമയം മോഡലിന്റെ വിലവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ ഏകദേശം 25,000 രൂപയ്ക്ക് താഴെ വരുന്ന ബജറ്റ് സ്മാർട്ട്ഫോൺ വിപണിയെ ലക്ഷ്യമിട്ടാണ് ഈ ഫോൺ എത്തുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Adjust Story Font
16

