Quantcast

'എൻ്റെ കയ്യിൽ നിന്ന് സുഹൃത്ത് 5 ലക്ഷം രൂപ കടം വാങ്ങി; തിരികെ ചോദിച്ചപ്പോൾ കേസ് കൊടുക്കാൻ പറഞ്ഞു'; വൈറലായി അഭിഭാഷകയുടെ പ്രതികരണം

കേസുകൊടുക്കുന്നതിലെ സാധ്യതയും യുവതി പറയുന്നു

MediaOne Logo
എൻ്റെ കയ്യിൽ നിന്ന് സുഹൃത്ത് 5 ലക്ഷം രൂപ കടം വാങ്ങി; തിരികെ ചോദിച്ചപ്പോൾ  കേസ് കൊടുക്കാൻ പറഞ്ഞു; വൈറലായി അഭിഭാഷകയുടെ പ്രതികരണം
X

ഒരു സുഹൃത്തിന് പണം കടം നൽകുമ്പോൾ, അവർക്ക് കഴിയുമ്പോൾ തിരികെ നൽകും എന്ന ലളിതമായ പ്രതീക്ഷയാണ് എല്ലാവർക്കും സാധാരണയായി ഉണ്ടാകാറുള്ളത്. എന്നാൽ, ആ പണം തിരികെ വരാതിരിക്കുകയും, സുഹൃത്ത് അത് തരാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക?. സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്ന ബെംഗളൂരു സ്വദേശിയായ അഭിഭാഷക പങ്കുവെച്ച വീഡിയേയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

അഞ്ച് ലക്ഷം രൂപ കടം തരാനുള്ള സുഹൃത്തിനെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല എന്ന് വെളിപ്പെടുത്തിയ അഭിഭാഷകയായ ജോഷിബ ദേവിന്റെ തീരുമാനമാണ് ഇപ്പോൾ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു നിയമവിദഗ്ദ്ധയായിരുന്നിട്ടും, കേസ് ഫയൽ ചെയ്താൽ ആ നടപടികൾ വർഷങ്ങളോളം നീണ്ടുനിന്നേക്കാം എന്നതിനാലും, പണം തിരികെ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാലും കേസ് വേണ്ടെന്ന് വെക്കാൻ താൻ തീരുമാനിക്കുകയായിരുന്നു എന്ന് ജോഷിബ പറഞ്ഞു.

നിയമനടപടിയെക്കുറിച്ച് താൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ അതിനായി എടുക്കേണ്ടി വരുന്ന പ്രയത്നം വിചാരിച്ച ഫലം നൽകാൻ സാധ്യതയില്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു എന്നും ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ജോഷിബ വിശദീകരിച്ചു.

പണം തിരികെ ചോദിച്ചപ്പോൾ, സുഹൃത്ത് അത് തരാൻ വിസമ്മതിക്കുകയും കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയുമാണുണ്ടായതെന്ന് ജോഷിബ പറഞ്ഞു. “എനിക്ക് അഞ്ച് ലക്ഷം രൂപ തരാനുള്ള ഒരു സുഹൃത്ത് എന്റെ മുഖത്ത് നോക്കി പറഞ്ഞു, 'പോയി കേസ് ഫയൽ ചെയ്യ്, കോടതിയിൽ പോകൂ, ഞാൻ നിന്റെ പണം തിരികെ തരാൻ പോകുന്നില്ല' എന്ന്,” അവർ പറഞ്ഞു.

സുഹൃത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടാകാമെന്ന് തനിക്ക് മനസിലാകുമെന്നും, തനിക്കും സ്വന്തം ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും തന്റെ പണമാണ് താൻ ചോദിച്ചതെന്നും അവർ പറഞ്ഞു. “അവൻ ഒരുപക്ഷേ വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത് കൊണ്ടാകാം അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലാകും, പക്ഷേ ഞാനും കഠിനമായ സാഹചര്യത്തിലാണ്, എന്റെ സ്വന്തം പണമാണ് ചോദിക്കുന്നത്,” അവർ വ്യക്തമാക്കി.

