ചാർജ് തീരില്ലാട്ടോ! 10,000എംഎഎച്ച് ഭീമൻ ബാറ്ററിയുമായി റെഡ്മി നോട്ട് 17 സീരീസ്; വന്‍ അപ്ഗ്രേഡുകള്‍
റെഡ്മി നോട്ട് 17, റെഡ്മി നോട്ട് 17 പ്രോ എന്നിവയാണ് ഈ സീരിസില്‍ പുറത്തിറങ്ങുന്ന മോഡലുകള്‍

ന്യൂഡല്‍ഹി: ഈ വർഷമാദ്യം പുറത്തിറങ്ങിയ റെഡ്മി നോട്ട് 15 സീരീസ് വിപണിയിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ, സ്മാർട്ട്ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തി അടുത്ത തലമുറ ഫോണായ റെഡ്മി നോട്ട് 17 (Redmi Note 17) പരമ്പരയുടെ വിവരങ്ങൾ പുറത്ത്. റെഡ്മി നോട്ട് 17, റെഡ്മി നോട്ട് 17 പ്രോ എന്നിവയാണ് ഈ സീരിസില്‍ പുറത്തിറങ്ങുന്ന മോഡലുകള്‍.
മികച്ച പെർഫോമൻസ്, വമ്പൻ ബാറ്ററി ലൈഫ്, ദീർഘനാൾ ഈടുനിൽക്കുന്ന ഡിസൈൻ, ക്വാളിറ്റി ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ വലിയ അപ്‌ഗ്രേഡുകളോടെയാകും പുതിയ സീരീസ് എത്തുകയെന്നാണ് സൂചനകൾ.
ജൂൺ 30ന് ചൈനയിൽ റെഡ്മി K90 അൾട്രാ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടയിലാണ് നോട്ട് 17 സീരീസിനെക്കുറിച്ചുള്ള ലീക്കുകൾ ടെക് ലോകത്ത് സജീവമായിരിക്കുന്നത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പ്രമുഖ ടിപ്‌സ്റ്റർ 'സ്മാർട്ട് പികാച്ചു' ആണ് വിവരങ്ങള്‍ പങ്കുവെച്ചത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്‌സെറ്റാണ് ഇതിലുണ്ടാവുക. 1.5K ഫ്ലാറ്റ് ഒഎല്‍ഇഡി ഡിസ്‌പ്ലേ, 50 മെഗാപിക്‌സൽ പ്രധാന ക്യാമറ എന്നിവയ്‌ക്കൊപ്പം 9,000എംഎച്ചിന്റെ ഭീമൻ ബാറ്ററിയും ഈ ഫോണിൽ പ്രതീക്ഷിക്കാം. ഫോണിന് വാട്ടർ റെസിസ്റ്റൻസ് ശേഷിയുണ്ടാവുമെങ്കിലും IP റേറ്റിംഗ് എത്രയെന്ന് സൂചനകളില്ല. അതേസമയം റെഡ്മി നോട്ട് 17 പ്രോ മാക്സില്‍ മീഡിയടെക് ഡൈമൻസിറ്റി 7500 പ്രൊസസറായിരിക്കും ഉണ്ടാവുക. ഇതിലും 1.5K ഫ്ലാറ്റ് ഡിസ്‌പ്ലേയാകും. എന്നാൽ ക്യാമറ 200 മെഗാപിക്‌സൽ ആയിരിക്കും. ഏറ്റവും ആകർഷകമായ കാര്യം ഇതിലെ 10,000mAh ബാറ്ററിയാണ്. ഇതും വാട്ടർ റെസിസ്റ്റന്റ് ആയിരിക്കും.
റെഡ്മി നോട്ട് 17 ജൂലൈയിലോ പ്രോ പതിപ്പുകൾ ജൂലെ-ഓഗസ്റ്റ് മാസത്തോടെ ആകും വിപണിയിലെത്തുക. വില വിവരങ്ങളെക്കുറിച്ച് സൂചനകളില്ല. റെഡ്മി നോട്ട് 15 സീരീസ് ഫോണുകൾ ഇന്ത്യയിൽ മോഡലും കോൺഫിഗറേഷനും അനുസരിച്ച് 22,999 മുതൽ ₹44,999 വരെയായിരുന്നു. അതേസമയം ഗെയിമിംഗ് കരുത്തുമായി റെഡ്മി K90 അൾട്രാ ചൈനീസ് മാര്‍ക്കറ്റുകളിലേക്ക് എത്തുന്നത്.
Adjust Story Font
16

