Quantcast

'പുലർച്ചെ മൂന്ന് മണിക്കാണ് ന​ഗരത്തിലെത്തിയത്; ശരിക്കും പേടിച്ചു; എനിക്ക് തുണയായത് ഈ രണ്ട് അപരിചിതരാണ്, എല്ലാവരും ഒരുപോലെയല്ല': യുവതിയുടെ വീഡിയോ വൈറൽ

ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്

MediaOne Logo
പുലർച്ചെ മൂന്ന് മണിക്കാണ് ന​ഗരത്തിലെത്തിയത്; ശരിക്കും പേടിച്ചു; എനിക്ക് തുണയായത് ഈ രണ്ട് അപരിചിതരാണ്, എല്ലാവരും ഒരുപോലെയല്ല: യുവതിയുടെ വീഡിയോ വൈറൽ
X

രാത്രി ഏറെ വൈകി നഗരത്തിൽ ഒറ്റപ്പെട്ടുപോയ ഒരു യുവതി പങ്കുവച്ച ഹൃദയസ്പർശിയായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുറ്റുമുള്ള അപരിചിതമായ മുഖങ്ങളെയും തൻ്റെ ഉള്ളിലെ ഭയത്തെയും ഐശ്വര്യ എന്ന യുവതി തുറന്നെഴുതുന്നു.

പുലർച്ചെ മൂന്ന് മണിക്കാണ് ബെംഗളൂരു എയർപോർട്ടിൽ നിന്നും കടുഗോഡിയിലെ പിഎംടിസി ബസ് സ്റ്റാൻഡിലേക്ക് ഐശ്വര്യ എത്തിയത്. ബസ് സ്റ്റാൻഡിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അവരുടെ വീട്. വളരെ ചെറിയ ദൂരമായതിനാൽ തന്നെ ഊബറോ ഓട്ടോകളോ ബുക്ക് ചെയ്യാനും ലഭ്യമല്ല. എന്തുചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നതായും പിന്നീട് വീട്ടിലേക്ക് നടന്നു പോകുന്നതിനെ പറ്റിപോലും ചിന്തിച്ചുവെന്നും യുവതി കുറിപ്പിൽ പറയുന്നു.

എന്നാൽ, ആ നിമിഷം മനുഷ്യത്വത്തിന്റെ കിരണം തൻ്റെ നേർക്ക് നീണ്ടതായി യുവതി നന്ദിയോടെ ഓർക്കുന്നു. രണ്ട് അപരിചിതർ സഹായത്തിനെത്തി. അതിലൊരാൾ ഒരു ബസ് കണ്ടക്ടറായിരുന്നു. ടാക്സി ലഭിക്കുന്നതുവരെ ബസ് കണ്ടക്ടർ അവൾക്കൊപ്പം നിന്നു. ഒരു ഓട്ടോ ബുക്ക് ചെയ്യുന്നതുവരെ യുവതി സുരക്ഷിതയാണെന്ന് താൻ ഉറപ്പുവരുത്തുമെന്ന് അയാൾ ഉറപ്പ് നൽകിയതായും യുവതി പറഞ്ഞു. പിന്നീട് അതുവഴി കടന്നുപോയ ഒരു റാപ്പിഡോ ബൈക്ക് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ‌എത്ര രൂപയാകുമെന്ന് ചോദിച്ചപ്പോൾ 'അതൊന്നും സാരമില്ല, നിങ്ങൾ മാപ്പിൽ ലൊക്കേഷൻ കാണിക്കൂ' എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അവർ കുറിപ്പിൽ പറഞ്ഞു. വീട്ടിൽ ഇറക്കിവിടാമെന്ന് പറഞ്ഞ അദ്ദേഹം സുരക്ഷിതമായി എത്തിച്ചതായും യുവതി പറയുന്നു.

"സാരമില്ല. അതിരാവിലെ റോഡിൽ നിൽക്കുമ്പോൾ നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്" എന്നായിരുന്നു പണത്തെ കുറിച്ചു ചോദിക്കുമ്പോഴുള്ള റാപ്പിഡോ ഡ്രൈവറുടെ മറുപടി. എല്ലാവരും ഒരുപോലെയല്ലെന്ന് എഴുതിയുകൊണ്ടാണ് യുവതി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ablahh.nari എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം കണ്ടു.

TAGS :

Next Story