എഐ പണികളയുമെന്ന പേടി വേണ്ട, സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്; ആമസോൺ സ്ഥാപകന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ...
തന്‍റെ പുതിയ എഐ സംരംഭമായ പ്രോമെത്യൂസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ഫിനാൻഷ്യൽ ടൈംസിനോട് പ്രതികരിക്കുകയായിരുന്നു ജെഫ് ബെസോസ്

'എഐയുടെ കടന്നുവരവോടെ നിങ്ങളുടെ ജോലിയെല്ലാം തീരും, വരുമാനം അതോടെ നിലക്കും...' ഓപ്പൺ എഐ, ആന്ത്രോപിക് പോലുള്ള ശക്തമായ എഐ ചാറ്റ്ബോട്ടുകളുടെ കടന്നുവരവിന് പിന്നാലെ അധികപേരും കേട്ട മുന്നറിയിപ്പുകളിലൊന്നായിരിക്കും ഇത്. നാളിതുവരെയും മനുഷ്യർ ചെയ്തുകൊണ്ടിരുന്ന ജോലികളെല്ലാം കൂടുതൽ മികവോടെയും തികവോടെയും എഐ ഞൊടിയിടയിൽ ചെയ്തുതീർക്കാൻ തുടങ്ങിയതോടെ ചിലർക്കെങ്കിലും ഈ മുന്നറിയിപ്പ് സ്വസ്ഥജീവിതത്തിന് കല്ലുകടിയായി മാറിയിരുന്നു. എന്നാൽ, അത്തരം ഭയങ്ങളെല്ലാം അപ്രസക്തമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്. എഐ ജോലി കളയുകയല്ല, മറിച്ച്, മനുഷ്യരുടെ ജോലിസാധ്യതകൾ വർധിപ്പിക്കുകയാണെന്നാണ് ജെഫിന്‍റെ വാദം.
'എഐയുടെ കടന്നുവരവോടെ മനുഷ്യരുടെ ജോലികളും വരുമാനങ്ങളും നിലക്കുമെന്ന് കരുതിയിരിക്കുന്ന നിരവധിയാളുകളുണ്ട്. അവരെല്ലാം വലിയ തെറ്റിധാരണയിൽ പെട്ടിരിക്കുകയാണെന്നാണ് തോന്നുന്നത്.' ബെസോസ് വ്യക്തമാക്കി. തന്‍റെ പുതിയ എഐ സംരംഭമായ പ്രോമെത്യൂസിനെ കുറിച്ചുള്ള ഫിനാൻഷ്യൽ ടൈംസിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടെക്നോളജി ഉത്പാദനക്ഷമത വർധിപ്പിക്കുമെന്നും ഇത് വ്യാവസായിക രംഗങ്ങളിൽ മനുഷ്യർക്ക് പുത്തൻ ജോലിസാധ്യതകൾക്കുള്ള വഴിതുറക്കാനാണ് കാരണമാകുകയെന്നും ജെഫ് പറഞ്ഞു.
എന്താണ് പ്രോമെത്യൂസ്?
ജെഫ് ബെസോസും ഗൂഗിളിന്‍റെ മുൻ ചീഫ് എക്സിക്യൂട്ടീവ് വിക്രം ബജാജും ചേർന്ന് കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച എഐ സംരംഭമാണ് പ്രോമെത്യൂസ്. 2021-ൽ ആമസോൺ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് ശേഷം ബെസോസിന്‍റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യസ്ഥാപനമാണിത്.
ചാറ്റ് ബോട്ടുകളിലും ഡിജിറ്റൽ ടാസ്കുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മറ്റ് എഐ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, അവയുടെ നിർമാണത്തിലും എഞ്ചിനീയറിങ്ങിലുമാണ് പ്രോമെത്യൂസ് പ്രധാനമായും ശ്രദ്ധ കൊടുത്തിരിക്കുന്നത്. കമ്പനിയുടെ ടെക്നോളജിയുടെ വേഗവും കൃത്യതയും മറ്റ് കമ്പനികളുടെ ചെലവേറിയ സംവിധാനങ്ങളേക്കാൾ ആദായകരമായേക്കുമെന്നാണ് പ്രോമെത്യൂസിന്‍റെ വിലയിരുത്തൽ.
പുതിയ ഉൽപ്പന്നങ്ങളുടെ കണ്ടുപിടിത്തങ്ങൾക്ക് എഐ വേഗം നൽകുമെന്നതിനാൽ തന്നെ കൂടുതൽ സമയം ഉയോഗപ്പെടുത്തിക്കൊണ്ട് പ്രോജക്ടുകൾ അധികരിപ്പിക്കാനാകുമെന്നും ബെസോസ് പറയുന്നു. ചില ജോലികളെങ്കിലും ഓട്ടോമാറ്റിക്കായി തുടരുമെങ്കിലും, മനുഷ്യസ്പർശം നൽകിക്കൊണ്ട് നിലനിർത്താവുന്ന നിരവധി ജോലികൾ അപ്പോഴും ബാക്കികിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐയുടെ കടന്നുവരവോടെ ചില പ്രത്യേക മേഖലകളിലെ ജോലികളിന്മേൽ മനുഷ്യരുടെ മേൽക്കൈ നഷ്ടമാകുമെന്നും എഐ മനുഷ്യശ്രമങ്ങളെ നിഷ്പ്രയാസം മറികടക്കുമെന്നും ആന്ത്രോപിക് തലവൻ ഡാരിയോ അമോഡൈ അടക്കമുള്ള പ്രമുഖർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, എഐ മനുഷ്യനെ മറികടക്കുമെന്ന സാധ്യതകളെ വ്യത്യസ്തമായൊരു രീതിയിലാണ് ജെഫ് നോക്കിക്കാണുന്നത്. എഐയുടെ കടന്നുവരവോടെ ചെലവ് കുറയുകയും, കണ്ടുപിടിത്തങ്ങൾ വേഗത്തിലാവുമെന്നും ഇത് പുതിയ വ്യവസായങ്ങൾക്ക് തുടക്കമാകുമെന്നും തൊഴിലാളികളുടെ അവശ്യകത വർധിപ്പിക്കുമെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം.
പ്രോമേത്യൂസ് ഇതിനോടകം ആഗോളതലത്തിൽ 12 മില്യൺ രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ജെ മോർഗൻ ചേസ്, ഗോൾഡ്മാൻ സാക്ക്സ്, ബ്ലാക്ക് റോക്ക്, ബെസോസ് എന്നിവരാണ് പുതിയ സംരംഭത്തിലെ നിക്ഷേപകർ. ഓപ്പൺ എഐ, എക്സ് എഐ, മെറ്റ എന്നിവയുമായുള്ള കിടമത്സരം കാരണം എഞ്ചിനീയർമാർ, ഗവേഷകർ എന്നിങ്ങനെ നിരവധി പേരെ പ്രോമെത്യൂസ് വ്യാപകമായി നിയമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16

