ആപ്പിളിൽ വന്‍ മാറ്റങ്ങള്‍: ടിം കുക്കിന് പകരം പുതിയ സിഇഒ, ആരാണ് ജോൺ ടെർനസ്?
എന്തൊക്കെ മാറ്റങ്ങളാണ് ടെർനസ് കൊണ്ടുവരിക എന്ന ആകാംക്ഷയിലാണ് ടെക് ലോകം

ജോൺ ടെർനസ്
വാഷിങ്ടണ്‍: ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ പിന്‍ഗാമിയായി വരുന്ന ജോൺ ടെർനസിനെക്കുറിച്ചാണ് ഇപ്പോള്‍ ടെക് ലോകം സംസാരിക്കുന്നത്. 15 വർഷം കമ്പനിയെ നയിച്ച കുക്കിന് പകരക്കാരനായാണ് ജോൺ ടെർനസന്‍ വരുന്നത് എന്നതിനാല്‍ എന്തൊക്കെയാവും അദ്ദേഹത്തിന്റെ പരിഷ്കാരങ്ങള്‍ എന്നറിയാനും ആളുകള്‍ ആകാംക്ഷയോടെ നോക്കുന്നു.
നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റാണ് ജോൺ ടെർനസ്. സെപ്തംബര്‍ ഒന്നിനാണ് അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആപ്പിളിന്റെ നേതൃത്വത്തിൽ വലിയൊരു മാറ്റത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. പടിയിറങ്ങിയാലും കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി ടിം കുക്ക് തുടരും. സ്റ്റീവ് ജോബ്സിന്റെ വിയോഗത്തെത്തുടർന്ന് 2011ലാണ് ടിം കുക്ക് ആപ്പിളിന്റെ അമരത്തെത്തിയത്.
അദ്ദേഹത്തിന് കീഴിൽ ആപ്പിളിന്റെ വിപണി മൂല്യം 3.6 ട്രില്യൺ ഡോളറിലധികം വർധിക്കുകയും സേവന മേഖലയിൽ കമ്പനി വലിയ കുതിച്ചുചാട്ടം നടത്തുകയും ചെയ്തിരുന്നു. പ്രവർത്തനക്ഷമതയും വളർച്ചയുമൊക്കെ അടയാളപ്പെടുത്തിയ കാലമായിരുന്നു അദ്ദേഹത്തിന്റേത്. 1998ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. ആപ്പിളിന്റെ നിർണായക ഘട്ടങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്.
ആരാണ് ജോൺ ടെർനസ്?
വിദഗ്ദ്ധനെന്നും മികച്ച എഞ്ചിനീയറെന്നും കമ്പനിക്കുള്ളില്‍ പേരെടുത്ത വ്യക്തിയാണ് 50കാരനായ ജോൺ ടെർനസ്. 2001ലാണ് അദ്ദേഹം ആപ്പിളിൽ ചേർന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളുടെ പിന്നിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ഐഫോൺ, ഐപാഡ്, മാക്, എയർപോഡ്സ് എന്നിവയുടെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ആപ്പിൾ സ്വന്തമായി നിർമ്മിച്ച 'ആപ്പിൾ സിലിക്കൺ' ചിപ്പുകളിലേക്കുള്ള മാക്കിന്റെ ചുവടുമാറ്റത്തിന് നേതൃത്വം നൽകിയത് ടെർനസായിരുന്നു. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത സ്വഭാവക്കാരനാണെങ്കിലും, ആപ്പിളിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അതിശക്തമായ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം.
ടിം കുക്ക് കമ്പനിയുടെ പ്രവർത്തനമികവിനും സപ്ലൈ ചെയിൻ മാനേജ്‌മെന്റിനും മുൻഗണന നൽകിയപ്പോൾ, ടെർണസ് ഒരു 'പ്രോഡക്റ്റ് സെൻട്രിക്' നേതാവായാണ് അറിയപ്പെടുന്നത്. അതായത് ഉൽപ്പന്നങ്ങളുടെ സാങ്കേതിക മികവിനായിരിക്കും അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുക. അതിനാല്‍ തന്നെ ടിം കുക്കിന്റെ പ്രവർത്തന മികവിന്റെ കാലഘട്ടത്തിന് ശേഷം, ഉൽപ്പന്നങ്ങളിൽ കൂടുതൽ നൂതനത്വം കൊണ്ടുവരാൻ ടെർനസിന്റെ നേതൃത്വത്തിന് സാധിക്കുമെന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ.
ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് തലവൻ എന്ന നിലയിൽ, ആപ്പിളിന്റെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ടെർണസ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. മാക് കമ്പ്യൂട്ടറുകളുടെ വിൽപ്പന വീണ്ടും സജീവമാക്കുന്നതിനും, പ്രീമിയം- പ്രോ മോഡലുകൾക്കൊപ്പം സാധാരണക്കാർക്ക് പ്രാപ്യമായ ഉപകരണങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ആപ്പിളിന്റെ ഉൽപ്പന്നശ്രേണി വിപുലീകരിക്കുന്നതിനും അദ്ദേഹം സഹായിച്ചു. ഇത് ആപ്പിളിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ സഹായിച്ചിട്ടുണ്ട്.
വെല്ലുവിളികളും ലക്ഷ്യങ്ങളും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) എന്നീ മേഖലകളിൽ എൻവിഡിയ, മെറ്റ തുടങ്ങിയ കമ്പനികളിൽ നിന്ന് ആപ്പിൾ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഈ നേതൃമാറ്റം. ആപ്പിൾ ഉൽപ്പന്നങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ കാര്യക്ഷമമായി സംയോജിപ്പിക്കുക എന്നതാകും ടെർണസിന് മുന്നിലുള്ള പ്രധാന ദൗത്യം. ആപ്പിളിന്റെ ഉൽപ്പന്ന തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഈ മാറ്റം, ആഗോള ടെക് ലോകം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.
മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകള്‍, സ്മാർട്ട് ഗ്ലാസുകൾ, എഐ അധിഷ്ഠിത വെയറബിൾസ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് ആപ്പിള്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. ഈ മേഖലകളിലേക്ക് കമ്പനി എത്ര വേഗത്തിലും ഫലപ്രദമായും മാറുന്നു എന്നതിൽ ജോൺ ടെർണസിന്റെ എഞ്ചിനീയറിംഗ് പശ്ചാത്തലം ഒരു പ്രധാന പങ്ക് വഹിക്കും. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഈ വർഷം തന്നെയുണ്ടാകും എന്ന് റിപ്പോർട്ടുകളുണ്ട്. എന്തൊക്കെ അത്ഭുതങ്ങളാണ് അതിലുണ്ടാവുക എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിന് പിന്നാലെയാണ് സ്മാര്‍ട്ട് ഗ്ലാസുകളിലേക്കും ആപ്പിള്‍ പ്രവേശിക്കുന്നത്.
ടേര്‍നസിന്റെ നിയമനത്തോടൊപ്പം ആപ്പിൾ മറ്റ് പ്രധാന നേതൃമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ജോണി സ്രൂജിയെ ചീഫ് ഹാർഡ്‌വെയർ ഓഫീസറായി നിയമിച്ചു. മുമ്പ് ടേണസ് നയിച്ചിരുന്ന ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ ചുമതല സീനിയർ എക്‌സിക്യൂട്ടീവ് ടോം മെറിബിനും കൈമാറി. ആപ്പിൾ തങ്ങളുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്നുവെന്നാണ് ഈ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. സ്റ്റീവ് ജോബ്സും ടിം കുക്കും പടുത്തുയർത്തിയ അടിത്തറയിൽ നിന്നുകൊണ്ട്, മത്സരങ്ങൾ നിറഞ്ഞ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭാവിയിലേക്ക് കമ്പനിയെ നയിക്കാൻ ജോൺ ടെർനസിന് സാധിക്കുമോ എന്നാണ് ടെക് ലോകം കാത്തിരിക്കുന്നത്.
Adjust Story Font
16

