സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; ഇന്ത്യൻ നഴ്സിന് നഷ്‌ടപരിഹാരം അനുവദിച്ച് കോടതി
ആൻ്റിയെന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ തുടർന്നതായും പരാതിയിൽ

- Updated:
2026-04-11 13:55:29.0

വാഷിങ്ടൺ: ഒരു വാക്കിൽ എന്താണ് ഉള്ളതെന്ന ചോദ്യത്തിന് 1.76 ലക്ഷം രൂപയുടെ വിലയുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. അതും വെറുമൊരു വാക്കല്ല, നമ്മൾ പലരും മുതിർന്ന സ്ത്രീകളെ വിളിക്കാൻ ഉപയോഗിക്കുന്ന "ആന്റി" എന്ന വാക്കാണ് യുവാവിന് പണി കൊടുത്തത്. സഹപ്രവർത്തകൻ ആൻ്റിയെന്ന് വിളിച്ചതിന് പരാതി നൽകിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ നഴ്സിന് നഷ്‌ടപരിഹാരം അനുവദിച്ച് കോടതി. ഘാന വംശജനായ സഹപ്രവർത്തകൻ ആൻ്റി എന്ന് വിളിച്ചെന്നാണ് യുവതിയുടെ പരാതി. ഇൽഡ എസ്റ്റീവ്സ് (61) നൽകിയ പരാതിയിലാണ് നടപടി.
വാട്ട്ഫോർഡ് എംപ്ലോയ്‌മെൻ്റ് ട്രൈബ്യൂണലിലെ ജഡ്ജിയായ ജോർജ് അല്യോട്ട്, പ്രായവും ലിംഗവും അടിസ്ഥാനമാക്കി ഇൽഡ എസ്റ്റേവസിനെ പ്രതി മാനസികമായി ഉപദ്രവിച്ചതായി കണ്ടെത്തുകയായിരുന്നു. ലണ്ടൻ എൻഎച്ച്എസ് 1,425.15 പൗണ്ട് (1.76 ലക്ഷം രൂപ) നൽകാനാണ് ട്രൈബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്.
വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ തുടർന്നതായും പരാതിയിൽ പറയുന്നു. 2023 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്റ്റാഫ് നഴ്‌സ് ചാൾസ് ഓപ്പോങ് പലതവണ ആൻ്റിയെന്ന് വിളിച്ചതായി എസ്റ്റീവ്സ് ട്രൈബ്യൂണലിനോട് പറഞ്ഞു. പേര് വിളിക്കാൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ല.
എന്നാൽ, ഘാന സംസ്കാരത്തിൽ ആന്റി എന്നത് ബഹുമാന്യമായ ഒരു പദമാണെന്ന് ട്രൈബ്യൂണൽ അംഗീകരിച്ചു. പക്ഷെ വിളി ഇഷ്ടപ്പെടാത്ത ആൾക്ക് അത് അരോചകമായി മാറുകയും ജോലിസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തുവെന്ന് ജഡ്ജിമാർ പറഞ്ഞു.
സ്റ്റാഫ് നേഴ്‌സായ ചാൾസ് ഓപ്പോങ്ങ് വാർഡിലെ ടീമുകളെ നയിക്കാൻ ഉത്തരവാദിയായിരുന്നു. അതിനാൽ അത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. തമാശയായി ഉദ്ദേശിച്ചുള്ളതാണെങ്കിലും ആ പരാമർശങ്ങൾ ദോഷം വരുത്തിവെച്ചിരിക്കാമെന്നും കോടതി നിഗമനം.
വംശീയ വിവേചനം, വേതന പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അവരുടെ മറ്റ് ചില അവകാശവാദങ്ങൾ നിരസിച്ച കോടതി കേസ് സ്വകാര്യമായി സൂക്ഷിക്കണമെന്ന അഭ്യർത്ഥനയും നിരസിച്ചു.
Adjust Story Font
16
