Quantcast

'ഡല്‍ഹി എനിക്ക് ഇഷ്ടമല്ലായിരുന്നു, പക്ഷേ...'; ആറ് മാസം മുമ്പ് നഷ്ടമായ ഐഫോണ്‍ തിരികെ കിട്ടിയ കഥ പറഞ്ഞ് ട്രാവല്‍ വ്ലോഗർ

ഒരുപക്ഷേ ഇനി ഡല്‍ഹിയെ ഞാന്‍ വെറുക്കില്ല. കാരണം, ഇത്രയും കാലം യഥാര്‍ഥ ഡല്‍ഹിയെ ആയിരിക്കില്ല ഞാന്‍ കണ്ടത് -കൃഷ് യാദവ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

MediaOne Logo
Travel vlogger shares how a stranger helped him recover lost iPhone
X

1. സന്ദീപ്, 2. കൃഷ് യാദവും സന്ദീപും (ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ നിന്ന്)

ന്തെങ്കിലുമൊക്കെ കാരണങ്ങളാല്‍ ചില സ്ഥലങ്ങള്‍ നമുക്ക് ഇഷ്ടമില്ലാത്തതാകും. ചിലപ്പോള്‍ എന്തെങ്കിലും മോശം അനുഭവത്താലാകാം. അല്ലെങ്കില്‍ ഒരു മുന്‍ധാരണയുടെ പുറത്താകാം. മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം. അങ്ങനെയുള്ള ഏതെങ്കിലും ഇഷ്ടമല്ലാത്ത നാടുകളും നഗരങ്ങളുമൊക്കെ പലര്‍ക്കും കാണും. എന്നാല്‍, ഒരു ചെറിയ നല്ല അനുഭവം മതി, ഒരു സ്ഥലത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളാകെ മാറാന്‍. പിന്നെ ചിലപ്പോള്‍ അത് നമ്മുടെ പ്രിയപ്പെട്ട സ്ഥലമായും മാറിയേക്കാം. തനിക്ക് ഇഷ്ടമല്ലാതിരുന്ന ഡല്‍ഹി നഗരം എങ്ങനെയാണ് ഇന്ന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിയതെന്ന് പറയുകയാണ് ട്രാവല്‍ വ്ലോഗറായ കൃഷ് യാദവ്. ഒരു ഐഫോണ്‍ നഷ്ടമായതിന്റെ കഥയാണ് കൃഷ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏറെ സന്തോഷത്തോടെയാണ് കൃഷ് ആദ്യമായി ഒരു ഐഫോണ്‍ വാങ്ങിയത്. ട്രാവല്‍ വ്ലോഗറായ കൃഷിന് ഐഫോണ്‍ ഏറെ ഉപകാരപ്രദമായിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ കഴിഞ്ഞ ആഗസ്റ്റില്‍ കൃഷിന്റെ ഐഫോണ്‍ മോഷ്ടിക്കപ്പെട്ടു. പിറന്നാള്‍ ആഘോഷത്തിന് രണ്ട് ദിവസം മുമ്പായിരുന്നു ഇത്. ഫോണിനായി ഒരുപാട് അന്വേഷിച്ചു, പരാതികള്‍ നല്‍കി, പലയിടത്തും തിരഞ്ഞു. ഒന്നും ഫലം കണ്ടില്ല. പൊലീസിന്റെ അന്വേഷണവും ട്രാക്കിങും ഒന്നും ഫലപ്രദമായില്ല. നിരാശയില്‍ ഫോണ്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷ തന്നെ ഉപേക്ഷിച്ചു.

സംഭവം നടന്ന് ആറുമാസം പിന്നിട്ടു. രണ്ട് ദിവസം മുമ്പ് കൃഷ് യാദവിന് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. ഡല്‍ഹിയിലെ കാരോള്‍ ബാഗില്‍ പിസ്സ കട നടത്തുന്ന സന്ദീപ് എന്നയാളായിരുന്നു വിളിച്ചത്. കൃഷിന്റെ ഐഫോണ്‍ തന്റെ കയ്യിലുണ്ടെന്നും ഡല്‍ഹിയില്‍ വന്നാല്‍ തരാമെന്നുമായിരുന്നു പറഞ്ഞത്. ഒരു റിക്ഷാ ഡ്രൈവര്‍ വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു ഐഫോണ്‍. ആരുടെയോ കളഞ്ഞുപോയ ഫോണ്‍ ആണെന്ന് മനസ്സിലാക്കിയ സന്ദീപ് ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.

കൃഷ് യാദവ് ഉടന്‍ കാരോള്‍ ബാഗില്‍ ചെന്ന് സന്ദീപിനെ കണ്ടു. സന്ദീപ് സന്തോഷത്തോടെ ഐഫോണ്‍ കൃഷിന് കൈമാറി. ആ ഒരൊറ്റ സംഭവത്തിലൂടെ തനിക്ക് ഡല്‍ഹിയെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിയെന്നാണ് കൃഷ് യാദവ് പറഞ്ഞത്. സന്ദീപിന് ഫോണ്‍ കയ്യില്‍ വെക്കാമായിരുന്നു. തന്നെ അറിയിക്കാതിരിക്കാമായിരുന്നു. എന്നിട്ടും ഒരു പരിചയവുമില്ലാത്ത തന്നെ കണ്ടെത്തി ഫോണ്‍ കൈമാറാനാണ് അദ്ദേഹം തയാറായത്. നേരത്തെ ഡല്‍ഹിയെ ഇഷ്ടമായിരുന്നില്ല. എപ്പോഴും തിരക്ക്, പൊടി, അന്തരീക്ഷ മലിനീകരണം, ബഹളം. ഇതൊക്കെ കാരണം ഡല്‍ഹിയെ ഞാന്‍ വെറുത്തു. എന്നാല്‍, ഈ ഒരൊറ്റ സംഭവത്തിലൂടെ എന്റെ കാഴ്ചപ്പാട് മാറി. ഇനി ഒരുപക്ഷേ ഡല്‍ഹിയെ ഞാന്‍ വെറുക്കില്ല. കാരണം, ഇത്രയും കാലം യഥാര്‍ഥ ഡല്‍ഹിയെ ആയിരിക്കില്ല ഞാന്‍ കണ്ടത് -കൃഷ് യാദവ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

TAGS :

Next Story