ഫ്‌ളിപ്പ് മോഡലിലും ഫോൾഡബിൾ ഐഫോൺ എത്തും: ആപ്പിളിന്റെ പുതിയ പദ്ധതികളിങ്ങനെ...
ഫ്ലിപ്പ് മോഡല്‍ ഐഫോണുമായി ബന്ധപ്പെട്ട് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു

വാഷിങ്ടണ്‍: മടക്കാവുന്ന ആദ്യത്തെ ഐഫോൺ (foldable iPhone) ഈ വർഷം അവസാനത്തോടെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഇപ്പോഴിതാ, മറ്റൊരു ഫോൾഡബിൾ മോഡല്‍ കൂടി കമ്പനി പരീക്ഷിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നു. ഫ്ളിപ്പ് മോഡലായിട്ടായിരിക്കും ഇത് എത്തുക. പുസ്തക രൂപത്തില്‍ മടക്കാവുന്ന മോഡലാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്.
സാംസങ് ഗ്യാലക്‌സി സെഡ് ഫ്ലിപ്പ് (Samsung Galaxy Z Flip), മോട്ടറോള റേസർ (Motorola Razr) എന്നിവയ്ക്ക് സമാനമായ ക്ലാംഷെൽ (clamshell) ഡിസൈനോട് കൂടിയ ഫോൾഡബിൾ ഐഫോണിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആപ്പിൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ താൽപ്പര്യം ഒരൊറ്റ ഫോൾഡബിൾ ഫോർമാറ്റിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് കണ്ടാണ് ആപ്പിൾ മറ്റൊന്ന് കൂടി പരീക്ഷിക്കാനൊരുങ്ങുന്നത്.
ഫ്ലിപ്പ് മോഡല്‍ ഐഫോണുമായി ബന്ധപ്പെട്ട് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. രണ്ട് ക്ലാംഷെൽ ഐഫോൺ മോഡലുകളുടെ പണിപ്പുരയിലാണ് ആപ്പിളെന്നാണ് 2024ൽ വന്ന റിപ്പോര്‍ട്ടുകള്‍. ക്ലാംഷെൽ ശൈലിയിലുള്ള മടക്കാവുന്ന ഐഫോണിനെക്കുറിച്ച് പഠനം തുടരുകയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ, ആപ്പിൾ സിനെറ്റും (CNET) റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലുള്ള ഐഫോൺ മോഡലുകളെക്കാൾ കൂടുതൽ കനം ഉപകരണത്തിന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാലാണത്രെ മോഡല്‍ എത്താന്‍ വൈകുന്നത്.
ഈ വർഷം എന്തായാലും ഫ്‌ളിപ്പ് മോഡൽ ഐഫോണുണ്ടാകില്ല. ഐഫോൺ 18 പ്രോ മോഡലുകൾക്കൊപ്പം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന, പുസ്തക രൂപത്തില്‍ മടക്കാവുന്ന ഐഫോണിന് വേണ്ടി ഈ പ്രോജക്റ്റ് മാറ്റിവെക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 2027ലോ 2028 ലോ ഫ്ളിപ്പ് മോഡല്‍ പ്രതീക്ഷിക്കാം. നോട്ടിഫിക്കേഷനുകളും എഐ ഷോർട്ട്കട്ടുകളും മറ്റ് വിവരങ്ങളും പെട്ടെന്ന് നോക്കി മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കവർ ഡിസ്‌പ്ലേ ഐഫോണിന്റെ ഫ്ലിപ്പ് മോഡലിലുണ്ടാകും.
Adjust Story Font
16

