Quantcast

എല്ലാത്തിനും ഉത്തരമുണ്ടെങ്കിലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ ഇതാ; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!

ചോദ്യങ്ങൾക്കെല്ലാം അതിവേഗത്തിൽ മറുപടി നൽകുമെങ്കിലും ചില വിവരങ്ങൾ ഗൂഗിളിൽ പങ്കുവെക്കുന്നതും തിരയുന്നതുമെല്ലാം നിങ്ങളുടെ സ്വകാര്യതയ്ക്ക് പോലും ഭീഷണിയായേക്കുമെന്നാണ് റിപ്പോർട്ട്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-07-09 15:42:36

Published:

9 July 2026 9:10 PM IST

എല്ലാത്തിനും ഉത്തരമുണ്ടെങ്കിലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ ഇതാ; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
X

പഠനം, തൊഴിൽ, ബിസിനസ് എന്നിങ്ങനെ ഇടപഴകുന്ന മേഖലകളിലെല്ലാം ഉയർന്നുവരുന്ന ഏത് സംശയങ്ങൾക്കും അധികപേരും ആദ്യമെത്തുന്ന ഇടമായിരിക്കും ഗൂഗിൾ. എത്രയധികം സങ്കീർണമായ ചോദ്യങ്ങൾക്കും ലളിതവും കൃത്യതയുമുള്ള ഉത്തരങ്ങളും വിശദീകരണങ്ങളും നൽകുന്ന ഗൂഗിളിന്‍റെ സേവനം ഒരുപരിധിവരെ മനുഷ്യർക്ക് ഉപകാരപ്രദവുമാണ്. എന്നാൽ, എല്ലാ കാര്യങ്ങളും കണ്ണുമടച്ച് ഗൂഗിളിൽ തിരയാൻ വരട്ടെ. ചില കാര്യങ്ങളെങ്കിലും ഗൂഗിളിൽ തിരയുന്നത് ഉപയോക്താക്കൾക്ക് കുരുക്കായേക്കുമെന്നാണ് ടെക് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ചോദ്യങ്ങൾക്കെല്ലാം അതിവേഗത്തിൽ മറുപടി നൽകുമെങ്കിലും ചില വിവരങ്ങൾ ഗൂഗിളിൽ പങ്കുവെക്കുന്നതും തിരയുന്നതുമെല്ലാം നിങ്ങളുടെ സ്വകാര്യതയ്ക്ക് പോലും ഭീഷണിയായേക്കുമെന്നാണ് റിപ്പോർട്ട്. സൈബർ തട്ടിപ്പുസംഘത്തിന്‍റെ കയ്യിലേക്ക് നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ചെന്നെത്താനും സാധ്യതയുണ്ട്. അധികപേരും അവഗണിച്ചുകളയുന്ന, ഒരുകാരണവശാലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത ആ അഞ്ച് കാര്യങ്ങൾ പരിശോധിക്കാം.

1. ബാങ്കുകൾ, ജനപ്രിയ ബ്രാൻഡുകൾ എന്നിവയുടെ കസ്റ്റർ കെയർ നമ്പറുകൾ

ഉപയോക്താക്കളെ കെണിയിലകപ്പെടുത്താനായി വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് കാത്തിരിക്കാനിഷ്ടപ്പെടുന്നവരാണ് തട്ടിപ്പുസംഘത്തിലേറെയും. ബാങ്ക്, എയർലൈൻ, പേയ്മെന്‍റ് തുടങ്ങിയവയ്ക്കായി കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് നിങ്ങളെത്തുന്നത് തട്ടിപ്പുകാരിലേക്കാവാനുള്ള സാധ്യതയേറെയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇതൊഴിവാക്കാൻ കമ്പനികളുടെയോ ബാങ്കിന്‍റെയോ ഔദ്യോഗിക സ്ഥിരീകരണമുള്ള വെബ്സൈറ്റുകളിൽ നിന്ന് മാത്രം നമ്പറുകൾ കലക്ട് ചെയ്യുക.

