'ഹോര്‍മുസ് എത്രയും വേഗം തുറക്കുന്നതാണ് ഇറാന് നല്ലത്, കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും'; ഹോര്‍മുസില്‍ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്
ഹോർമുസിൽ ഇറാൻ പാകിയ മൈനുകൾ നീക്കം ചെയ്യുമെന്നും ട്രംപ്

- Updated:
2026-04-12 13:52:35.0

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കാന്‍ യുഎസ് നാവികസേന വഴിയൊരുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തി ഇറാന്‍ ലോകരാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും അത്തരം തിട്ടൂരങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്ക കീഴടങ്ങില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് തുക കൈമാറി ഹോര്‍മുസ് കടക്കുന്ന കപ്പലുകളുടെ വിവരം ശേഖരിക്കാന്‍ നാവികസേനക്ക് ട്രംപ് നിര്‍ദേശം നല്‍കി. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കരാറിലെത്താതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
'നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് ഇറാന്‍. ഇത്തരം തിട്ടൂരങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്ക കീഴടങ്ങില്ല. ഇറാന് നിയമവിരുദ്ധമായി കരം നല്‍കുന്ന ഒരു കപ്പലിനും അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ സുരക്ഷ ഉണ്ടായിരിക്കില്ല. ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഉപരോധം മറികടക്കാന്‍ യുഎസ് നാവികസേന വഴിയൊരുക്കും. ഹോര്‍മുസില്‍ ഇറാന്‍ പാകിയുള്ള മൈനുകള്‍ നീക്കം ചെയ്യും'. ട്രംപ് വ്യക്തമാക്കി.
'ഹോര്‍മുസില്‍ നിയമവിരുദ്ധ ഫീ ചുമത്താമെന്ന് ഇനിയും ഇറാന്‍ കരുതരുത്. ഇത് പിടിച്ചുപറിയുടെ സ്വഭാവമാണ്. ഇതിന് തടയിടുന്നതിനായി അമേരിക്കന്‍ സേന എന്തിനും സജ്ജമായിരിക്കുകയാണ്. ഉചിതമായ സമയത്ത് അവര്‍ പോരിനിറങ്ങും. ഇറാന്റെ അവശേഷിച്ച ശേഷിപ്പുകളെല്ലാം ഞങ്ങള്‍ നശിപ്പിക്കും. എതിര്‍ക്കാനാണ് ഇറാന്‍ സേനയുടെ ഭാവമെങ്കില്‍ തീ പടര്‍ത്തി നരഗത്തിലേക്ക് പറഞ്ഞയക്കും. അമേരിക്കന്‍ സേനക്കോ മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ക്കോ നേരെ ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകും'. ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമാബാദ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജെ.ഡി വാന്‍സും സംഘവും പങ്കുവെച്ചതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. പല കാര്യങ്ങളിലും ധാരണയിലെത്താന്‍ സാധിച്ചെങ്കിലും സുപ്രധാന ആണവ വിഷയങ്ങളില്‍ യോജിപ്പില്‍ എത്താന്‍ സാധിച്ചിക്കാത്തതിനാലാണ് ചർച്ച പരാജയമായതെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനെതിരായ സൈനികനീക്കത്തിന് എത്രയും വേഗം തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ ആര്‍മി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ലെബനാനില്‍ കനത്ത ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇറാന്‍ യുദ്ധം പുനരാരംഭിക്കാനുള്ള ഇസ്രായേല്‍ നീക്കം.
Adjust Story Font
16
