ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോ മാക്സ്; 17 പ്രോ മാക്സിനേക്കാൾ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം?
കാര്യമായ മാറ്റങ്ങളോടെയാണ് ഐഫോണ്‍ 18 പ്രോ മാക്സ് എത്തുക

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ അടുത്ത ഐഫോൺ ലോഞ്ച് ഇവന്റിലേക്ക് ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മാക്സിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഓൺലൈനിൽ ചർച്ചയാവുകയാണ്.
നിലവിലുള്ള ഐഫോൺ 17 പ്രോ മാക്സ് വിപണിയിലെ ഏറ്റവും പ്രീമിയം ഫോണുകളിലൊന്നായി തുടരുമ്പോഴും, അടുത്ത തലമുറ പ്രോ മാക്സ് മോഡലിൽ വൻ അപ്‌ഗ്രേഡുകളാണ് ആപ്പിൾ ഒരുക്കുന്നതെന്നാണ് സൂചനകൾ. ഫോണിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം പെർഫോമൻസിനും കാര്യക്ഷമതയ്ക്കും മുൻഗണന നൽകിക്കൊണ്ടായിരിക്കും പുതിയ മോഡൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.
ഫേസ് ഐഡി സിസ്റ്റം പൂർണ്ണമായും സ്ക്രീനിനടിയിലാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, പുതിയ ലീക്കുകൾ പ്രകാരം ഫേസ് ഐഡിയുടെ ഒരു ഘടകം മാത്രമായിരിക്കും 18പ്രോയിലെ ഡിസ്‌പ്ലേയ്ക്കടിയിലേക്ക് മാറ്റുക. ഇതിലൂടെ നിലവിലെ ഐഫോൺ 17 പ്രോ മാക്സിനേക്കാൾ ചെറിയ രൂപത്തിലായിരിക്കും ഡൈനാമിക് ഐലൻഡ് ഫോണിൽ സ്ഥാനം പിടിക്കുക. എന്നാല്‍ ഡിസ്‌പ്ലേ വലുപ്പത്തിൽ മാറ്റമുണ്ടാകില്ല; പ്രോ മാക്സിന് 6.9 ഇഞ്ചും പ്രോ മോഡലിന് 6.3 ഇഞ്ചും ഡിസ്‌പ്ലേ തന്നെയായിരിക്കും നൽകുക. എന്നാൽ, ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുതിയ LTPO+ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെടുത്തിയേക്കും.
ബാറ്ററി ലൈഫ് തന്നെയായിരിക്കും ഐഫോൺ 18 പ്രോ മാക്സിന്റെ പ്രധാന ആകർഷണം. കൂടുതൽ വലിയ ബാറ്ററി ഉൾപ്പെടുത്തുന്നതിനായി ഫോണിന്റെ കട്ടിആപ്പിൾ അല്പം കൂട്ടിയേക്കുമെന്നാണ് വിവരം. ഐഫോൺ 17 പ്രോ മാക്സിലെ 4,823എംഎഎച്ച് ബാറ്ററിയേക്കാൾ വലുപ്പമുള്ള, 5,100എംഎഎച്ച് ബാറ്ററിയായിരിക്കും പുതിയ ഫോണിൽ ഉണ്ടാകുക. ഇത് ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും. പെർഫോമൻസിന്റെ കാര്യത്തിൽ 2nm പ്രൊസസ്സിൽ നിർമ്മിച്ച ആപ്പിളിന്റെ അടുത്ത തലമുറ A20 പ്രോ ചിപ്‌സെറ്റ് ആയിരിക്കും ഇതിലുണ്ടാകുക. ഇത് ഫോണിന് മികച്ച വേഗതയും മികച്ച താപനിയന്ത്രണവും നൽകും.
ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സിസ്റ്റം കൊണ്ടുവരുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇത് ഉപഭോക്താക്കൾക്ക് ക്യാമറ സെൻസറിലേക്ക് പ്രവേശിക്കുന്ന വെളിച്ചത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയും ഡെപ്ത് ഇഫക്റ്റുകളും സാധ്യമാകും. കൂടാതെ, നിലവിലെ ക്യാമറ കൺട്രോൾ ബട്ടണിലെ ടച്ച് സെൻസിറ്റിവിറ്റിയും ഹാപ്റ്റിക് ഫീഡ്‌ബാക്കും ഒഴിവാക്കി, പ്രഷർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ മാത്രമായി ചുരുക്കിയേക്കും.
ഡിസൈനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും, റിയർ സെറാമിക് ഷീൽഡ് ഫിനിഷിൽ ചെറിയ മാറ്റങ്ങൾ വരുത്തിയേക്കും. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ എന്നീ നിറങ്ങൾക്ക് പകരം 'ഡാർക്ക് ചെറി' എന്ന പുതിയ സിഗ്നേച്ചർ നിറത്തിലായിരിക്കും ഫോൺ പ്രധാനമായും എത്തുക. ഇതിനൊപ്പം ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ, സിൽവർ എന്നീ കളർ ഓപ്ഷനുകളും ലഭ്യമായേക്കും.
Adjust Story Font
16

