സ്ക്രീനിന് അടിയിലെ ഫേസ് ഐഡിയും വേരിയബിൾ അപ്പർച്ചർ ക്യാമറയും; 18 പ്രോയും മാക്സിലേയും മാറ്റങ്ങള്‍ ഇങ്ങനെ...
മികച്ച ഡിസൈൻ, പ്രൊഫഷണൽ ക്യാമറ ഫീച്ചറുകൾ, ദീർഘനേരം നിൽക്കുന്ന ബാറ്ററി എന്നിവ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 18 പ്രോ സീരീസ് ഒരു വമ്പൻ അപ്‌ഗ്രേഡ് തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

വാഷിങ്ടണ്‍: ഐഫോൺ ചരിത്രത്തിലെ തന്നെ വലിയ ഡിസൈൻ മാറ്റങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും ഐഫോണ്‍ 18 പ്രോ, മാക്സ് മോഡസ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായി 18 സീരിസില്‍ കൂടുതൽ പ്രീമിയം അനുഭവം നൽകാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
ഐഫോൺ ആരാധകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഡിസ്പ്ലേയിലെ മാറ്റമാണ്. റിപ്പോർട്ടുകൾ പ്രകാരം, ഫേസ് ഐഡി സെൻസറുകൾ സ്ക്രീനിന് അടിയിലേക്ക് മാറും. ഇതോടെ നിലവിലുള്ള 'ഡൈനാമിക് ഐലൻഡ്' പില്ലിന് പകരം ഒരു ചെറിയ പഞ്ച്-ഹോൾ സെൽഫി ക്യാമറ മാത്രമാകും സ്ക്രീനിൽ ഉണ്ടാവുക. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായ ഒരു ഫുൾ-സ്ക്രീൻ അനുഭവം സമ്മാനിക്കും. അതേസമയം സ്ക്രീൻ വലുപ്പത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഐഫോണ്‍ 18 പ്രോക്ക് 6.3 ഇഞ്ചും ഐഫോണ്‍ 18 പ്രോ മാക്സിന് 6.9 ഇഞ്ചുമായിരിക്കും വലിപ്പം.
ഫോട്ടോഗ്രാഫിയിലും ആപ്പിൾ ചില അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു Mechanical Iris System ക്യാമറയിൽ ഉൾപ്പെടുത്തിയേക്കും. ഇതിലൂടെ ലെൻസിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാൻ (Variable Aperture) സാധിക്കും. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ, മെച്ചപ്പെട്ട ഡൈനാമിക് റേഞ്ച് എന്നിവയാണ് ഇതുകൊണ്ടുള്ള ഗുണങ്ങള്‍. സാംസങ്ങിൽ നിന്നുള്ള പുതിയ ത്രീ-ലെയർ സ്റ്റാക്ക്ഡ് ഇമേജ് സെൻസറും ഇതിൽ ഇടംപിടിച്ചേക്കും.
ലോകത്തിലെ ഏറ്റവും നൂതനമായ 2nm പ്രോസസ്സിൽ നിർമ്മിച്ച A20 പ്രോ ചിപ്പായിരിക്കും ഈ ഫോണുകളുടെ ഹൃദയം. മുൻ തലമുറയെക്കാൾ 15% വേഗതയും 30% കൂടുതൽ ഊർജ്ജക്ഷമതയും ഇതിൽ പ്രതീക്ഷിക്കാം. പുതിയ റാം പാക്കേജിംഗ് രീതി വഴി ആപ്പിൾ ഇന്റലിജൻസ് (എഐ) ഫീച്ചറുകൾ കൂടുതൽ വേഗത്തിലും പ്രവർത്തിക്കും. ബാറ്ററി ലൈഫിന്റെ കാര്യത്തിൽ ഐഫോൺ 18 പ്രോ മാക്സ് റെക്കോർഡ് ഇട്ടേക്കും. 5,100mAh ബാറ്ററി ശേഷിയായിരിക്കും ഇതിനുണ്ടാവുക. ആപ്പിള്‍ പൊതുവെ ബാറ്ററി ശേഷി പറയാറില്ലെങ്കിലും കൂടുതൽ സമയം ചാർജ് നിൽക്കുന്ന ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ നേട്ടമാകും. ബാറ്ററി വലുതാകുന്നതോടെ ഫോണിന്റെ ഭാരം 240 ഗ്രാമിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
മികച്ച ഡിസൈൻ, പ്രൊഫഷണൽ ക്യാമറ ഫീച്ചറുകൾ, ദീർഘനേരം നിൽക്കുന്ന ബാറ്ററി എന്നിവ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 18 പ്രോ സീരീസ് ഒരു വമ്പൻ അപ്‌ഗ്രേഡ് തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്തംബറിലാണ് ലോഞ്ച് ഇവന്റ് ഉണ്ടാവുക.
Adjust Story Font
16

