Quantcast

സ്വരുക്കൂട്ടിയ ചില്ലറയുമായി ഹിമാലയം കയറാൻ മോഹം, ട്രെക്കിങ്ങിനിടെ ഹിമപാതം; അഞ്ച് കൂട്ടുകാർ കാണാതായിട്ട് ഇന്നേക്ക് എട്ടാം നാൾ, പ്രാർത്ഥനയോടെ കുടുംബം

​ഗൈഡ് ഉൾപ്പെടെ ആകെ എട്ട് പേരാണ് ട്രക്കിങ്ങിന് പോയത്, ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെടുത്തത് ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2026-11-04 14:45:46

Published:

4 Nov 2026 8:13 PM IST

സ്വരുക്കൂട്ടിയ ചില്ലറയുമായി ഹിമാലയം കയറാൻ മോഹം, ട്രെക്കിങ്ങിനിടെ ഹിമപാതം; അഞ്ച് കൂട്ടുകാർ കാണാതായിട്ട് ഇന്നേക്ക് എട്ടാം നാൾ, പ്രാർത്ഥനയോടെ കുടുംബം
X

ഡെറാഡൂൺ: ജീവിതത്തിലെ ചെറിയ വരുമാനത്തിൽ നിന്ന് പണം സ്വരുക്കൂട്ടി, മാസങ്ങളായി തങ്ങൾ കണ്ട സ്വപ്നം, മലനിരകളോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മാത്രം ഉത്തരാഖണ്ഡ് ഹിമാലയത്തിലേക്ക് വണ്ടി കയറിയ ആ അഞ്ച് സുഹൃത്തുക്കളുടെ തിരിച്ചു വരവിനായുള്ള പ്രാർത്ഥനയിലാണ് കുടുംബങ്ങളും നാടും. കേദാർതാൽ ട്രെക്കിങ്ങിനിടയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ കാണാതായ പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ നിന്നുള്ള അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നനയിക്കുന്നത്.

റിന്‍റു മൊണ്ടോൾ (40), ഉദയ് ഘോഷ് (30), രതൻ ഘോഷ് (23), തപസ് ബൗരി (30), മനോജ് ഖവാസ് (39) എന്നിവരാണ് ഹിമാലയത്തിലേക്ക് യാത്ര തിരിച്ച ആ അഞ്ച് സുഹൃത്തുക്കൾ. തുഛമായ ശമ്പളത്തിന് ചെറിയ ജോലികൾ ചെയ്ത് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്ന ഇവർ, ഒഴിവുസമയങ്ങളിലെല്ലാം ഹിമാലയം കീഴടക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടുനടന്നവരായിരുന്നു. തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഇതിനായി മാത്രം മാറ്റിവെച്ചു. അങ്ങനെയാണ് ഒക്ടോബർ 24ന് ബാങ്കുരയിൽ നിന്ന് അവർ ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്.

ഒക്ടോബർ 26നാണ് സംഘത്തിലൊരാളായ റിന്‍റു മൊണ്ടോൾ അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ലഭിച്ച അവസാന അവസരത്തിൽ ഫോൺ കോളിൽ റിന്‍റു പറഞ്ഞതിങ്ങനെ, 'കേദാർതാൽ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടരുകയാണ്. ഇനി കുറച്ച് ദിവസത്തേക്ക് ഫോൺ വിളിച്ചാലും കിട്ടുകയില്ല. റേഞ്ച് ഇല്ലാത്ത മലനിരകളിലൂടെയായിരിക്കും യാത്ര. കഴിഞ്ഞിട്ട് വിളിക്കാം'. റിന്‍റു കുടുംബാംഗങ്ങളെ അറിയിച്ചു. മക്കളുടെയും ഭർത്താക്കന്മാരുടെയും തിരിച്ചുവരവിനായി കാത്തിരുന്ന ആ കുടുംബങ്ങൾക്ക് മുന്നിലേക്ക് പിന്നീട് എത്തിയത് ഹിമപാതത്തിന്റെ വാർത്തയായിരുന്നു. അന്ന് മുതൽ തങ്ങളുടെ പ്രിയപ്പട്ടവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കുടുംബം.

അപകടവിവരമറിഞ്ഞ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങും അടങ്ങിയ സംഘം അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് യാത്രികരുടെ ടെന്‍റുകളും ബാഗുകളും മറ്റ് വസ്തുക്കളും രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കനത്ത മഞ്ഞുവീഴ്ചയും തുടർച്ചയായ ഹിമപാതങ്ങളും രക്ഷാപ്രവർത്തകർക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ​ഗൈഡ് ഉൾപ്പെടെ ആകെ എട്ട് പേരാണ് ട്രക്കിങ്ങിന് പോയത്, ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെടുത്തത് ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങാണ് പുറത്തെടുത്തത്.

TAGS :

Next Story