Quantcast

നിങ്ങളുടെ മുഖം ഉപയോഗിച്ച് ആരെങ്കിലും വ്യാജ വീഡിയോ ഉണ്ടാക്കിയോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി യൂട്യൂബ്

വീഡിയോ വ്യാജമാണെന്ന് ബോധ്യപ്പെട്ടാൽ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ ഉപയോക്താവിന് ആവശ്യപ്പെടാം

MediaOne Logo
നിങ്ങളുടെ മുഖം ഉപയോഗിച്ച് ആരെങ്കിലും വ്യാജ വീഡിയോ ഉണ്ടാക്കിയോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി യൂട്യൂബ്
X

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകൾക്കും ഡീപ്ഫേക്കുകൾക്കുമെതിരെ ശക്തമായ നടപടിയുമായി യൂട്യൂബ്.

18 വയസ്സിന് മുകളിലുള്ള എല്ലാ ഉപയോക്താക്കൾക്കുമായി 'എഐ ലൈക്നെസ് ഡിറ്റക്ഷൻ' (AI Likeness Detection) ഫീച്ചര്‍ യൂട്യൂബ് വ്യാപിപ്പിച്ചു. തങ്ങളുടെ പേരോ മുഖമോ ദുരുപയോഗം ചെയ്ത് ആരെങ്കിലും വ്യാജ വീഡിയോകൾ നിർമ്മിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇനി എല്ലാവര്‍ക്കും സാധിക്കും.

ഉപയോക്താക്കളുടെ 'സെൽഫി സ്റ്റൈൽ' ഫേസ് സ്കാൻ (ഫെയ്‌സ് ഐഡി പോലുള്ളവ) ഉപയോഗിച്ചാണ് എഐ ലൈക്നെസ് ഡിറ്റക്ഷൻ ഫീച്ചർ പ്രവർത്തിക്കുന്നത്. ഈ സ്കാൻ വിവരങ്ങൾ ഉപയോഗിച്ച് യൂട്യൂബിലെ കോടിക്കണക്കിന് വീഡിയോകളിൽ നിങ്ങളുടെ മുഖവുമായി സാദൃശ്യമുള്ളവ ഉണ്ടോ എന്ന് സിസ്റ്റം നിരന്തരം നിരീക്ഷിക്കും. നിങ്ങളുടെ മുഖവുമായി സാമ്യമുള്ള വീഡിയോ കണ്ടെത്തിയാൽ യൂട്യൂബ് ഉടൻ തന്നെ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും.

ഈ വീഡിയോ വ്യാജമാണെന്ന് ബോധ്യപ്പെട്ടാൽ അത് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ ഉപയോക്താവിന് നേരിട്ട് അപേക്ഷിക്കാം. നേരത്തെ പ്രമുഖ യൂട്യൂബ് ക്രിയേറ്റർമാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, സിനിമാ താരങ്ങൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ഫീച്ചറാണ് ഇപ്പോൾ 18 വയസ്സ് തികഞ്ഞ എല്ലാ ഉപയോക്താക്കൾക്കുമായി യൂട്യൂബ് തുറന്നുനൽകിയിരിക്കുന്നത്. ഇതിനായി നിങ്ങൾ ഒരു പ്രമുഖ ക്രിയേറ്റർ ആകണമെന്ന നിബന്ധനയില്ലെന്ന് യൂട്യൂബ് വക്താവ് ജാക്ക് മലോൻ വ്യക്തമാക്കി.

വീഡിയോകൾ നീക്കം ചെയ്യാനുള്ള അപേക്ഷകൾ യൂട്യൂബിന്റെ സ്വകാര്യതാ നയം അനുസരിച്ചായിരിക്കും വിലയിരുത്തുക. വീഡിയോ എഐ നിർമ്മിതമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ, വ്യക്തിയെ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും നടപടി. ഹാസ്യരൂപേണയോ പാരഡിയായോ ചെയ്യുന്ന വീഡിയോകൾക്ക് ഇതിൽ ഇളവുകൾ ലഭിച്ചേക്കാം. നിലവിൽ മുഖ സാദൃശ്യം കണ്ടെത്താൻ മാത്രമേ ഈ ടൂളിന് സാധിക്കൂ. ശബ്ദം തിരിച്ചറിയാനുള്ള ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

TAGS :
Next Story