നിയമസംവിധാനത്തെക്കുറിച്ചുള്ള തന്റെ അറിവ്, ഈ വിഷയവുമായി മുന്നോട്ട് പോകുന്നതിന് മുൻപ് കാര്യമായി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് ജോഷിബ പറഞ്ഞു. അനുകൂലമായ ഒരു വിധിന്യായം ലഭിച്ചാൽ പോലും പണം ഉടൻ തന്നെ തിരികെ കിട്ടിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ലെന്ന് അവർ വിശദീകരിച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം കേസ് ഫയൽ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

നിയമപരമായി കേസുകൾ തീർപ്പാകാൻ വർഷങ്ങളടുത്തേക്കാം. ആ സമയമത്രയും തന്റെ സുഹൃത്തിന്റെ സാമ്പത്തികാവസ്ഥ ഇതുപോലെ തന്നെ തുടർന്നാൽ എന്ത് സംഭവിക്കുമെന്നും അവർ ഉന്നയിച്ചു. “മൂന്നാം വർഷത്തിന്റെ അവസാനത്തിൽ എനിക്ക് അനുകൂലമായി വിധി വരികയും അവൻ എനിക്ക് പണം തരണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു എന്ന് വിചാരിക്കുക, എന്നാൽ അപ്പോഴും അവന്റെ അവസ്ഥ ഇതുതന്നെയാണെങ്കിലോ? അവൻ അപ്പോഴും പാപ്പരായി തുടരുകയാണെങ്കിലോ? അവന്റെ അവസ്ഥയിൽ യാതൊരു പുരോഗതിയും ഉണ്ടാകാതെ കടക്കെണിയിലാണെന്ന് കാണിച്ച് അപേക്ഷ നൽകിയാലോ?” പണം തിരികെ നൽകാനുള്ള സാമ്പത്തിക ശേഷി ആ വ്യക്തിക്ക് ഇല്ലെങ്കിൽ കോടതി ഉത്തരവ് കൊണ്ട് മാത്രം കാര്യമുണ്ടായേക്കില്ലെന്നും അവർ പറഞ്ഞു.

ഒരാളുടെ പണം തിരികെ നൽകാനായി ഒരാളെ അത്രത്തോളം സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ല. ഒരാളുടെ സാമ്പത്തിക സ്ഥിതി തെളിയിക്കുന്നതിനുള്ള തെളിവുകൾ കണ്ടെത്തുന്നത് മറ്റൊരു വെല്ലുവിളിയായി മാറിയേക്കാമെന്നും അവർ വിശദീകരിച്ചു.

“അവന് ഇന്ന ഇന്ന നിക്ഷേപങ്ങളുണ്ടെന്നോ, ഇവിടെയൊക്കെ വീടുകളുണ്ടെന്നോ, അവൻ വിനോദയാത്രകൾ പോകാറുണ്ടെന്നോ ഒക്കെ തെളിയിക്കേണ്ട ബാധ്യത എനിക്കായിരിക്കും. ആ വിവരങ്ങൾ ഞാൻ എങ്ങനെ ശേഖരിക്കും? ഇത്തരം വിവരങ്ങൾ സംഘടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,” അവർ പറഞ്ഞു.

ഇതിൽ ഉൾപ്പെട്ടിരിക്കുന്ന തുക, ഇത്രയും വലിയൊരു നിയമനടപടിക്ക് അർഹമാണോ എന്നും താൻ ചിന്തിച്ചിരുന്നതായി ജോഷിബ പറഞ്ഞു. ഇതിലും വലിയൊരു സാമ്പത്തിക തർക്കമായിരുന്നെങ്കിൽ കോടതിയെ സമീപിക്കുന്നത് യുക്തിസഹമാകുമായിരുന്നു. ഈ സംഭവത്തെ ഒരു പാഠമായി ഉൾക്കൊള്ളുമെന്നും ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 4.9 കോടി കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഈയൊരു തുകയ്ക്ക് വേണ്ടി പോരാടുന്നത് ലാഭകരമല്ല. കർമ്മ ഫലം പ്രവർത്തിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ല, എങ്കിലും താൻ ഇത് ഇവിടെ വിടുന്നുവെന്നും അവർ പറഞ്ഞു.

ഈ വീഡിയോ ഓൺലൈനിൽ പങ്കുവെക്കപ്പെട്ടതിന് പിന്നാലെ, ജോഷിബയുടേത് ശരിയായ തീരുമാനമായിരുന്നോ എന്നതിനെച്ചൊല്ലി നിരവധി ഉപയോക്താക്കൾ ചർച്ചകൾ തുടങ്ങി. ചിലർ അവരുടെ നിലപാടിനെ പിന്തുണച്ചപ്പോൾ, മറ്റുചിലർ ആ സൗഹൃദത്തെ ഇത് ഇതിനകം തന്നെ ബാധിച്ചതായി വിലയിരുത്തി. ഈ വിഷയത്തിൽ കൂടുതൽ ശക്തമായ നടപടി ആവശ്യമായിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ടായിരുന്നു.

TAGS :

Next Story