എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് 600 ജീവനക്കാരെ പിരിച്ചുവിടുന്നു
ചിലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് സ്‌പേസ് എക്‌സിന്റെ പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.

ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 6000 ജീവനക്കാരുള്ള സ്‌പേസ് എക്‌സില്‍ നിന്നും പത്ത് ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് സ്‌പേസ് എക്‌സിന്റെ പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സമയബന്ധിതമായി സാക്ഷാത്കരിക്കുന്നതിന് സ്‌പേസ് എക്‌സ് കമ്പനിയുടെ വലിപ്പം കുറക്കേണ്ടതുണ്ട്. ബഹിരാകാശ യാനങ്ങളുടേയും ബഹിരാകാശത്തു നിന്നുള്ള ഇന്റര്‍നെറ്റിന്റേയും പദ്ധതികള്‍ വൈകാതെ നടപ്പിലാക്കേണ്ടതുണ്ട്. ഇത്തരം ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കമ്പനിയെ കടക്കെണിയിലാക്കാതിരിക്കാനാണ് നടപടി എന്നാണ് സ്‌പേസ് എക്‌സ് ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലുള്ളത്.
സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ലോഞ്ച് പ്രൊജക്ടില്‍ നിന്നും ഏഴ് സീനിയര്‍ മാനേജര്‍മാരെ ജൂണില്‍ എലോണ്‍ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഇക്കാര്യം നവംബറിലാണ് പുറത്ത് വന്നത്. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ നിര്‍മ്മാണം പ്രതീക്ഷിച്ച വേഗത്തില്‍ നടന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു മസ്‌കിന്റെ നടപടി. സാറ്റലൈറ്റുകള്‍ സ്ഥാപിച്ച് ലോകത്തെവിടെയും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. വണ്‍ വെബ്, കാനഡയിലെ ടെലിസാറ്റ് എന്നീ കമ്പനികളും ഇതേ ലക്ഷ്യത്തിനായി ശ്രമിക്കുന്നുണ്ട്.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സ്‌പേസ് എക്‌സ് 2022ല്‍ ചൊവ്വാ ദൗത്യം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ രണ്ടാംഘട്ടമായി 2024ല്‍ മനുഷ്യനെ ചൊവ്വയിലയക്കുമെന്നും സ്‌പേസ് എക്‌സ് അവകാശപ്പെടുന്നു. ആഢംബര വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്ന എലോണ്‍ മസ്‌കിന്റെ മറ്റൊരു കമ്പനി ടെസ്‌ലയിലും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ 9ശതമാനം ജീവനക്കാരെയാണ് ടെസ്#ല ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ചിലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ടെസ്ലയും പറഞ്ഞത്.
Adjust Story Font
16