2. അജ്ഞാതമായ വെബ്സൈറ്റുകളിൽ നിന്ന് 'ഫ്രീ സോഫ്റ്റ് വെയർ ഡൗൺലോഡ്' എന്ന് സെർച്ച് ചെയ്യരുത്

ഗൂഗിളിൽ ഫ്രീ പ്രീമിയം സോഫ്റ്റ് വെയർ ഡൗൺലോഡ്, അല്ലെങ്കിൽ ക്രാക്ക്ഡ് സോഫ്റ്റ് വെയർ എന്ന് സേർച്ച് ചെയ്താൽ ചെന്നുപെടുന്നത് ഒരുപക്ഷേ തട്ടിപ്പ് സൈറ്റുകളിലേക്കായിരിക്കും. ഒറ്റനോട്ടത്തിൽ വിശ്വസനീയമെന്ന് തോന്നുന്ന നിരവധി തട്ടിപ്പുസൈറ്റുകളുണ്ടെന്ന് അടുത്തിടെ ടെക് നിരീക്ഷകരുടെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിശ്വസനീയമെന്ന് കരുതി ക്ലിക്ക് ചെയ്താലോ, സ്വകാര്യവിവരങ്ങൾ പലതും ചോർത്തിയെടുത്തേക്കാനും സാധ്യതയേറെയാണ്.

ഔദ്യോഗിക വെബ്സൈറ്റുകൾ, വിശ്വസനീയമായ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ഈ പ്രതിസന്ധി മറികടക്കാം. അല്ലാത്തപക്ഷം, തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞുനോക്കാം.

3. സ്വയം ചികിത്സയ്ക്കായി രോഗലക്ഷണങ്ങൾ സെർച്ച് ചെയ്യരുത്

ശരിയാണ്, ചോദിക്കുന്നതിനെല്ലാം ഗൂഗിളിന്‍റെ പക്കൽ ഉത്തരങ്ങളുണ്ട്. എന്നുകരുതി അസുഖം വന്നാലും ഗൂഗിളിന്‍റെ പരിശോധന തീരുന്നത് വരേയ്ക്കും കാത്തിരുന്നേക്കരുത്. ആരോഗ്യസംബന്ധമായ കാര്യങ്ങൾക്ക് എത്രയും വേഗം ഡോക്ടർമാരെ സമീപിക്കുന്നതിന് പകരം ഗൂഗിളിൽ തിരഞ്ഞിരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയേയുള്ളൂ. ആശുപത്രിയിൽ പോകുന്നതിന് പകരം തലവേദനയെന്നോ മറ്റോ ഗൂഗിളിൽ സേർച്ച് ചെയ്തിരുന്നാൽ പിന്നെ ഇരിക്കാനേ നേരം കാണൂ.

4. നിക്ഷേപ ഐഡിയകൾ

'ഡബിൾ മണി ഫാസ്റ്റ്' പോലുള്ള ബിസിനസ് കാര്യങ്ങൾ ഗൂഗിളിനോട് ചോദിച്ച് ചെയ്യുന്നതായിരിക്കും ഏറ്റവും വലിയ അബദ്ധവും അപകടവും. ബിസിനസ്, സാമ്പത്തിക കാര്യങ്ങളിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടുന്ന വിവരങ്ങളിലേറെയും നേരത്തെ സൂചിപ്പിച്ചതുപോലുള്ള വ്യാജസൈറ്റുകളിൽ ചെന്നുചാടിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കും. അനാവശ്യ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് ബാങ്ക് അക്കൗണ്ട് കാലിയാക്കാൻ വരെ ഇടയാക്കിയേക്കും.

ഫിനാൻഷ്യൽ സംബന്ധമായ കാര്യങ്ങൾ ബന്ധപ്പെട്ട വിദഗ്ധരോട് ചോദിച്ചറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ടുപോവാം.

5. സ്വകാര്യവിവരങ്ങൾ

നിങ്ങളുടെ ഫോൺ നമ്പറോ, ഇമെയിൽ വിലാസമോ, തിരിച്ചറിയൽ രേഖകളോ ഗൂഗിളിൽ തിരയുന്നത്, നിങ്ങളുടെ എത്രത്തോളം വിവരങ്ങൾ മറ്റുള്ളവർക്ക് കാണാൻ സാധിക്കുമെന്നത് നിങ്ങളെ ബോധ്യപ്പെടുത്തും. ഇത്തരം വിവരങ്ങൾ ഏതെങ്കിലും അജ്ഞാതമായ വെബ്സൈറ്റുകളിൽ കാണുകയാണെങ്കിൽ, ആ പേജുകളുമായി യാതൊരു വിധത്തിലും ഇടപെടാൻ നിൽക്കരുത്. പകരം, നിങ്ങളുടെ വിവരങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുക.

TAGS :
Next Story